ഭാര്യയേക്കാള്‍ 5 വയസിന് ഇളയതാണെങ്കിലും ആള് പുലിയാ..! പട്ടൗഡി കുടുംബത്തിലെ മരുമകന്റെ പുതിയ ആഡംബര എസ്‌യുവി കണ്ടോ
ബാലതാരമായി അരങ്ങേറി ബോളിവുഡില്‍ നടനായും സംവിധായകനായും നിറഞ്ഞു നില്‍ക്കുകയാണ് കുനാല്‍ ഖേമു (Kunal Khemu). മികച്ച കോമഡി ടൈമിംഗിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുന്ന കുനാല്‍ ഖേമു ബോളിവുഡിലെ അണ്ടര്‍ റേറ്റഡ് നടന്‍മാരില്‍ ഒരാളാണെന്നും വേണമെങ്കില്‍ പറയാം. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ കുനാല്‍ 'ഗോല്‍മാല്‍' ഫ്രാഞ്ചൈസി, 'ഗോ ഗോവ ഗോണ്‍', 'ലൂട്ട്‌കേസ്', 'അഭയ്' പോലുള്ള ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് പ്രശസ്തനായത്. സ്റ്റാര്‍ ഇമേജിനേക്കാള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് കുനാല്‍. അടുത്തിടെ 'മാഡ്ഗാവ് എക്‌സ്പ്രസ്' എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ കുനാലിനെ തേടി IIFA-യുടെ അംഗീകാരവുമെത്തി.
നടന്‍ രവി ഖേമുവിന്റെ മകനായ കുനാല്‍ നടന്‍ സെയ്ഫ് അലി ഖാന്റെ ഇളയ സഹോദരിയായ സോഹ അലി ഖാനെയാണ് ജീവിതസഖിയാക്കിയത്. ഭാര്യ സോഹ അലി ഖാനെക്കാള്‍ അഞ്ച് വയസിന് ഇളയതാണ് കുനാല്‍. 2009 ല്‍ ധൂണ്ട്‌തേ രേഹ് ജാവോഗെ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയം മൊട്ടിട്ടത്. 2025-ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകളുണ്ട്. സിനിമ, എഴുത്ത്, ഫിറ്റ്‌നെസ് എന്നിവയുടെ കൂടെ കുനാലിന് വാഹനങ്ങളും ഏറെ ഇഷ്ടമാണ്.

ഇപ്പോള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി ഒരു പുത്തന്‍ ആഡംബര എസ്‌യുവി ചേര്‍ത്ത് തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു (BMW) നിരയിലെ ഏറ്റവും വലിയ എസ്‌യുവിയായ X7)ആണ് താരം സ്വന്തമാക്കിയത്. മുംബൈയിലെ ബിഎംഡബ്ല്യു ഇന്‍ഫിനിറ്റി കാര്‍സ് ഡീലര്‍ഷിപ്പില്‍ നിന്നും വാഹനം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് X7. ആഡംബരവും കരുത്തും സമന്വയിക്കുന്ന ഈ വാഹനം സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ടാന്‍സനൈറ്റ് ബ്ലൂ (Tanzanite Blue) എന്ന ആകര്‍ഷകമായ കളര്‍ ഓപ്ഷനാണ് കുനാല്‍ ഖേമു തന്റെ പുതിയ കാറിനായി തെരഞ്ഞെടുത്തത്. വാഹനങ്ങളോടുള്ള തന്റെ പ്രിയം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള താരമാണ് കുനാല്‍ ഖേമു.
ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഫോര്‍ഡ് എന്‍ഡവര്‍, എംജി ആസ്റ്റര്‍ തുടങ്ങിയ വാഹനങ്ങള്‍ താരത്തിന് സ്വന്തമായുണ്ട്. ഇതിനു പുറമെ ബിഎംഡബ്ല്യു R 1250 GS പ്രീമിയം ബൈക്കും അടുത്തിടെ സ്വന്തമാക്കിയ ബിഎംഡബ്ല്യുവിന്റെ തന്നെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായ CE02 എന്നിവ ഗരാജിന് വൈവിധ്യം പകരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ അനുയോജ്യമായ ബിഎംഡബ്ല്യു X7 കൂടി തന്റെ ഗരാജിലെത്തിച്ചിരിക്കുകയാണ് കുനാല്‍.
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവി മോഡലായ X7 ആഡംബരത്തിനൊപ്പം അത്യാധുനിക സാങ്കേതിക വിദ്യകളും കോര്‍ത്തിണക്കിയാണ് വരുന്നത്. 6-സീറ്റര്‍ അല്ലെങ്കില്‍ 7-സീറ്റര്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, രണ്ട് കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളിലാണ് X7 വരുന്നത്. 381 hp പവറും 520 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്.

രണ്ടാമത്തേത് 340 hp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. ബിഎംഡബ്ല്യുവിന്റെ xDrive ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. വലിയ എസ്‌യുവിയാണെങ്കിലും വെറും 5.8 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു X7-ന് സാധിക്കും.
അകത്തേക്ക് കയറിയാല്‍ ആഡംബരത്തിന്റെ മറ്റൊരു ലോകമാണ് ബിഎംഡബ്ല്യു X7 ഒരുക്കിയിരിക്കുന്നത്. അകത്തളത്തില്‍ ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്പ്ലേ, മെറിനോ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഹാര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 5-സോണ്‍ ഓട്ടോമാറ്റിക് എസി, ജെസ്റ്റര്‍ കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളും യാത്രാസുഖം നല്‍കുന്നതിനായി കാറില്‍ നല്‍കിയിരിക്കുന്നു.

നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും ഫീച്ചര്‍ സമ്പന്നമായ ആഡംബര എസ്‌യുവികളില്‍ ഒന്നാണ് ബിഎംഡബ്ല്യു X7. സുരക്ഷയുടെ കാര്യത്തിലും ബിഎംഡബ്ല്യു X7 വിട്ടുവീഴ്ച ചെയ്യുന്നില്ല. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് അസിസ്റ്റന്റ് പ്രൊഫഷണല്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതിലുണ്ട്.
ആഡംബര എസ്‌യുവി വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് GLS ആണ് X7-ന്റെ പ്രധാന എതിരാളി. വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 1.49 കോടി രൂപ മുതല്‍ 1.57 കോടി രൂപ വരെയാണ് മുംബൈയിലെ X7 എസ്‌യുവിയുടെ ഓണ്‍റോഡ് വില. കുനാല്‍ ഖേമുവിനെ കൂടാതെ സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ നേരത്തെ ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. നടിമാരായ യാമി ഗൗതം, ദിവ്യങ്ക ത്രിപാഠി തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








