രണ്ടാമത്തെ ഥാറും സ്വന്തമാക്കി നടന്‍മാരിലെ 'വണ്ടിപ്രാന്തന്‍'! മഹീന്ദ്രക്ക് ഇതിലും വലിയ പരസ്യം വേറെ വേണോ?
ബോളിവുഡിലെ ഏറ്റവും പേരുകേട്ട വണ്ടിപ്രാന്തന്‍മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. ബൈക്കുകളോടും കാറുകളാടും പ്രത്യേക അഭിനിവേശം കാത്തുസൂക്ഷിക്കുന്ന പാതി മലയാളി കൂടിയായ ജോണിന് തന്റെ ലുക്കിന് യോജിക്കുന്ന എസ്‌യുവികളോട് പ്രത്യേക താല്‍പര്യമുണ്ട്. മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ കസ്റ്റം ബില്‍ഡ് പതിപ്പ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ സ്വന്തമായുള്ള താരം ഒരു വര്‍ഷത്തിലേറെയായി ഥാര്‍ ബ്രാന്‍ഡിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2024-ല്‍ റോക്‌സിന്റെ ലോഞ്ച് ഇവന്റില്‍ പങ്കെടുത്ത താരം പിന്നീട് ഥാര്‍ എസ്‌യുവിയുമായി ബന്ധപ്പെട്ട നിരവധി ക്യാമ്പയിനുകളുടെ ഭാഗമായി. ഈ വര്‍ഷം മാര്‍ച്ചിലാണ് കറുപ്പ് നിറത്തിലുള്ള കസ്റ്റം ഥാര്‍ റോക്‌സ് ജോണിന്റെ കൈയ്യിലെത്തിയത്.
റോക്‌സിന്റെ അകത്തും പുറത്തുമായി 'ജോണ്‍ എബ്രഹാം സ്‌പെഷ്യല്‍സ്' ഒരുക്കിയരുന്നു. ഫെന്‍ഡര്‍, സി-പില്ലര്‍ എന്നിവിടങ്ങളില്‍ ജോണ്‍ എബ്രഹാം എന്ന് സൂചിപ്പിക്കുന്ന JA ബാഡ്ജുകള്‍ നല്‍കിയിരുന്നു. സീറ്റ് ഹെഡ്‌റെസ്റ്റുകളിലും ഇത് എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ഡാഷ്ബോര്‍ഡ് കസ്റ്റമൈസ് ചെയ്തതിനൊപ്പം മിക്ക ക്രോം ഘടകങ്ങളും ബ്ലാക്ക് ഔട്ട് ചെയ്തിട്ടുണ്ട്.

തന്റെ ഇഷ്ട നിറം ബ്ലാക്ക് ആണെന്ന് ജോണ്‍ തുറന്ന് സമ്മതിച്ചതിന് അനുസൃതമായാണ് റോക്‌സിലെ ക്രോം ഘടകങ്ങള്‍ ബ്ലാക്ക് ഔട്ട് ചെയ്തത. മോക്ക ബ്രൗണ്‍ ഇന്റീരിയര്‍ കളര്‍ സ്‌കീമോട് കൂടിയ ഒരു റേഞ്ച്-ടോപ്പിംഗ് ഡീസല്‍ 4x4 വേരിയന്റാണ് ജോണ്‍ സ്വന്തമാക്കിയത്. 4x4 വേരിയന്റുകള്‍ക്കായി മാത്രമായി കഴിഞ്ഞ ഒക്‌ടോബറില്‍ അവതരിപ്പിച്ച മോക്ക ബ്രൗണ്‍ ഇന്റീരിയറുമായി വരുന്ന യൂണിറ്റുകളുടെ വിതരണം ഈ വര്‍ഷം ജനുവരി അവസാനത്തോടെയാണ് ആരംഭിച്ചത്.
ഥാര്‍ റോക്‌സ് ജോണിന് നന്നായി ബോധിച്ചതിനാലാകണം അദ്ദേഹത്തെ നിരവധി തവണ ഈ കാറില്‍ കാണപ്പെട്ടു. ഇപ്പോള്‍ തന്റെ ഗരാജിലേക്ക് രണ്ടാമത്തെ ഥാറും എത്തിച്ചിരിക്കുകയാണ് താരം. എന്നാല്‍ ഇത്തവണ വെള്ള നിറത്തിലുള്ള ത്രീ-ഡോര്‍ ഥാറായിരുന്നു നടന്റെ ചോയ്‌സ്. ഈ രണ്ട് എസ്യുവികള്‍ക്കൊപ്പമുള്ള ഒരു വീഡിയോ ജോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ജോണ്‍ എബ്രഹാം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ കറുപ്പ് നിറത്തിലുള്ള കസ്റ്റം റോക്‌സിനും പുതുതായി വാങ്ങിയ വെള്ള 3-ഡോര്‍ ഥാറിനും ഒപ്പമാണ് പ്രത്യക്ഷപ്പെടുന്നത്. 'എന്റെ വളരെ പ്രിയപ്പെട്ട രണ്ട് കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു - ഒരു 5-ഡോറും ഒരു 3-ഡോറും. ഒരു കറുപ്പും ഒരു വെളുപ്പും...' അദ്ദേഹം വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് രണ്ട് എസ്‌യുവികളെയും വീഡിയോയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്.
പുതിയ 3-ഡോര്‍ ഥാറിന്റെ വേരിയന്റ് വിവരങ്ങള്‍ വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, ഇത് ടോപ് സ്‌പെക് ഡീസല്‍ മോഡലാകാനാണ് സാധ്യത. ഇതിന്റെ ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, കരുത്തുറ്റ 18 ഇഞ്ച് അലോയ് വീലുകള്‍, ബോഡി കളര്‍ ഗ്രില്‍ എന്നിവയും കാണാം. നാല് മണിക്കൂറിനുള്ളില്‍ 8.12 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ മഹീന്ദ്ര ഥാര്‍ 3-ഡോര്‍ അപ്‌ഡേറ്റുകളോടെ വിപണിയില്‍ എത്തിച്ചിരുന്നു. സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളുമാണ് അപ്‌ഡേറ്റിന്റെ ഭാഗമായി ലഭിച്ചത്. ബോഡി-കളര്‍ ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങള്‍ എന്നിവയാണ് ഡിസൈന്‍ തലത്തിലെ മാറ്റങ്ങള്‍.
അകത്ത്, 3-ഡോര്‍ ഥാറിന് നവീകരിച്ച ഡാഷ്ബോര്‍ഡ് തീമും പുതിയ സ്റ്റിയറിംഗ് വീല്‍ ഡിസൈനും ലഭിച്ചു. റിയര്‍ എസി വെന്റുകള്‍, മുന്‍ഭാഗത്തെ യാത്രക്കാര്‍ക്കായി പ്രത്യേക ആംറെസ്റ്റുകള്‍, എ-പില്ലറില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡില്‍, റിയര്‍ വൈപ്പര്‍ വാഷര്‍, റിയര്‍വ്യൂ ക്യാമറ, പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ വിന്‍ഡോ കണ്‍ട്രോളുകള്‍ ഇപ്പോള്‍ ഡോറുകളിലും, ഫ്യുവല്‍ ലിഡ് ഡ്രൈവറുടെ സീറ്റില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. പഴയ മോഡലിലെ അതേ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ (D117 CRDe), 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ (mHawk), 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. ചെറിയ ഡീസല്‍ എഞ്ചിന്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) സജ്ജീകരണത്തോടെയാണ് വരുന്നത്. മറ്റെല്ലാ എഞ്ചിനുകളും 4x4 വേരിയന്റുകളാണ്.
ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി മഹീന്ദ്ര പുതിയ ഥാറിന് ഇലക്ട്രോണിക് ഫ്രണ്ട് ആക്‌സില്‍ ഡിസ്‌കണക്റ്റ് ഫീച്ചറും നല്‍കിയിട്ടുണ്ട്. 3-ഡോര്‍ ഥാര്‍ ഇപ്പോള്‍ ഒരു ഹാര്‍ഡ്-ടോപ്പില്‍ മാത്രമാണ് വരുന്നത്. നിലവില്‍ 9.99 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ 3-ഡോര്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








