അവസാന ചിത്രം വാരിയത് 60 കോടി! ഇപ്പോള്‍ ഈ നടന് വേണ്ടി മാത്രമായി ബൈക്ക് നിര്‍മിച്ച് യെസ്ഡി
പ്രേക്ഷക, നിരൂപക പ്രശംസ ഒരേസമയം നേടിയ ഒരുപിടി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലെ നിലവിലെ തലമുറയിലെ ഏറ്റവും കഴിവുന്ന അഭിനേതാക്കളില്‍ ഒരാളായി പേരെടുത്ത താരമാണ് രാജ്കുമാര്‍ റാവു (Rajkummar Rao). 2010-ല്‍ ആന്തോളജി ചിത്രമായ ലവ് സെക്‌സ് ഓര്‍ ധോക എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരം പിന്നീട് സഹനടന്റെ വേഷത്തില്‍ തിളങ്ങി. 2013-ല്‍ പുറത്തിറങ്ങിയ കായ്് പോ ചെ, ഷാഹിദ് എന്നീ സിനിമകളാണ് കരിയറില്‍ ബ്രേക്ക് നല്‍കിയത്. ഷാഹിദിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും രാജ്കുമാറിനെ തേടിയെത്തി.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ രാജ്കുമാര്‍ റാവു 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' (Guns and Gulaabs) എന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിച്ചിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ 'ശ്രീകാന്ത്' (srikanth) എന്ന ചിത്രത്തിലൂടെ വീണ്ടും രാജ്കുമാര്‍ റാവു ഹിറ്റടിച്ചിരിക്കുകയാണ്. കരിയറിലെ ഏറ്റവും വലിയ വിജയമായ ഹൊറര്‍ കോമഡി ചിത്രം 'സ്ത്രീ'യുടെ രണ്ടാം ഭാഗവും റിലീസിനെത്താന്‍ പോകുകയാണ്.

ഈ സന്തോഷങ്ങള്‍ക്കിടെ ഇപ്പോള്‍ ജാവ-യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് (Jawa-Yezdi Motorcycles) രാജ്കുമാര്‍ റാവുവിന് കസ്റ്റം ഡിസൈന്‍ യെസ്ഡി റോഡ്സ്റ്റര്‍ സമ്മാനിച്ചിരിക്കുകയാണ്. റാവുവിന്റെ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' എന്ന ചിത്രത്തിനും ആദരസൂചകമായി പിന്‍വശത്തെ മഡ്ഗാര്‍ഡിലും റോഡ്സ്റ്റര്‍ ബാഡ്ജ് സാധാരണയായി കാണപ്പെടുന്ന സൈഡ് പാനലിലും ചിത്രത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ സ്‌പെഷ്യല്‍ റോഡ്സ്റ്റര്‍ ഒരു ഡ്യുവല്‍-ടോണ്‍ ഫിനിഷിലാണ് വരുന്നത്.
ചോപ്പ്ഡ് സബ്‌ഫ്രെയിം ഉള്‍പ്പെടെ ബോബര്‍ അപ്പീലിനായി നിരവധി പരിഷ്‌കാരങ്ങളും ബൈക്കില്‍ നടപ്പാക്കിയിട്ടുണ്ട്. ബ്രൗണ്‍-ക്രോം ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് റാവുവിന്റെ റോഡ്‌സ്റ്റര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫ്യുവല്‍ ടാങ്കും ഹെഡ്ലൈറ്റ് റിംഗും ക്രോം ആക്‌സന്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എഞ്ചിന്‍, എക്സ്ഹോസ്റ്റ്, ഫ്രെയിമുകള്‍ എന്നിവ കറുപ്പില്‍ കൂടി പൂര്‍ത്തിയാക്കിയതോടെ ബൈക്കിന്റെ ആകര്‍ഷണീയത വര്‍ധിക്കുന്നു.

നടന് വേണ്ടി മാത്രമായി നിര്‍മ്മിച്ച ഈ മോഡല്‍ നമുക്ക് നിരത്തുകളില്‍ കാണാന്‍ സാധിക്കില്ല. നടനുള്ള അപൂര്‍വ സമ്പത്തായി മാറിയിരിക്കുകയാണ് ഈ ബൈക്ക്. ഇതിന് പുറമെ 80 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി Q7, 37 ലക്ഷം രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് CLA 200, മെര്‍സിഡീസ് ബെന്‍സ് GLS എന്നിവ ഉള്‍പ്പെടുന്ന ആഡംബര കാറുകളുടെ ശേഖരം കൂടാതെ 1000cc+ ഹാര്‍ലി-ഡേവിഡ്സണ്‍ ഫാറ്റ് ബോബ് മോട്ടോര്‍സൈക്കിളും അദ്ദേഹത്തിനുണ്ട്.
രാജ്കുമാര്‍ റാവുവിന് യെസ്ഡി നല്‍കിയ റോഡ്‌സ്റ്ററിന് കാഴ്ചയില്‍ മാറ്റമുണ്ടെങ്കിലും മെക്കാനിക്കലായി സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്. 28 bhp പവും 29.4 Nmടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്ററിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 194 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 175 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. സീറ്റ് ഉയരം 790 mm ആണ്. ഫ്യൂവല്‍ ടാങ്ക് ശേഷി 12.4 ലിറ്ററാണ്.

ഫോര്‍വേഡ് സെറ്റ് ഫൂട്ട് പെഗുകള്‍, ഉയരം കൂടിയ ഹാന്‍ഡില്‍ബാര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ വ്യൂ മിററുകള്‍ എന്നിവയുള്‍പ്പെടെയുള്ള എര്‍ഗണോമിക് മാറ്റങ്ങള്‍ക്കൊപ്പം യെസ്ഡി റോഡ്സ്റ്ററിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശ്രദ്ധേയമായ ഒരു അപ്‌ഡേറ്റ് ലഭിച്ചിരുന്നു. പുതിയ അലോയ് വീലുകളും ചേര്‍ത്തായിരുന്നു യെസ്ഡി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ പുതുക്കിയത്.
അടുത്തിടെ യെസ്ഡി റോഡ്സ്റ്റര്‍ മോഡലിനായി ഒരു സൗജന്യ ട്രെയില്‍ പായ്ക്കും അവതരിപ്പിച്ചിരുന്നു. സാഡില്‍ബാഗുകള്‍, ഒരു വിസര്‍, ഹെഡ്ലാമ്പ് ഗ്രില്‍, പില്യണ്‍ ബാക്ക്റെസ്റ്റ്, ക്രാഷ് ഗാര്‍ഡ്, ഒരു ബൈക്ക് കവര്‍ എന്നിവ ഉള്‍പ്പെടുന്ന പായ്‌ക്കേജിന് സാധാരണയായി 16,000 രൂപ വിലവരും. എന്നാല്‍ ഇപ്പാള്‍ യെസ്ഡ് റോഡ്‌സ്റ്റര്‍ വാങ്ങുന്നവര്‍ക്ക് അധിക ചിലവില്ലാതെ ആക്‌സസറി കിറ്റ് വാഗ്ദാനം ചെയ്യുന്നു. ട്രെയില്‍ പായ്ക്ക് അടക്കം 2.09 ലക്ഷം രൂപയ്ക്കാണ് യെസ്ഡി റോഡ്‌സ്റ്റര്‍ വാങ്ങാന്‍ സാധിക്കുക.


Click it and Unblock the Notifications








