ഫീല്‍ഡ്ഔട്ടാവാനിരുന്നപ്പോള്‍ 691 കോടിയുടെ ഹിറ്റ്! ഡിഫെന്‍ഡറിന് പിന്നാലെ പോര്‍ഷ വാങ്ങി ആക്ഷന്‍ ഹീറോ
ബോളിവുഡ് മികച്ച ആക്ഷന്‍ ഹീറോസില്‍ ഒരാളാണ് സണ്ണി ഡിയോള്‍. ഇതിഹാസ താരം ധര്‍മേന്ദ്രയുടെ മൂത്ത പുത്രനായ സണ്ണി നാല് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന തന്റെ കരിയറില്‍ 100-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1990-കളില്‍ ബി ടൗണിലെ ഏറ്റവും വിലപിടിപ്പുള്ള നായകന്‍മാരില്‍ ഒരാളായ സണ്ണി ഡിയോള്‍ പിന്‍കാലത്ത് അല്‍പ്പം പിറകോട്ട് പോയി. ഒരു പതിറ്റാണ്ട് കാലം ചിത്രത്തിലേ ഇല്ലായിരുന്ന സണ്ണി 2023-ല്‍ ഗദര്‍ 2 എന്ന സിനിമയിലൂടെ അത്യുഗ്രന്‍ തിരിച്ചുവരവ് നടത്തി. ആഗോള ബോക്‌സ്ഓഫീസില്‍ 691 കോടിയോളമാണ് ഈ സിനിമ വാരിയത്.
ആ സമയത്ത് ഹിന്ദിയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ സിനിമയായി ഗദര്‍ 2 മാറിയിരുന്നു. രാമായണയടക്കം വമ്പന്‍ പ്രൊജക്ടുകള്‍ കൈയ്യിലുള്ള സണ്ണി ഡിയോള്‍ ഇപ്പോള്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒക്ട സ്വന്തമാക്കിയ സണ്ണി ഇപ്പേള്‍ തന്റെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയ പോര്‍ഷയില്‍ നിന്നുള്ള ഒരു കാര്‍ ഗരാജില്‍ എത്തിച്ചിരിക്കുകയാണ്.

പുതിയൊരു പോര്‍ഷ 911 ടര്‍ബോ 50 സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയാണ് സണ്ണി പോര്‍ഷ പ്രേമം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സണ്ണി ഡിയോളിന്റെ പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'automobiliardent' എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'aapnu.jaipur' എന്ന മറ്റൊരു ഇന്‍സ്റ്റാഗ്രാം പേജില്‍ കാറിന്റെ വീഡിയോയും ലഭ്യമാണ്.
രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ചാണ് വാഹനം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടന്‍ രാജസ്ഥാനിലെത്തിയത്. പോര്‍ഷ കൂടാതെ, അദ്ദേഹത്തിന്റെ ഡിഫെന്‍ഡര്‍ ഒക്ടയും ചിത്രങ്ങളില്‍ കാണാം. ജയ്പൂരിലെ ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കുമ്പോള്‍ പോര്‍ഷയുടെ ഡ്രൈവിങ് സീറ്റില്‍ സണ്ണി ഡിയോള്‍ ഇരിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ഡല്‍ഹിയിലെ ഒരു റിസോര്‍ട്ടിനോ ഹോട്ടലിനോ പുറത്ത് പോര്‍ഷ 911 ടര്‍ബോ 50 പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോകത്ത് 1,974 യൂണിറ്റുകള്‍ മാത്രമാണ് 911 ടര്‍ബോയുടെ 50-ാം വാര്‍ഷിക പതിപ്പായ ടര്‍ബോ 50 വില്‍പ്പനക്കെത്തിയത്. ഈ ലിമിറ്റഡ് എഡിഷന്‍ വാഹനം അവന്ററൈന്‍ ഗ്രീന്‍ നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.
ഡോറുകളില്‍ പോര്‍ഷയുടെ പ്രത്യേക സ്റ്റിക്കറിംഗും നല്‍കിയിട്ടുണ്ട്. കാറിന്റെ പിന്നില്‍ 'ടര്‍ബോ 50' ബാഡ്ജും, ബോണറ്റില്‍ 1964-ലെ പോര്‍ഷെ ക്രസ്റ്റും, സ്‌പോര്‍ട്ട് ക്ലാസിക് വീലുകളും ചിത്രങ്ങളില്‍ വ്യക്തമാണ്. പ്രത്യേകതകള്‍ നിറഞ്ഞ അകത്തളമാണ് 50-ാം വാര്‍ഷിക പതിപ്പിന് ലഭിക്കുന്നത്. സീറ്റുകളും ഡോറുകളും ക്ലാസിക് മക്കെന്‍സി ടാര്‍ട്ടന്‍ ഫിനിഷില്‍ ഒരുക്കിയിരിക്കുന്നു. എക്സ്റ്റീരിയര്‍ നിറത്തിന്റെ ഹൈലൈറ്റുകള്‍ ഇന്റീരിയറിലും കാണാം.

911 ടര്‍ബോ 50-ക്ക് 3.7 ലിറ്റര്‍ ഫ്‌ലാറ്റ്-സിക്‌സ്, ട്വിന്‍-ടര്‍ബോ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 650 PS പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 2.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 330 കിലോമീറ്ററാണ്.
സാധാരണ പോര്‍ഷെ 911 ടര്‍ബോയുടെ വില ഏകദേശം 3.35 കോടി രൂപയാണ് (എക്‌സ്-ഷോറൂം). എന്നാല്‍, 50-ാം വാര്‍ഷിക പതിപ്പിന് ഇതിനേക്കാള്‍ 70 ലക്ഷം രൂപ അധികം മുടക്കേണ്ടതായുണ്ട്. ഇത് കൂടാതെ സണ്ണി ഡിയോളിന്റെ ഗരാജില്‍ മൂന്ന് പോര്‍ഷ കാറുകള്‍ വേറെയുമുണ്ട്. 992-തലമുറയിലെ 911 ജിടി3, 993-തലമുറയിലെ പോര്‍ഷ 911, ക്ലാസിക് 964 പോര്‍ഷ എന്നിവയാണവ. സണ്ണി ഡിയോളിന്റെ വിന്റേജ് പോര്‍ഷെ 964 യുകെയിലാണുള്ളത്.


Click it and Unblock the Notifications








