ഭര്‍ത്താവിനേക്കാള്‍ നാലിരട്ടി സമ്പത്തുള്ള നടി! അങ്ങേര്‍ക്കുള്ളത് മാരുതി, ഇവിടെ കറക്കം ബെന്‍സില്‍
മോളിവുഡിലെ പോലെയല്ല ബോളിവുഡിലും മറ്റും പേരിലെ 'വാലിന്' വലിയ പ്രാധാന്യമുണ്ട്. ഖാന്‍, കപൂര്‍, ചോപ്ര എന്നീ പേരുകള്‍ സര്‍നെയിമായി വരുന്നവര്‍ക്ക് സിനിമയിലേക്കുള്ള എന്‍ട്രി വളരെ എളുപ്പമാണ്. വിഖ്യാത സംവിധായകന്‍ യാഷ് ചോപ്രയും മകന്‍ ആദിത്യ ചോപ്രയും ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും പ്രമുഖരായ രണ്ട് പേരാണ്. അതുപോലെ തന്നെയാണ് പ്രിയങ്ക ചോപ്രയും. ബോളിവുഡിന്റെ താരറാണിയായി തിളങ്ങിയ പ്രിയങ്ക ചോപ്ര ഇന്ന് ആഗോള തലത്തി അറിയപ്പെടുന്ന നടിയാണ്. ഗായകനായ നിക് ജൊനാസിനെ വിവാഹം ചെയ്ത് ഇപ്പോള്‍ വിദേശത്ത് സ്ഥിരതാമസമാണ് പ്രിയങ്ക. നടിയും യാഷ് ചോപ്രയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് വിവരം.
എന്നാല്‍ പ്രിയങ്കയുടെ കസിന്‍സില്‍ ഒരാള്‍ ബോളിവുഡില്‍ തിളങ്ങിയിട്ടുണ്ട്. പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല, പരിണീതി ചോപ്രയെ കുറിച്ചാണ്. ബോളിവുഡിലെ മുന്‍നിര നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും അവര്‍ പ്രശസ്തയാണ്. ലേഡീസ് Vs റിക്കി ബാല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ പരിണീതി ഇഷഖ്‌സാദെ, ശുദ്ധ് ദേസി റൊമാന്‍സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും 2014-ല്‍ ഹസീ തോ ഫസീയിലൂടെ ദേശീയ പുരസ്‌കാരവും നേടി.

ശേഷം കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരം 2023-ല്‍ ആം ആദ്മി നേതാവായ രാഘവ് ഛദ്ദയെ വിവാഹം ചെയ്തു. വിവാഹ ശേഷവും സിനിമയില്‍ സജീവമായ നടി ഇന്നും പാപ്പരാസികള്‍ക്ക് പ്രിയങ്കരിയാണ്. സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന വരുമാനത്തിന് പുറമെ, ഒട്ടേറെ ബ്രാന്‍ഡുകളുടെ അംബസാഡര്‍ കൂടിയായ നടി കോടികള്‍ സമ്പാദിക്കുന്നുണ്ട്. ഏകദേശം 60 കോടിയിലധികമാണ് പരിണീതിയുടെ ആസ്തി. എന്നാല്‍ അതിന്റെ നാലില്‍ ഒന്ന് പോലുമില്ല രാഘവിന്റെ സമ്പാദ്യം.
തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ രാഘവിന്റെ മൊത്തം ആസ്തി 50 ലക്ഷം രൂപയാണ്. 2009 മോഡല്‍ മാരുതി ഡിസയര്‍ കാറാണ് ആം ആദ്മി എംപിക്കുള്ളത്. അതേസമയം ഭാര്യ മറ്റ് ബോളിവുഡ് നടിമാരെ പോലെ ആഡംബര കാറുകളുടെ വലിയ ആരാധികയാണ്. ജാഗ്വാര്‍ XJL, ഔഡി Q7, ഔഡി Q4 e-ട്രോണ്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് തുടങ്ങിയ കാറുകള്‍ അവര്‍ക്ക് സ്വന്തമായുണ്ട്.

ഇപ്പോള്‍ പരിണീതിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ഈ വൈറല്‍ വീഡിയോയില്‍ പരിണീതി ചോപ്ര കറുത്ത വസ്ത്രം ധരിച്ച് വളരെ വിലകൂടിയ ഒരു വെളുത്ത കാറില്‍ കയറുന്നതും ഇറങ്ങുന്നതും നമുക്ക് കാണാന്‍ കഴിയും. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് കൃത്യമായി അറിയില്ല. എന്നിരുന്നാലും ഈ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഒരു മെര്‍സിഡീസ് ബെന്‍സ് GLS ആണ്.
ആഡംബര എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഒരു കാര്‍ ആണിത്. നിരവധി ബോളിവുഡ് താരങ്ങള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖയാണ് ബോളിവുഡ് നടി സാറാ ഖാന്‍. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ മെര്‍സിഡീസ് ബെന്‍സ് GLS ആഡംബര എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ പെട്രോള്‍ വേരിയന്റിന് 1.34 കോടി രൂപയാണ് വില. മറുവശത്ത്, ഡീസല്‍ വേരിയന്റിന് 1.39 കോടി രൂപ മുടക്കണം. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

ടാക്‌സും ഇന്‍ഷൂറന്‍സും മറ്റ് ചിലവുകളുമെല്ലാം ചേരുമ്പോള്‍ കാര്‍ നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കണം. മെര്‍സിഡീസ് ബെന്‍സ് GLS എസ്‌യുവിയുടെ ഡീസല്‍ വേരിയന്റാണ് പരിണീതി ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. ഈ കാറിന്റെ ഡീസല്‍ വേരിയന്റിന്റെ ഓണ്‍-റോഡ് വില ഏകദേശം 1.75 കോടി രൂപയായിരിക്കും.ഈ കാറിന്റെ പെട്രോള്‍ വേരിയന്റില്‍ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് പരമാവധി 381 bhp പവറും 500 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
മറുവശത്ത് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഡീസല്‍ വേരിയന്റിന്റെ ഹൃദയം. ഇത് പരമാവധി 367 bhp പവറും 750 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എഞ്ചിനുകളിലും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) പോലുള്ള വിവിധ അത്യാധുനിക സവിശേഷതകള്‍ ജര്‍മന്‍ ബ്രാന്‍ഡ് GLS എസ്‌യുവിയില്‍ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








