പെങ്ങളായാല്‍ ഇങ്ങനെ വേണം; ബോളിവുഡ് നടി സഹോദരന് സമ്മാനിച്ച ബെന്‍സിന്റെ വില കേട്ടാല്‍ ഞെട്ടും!
ലോകത്ത് മൊത്തത്തില്‍ തന്നെ അഭിനേതാക്കളുടെയും മറ്റ് സെലിബ്രിറ്റികളുടെയും സ്റ്റാറ്റസ് സിംബലുകളില്‍ ഒന്നാണ് കാറുകള്‍. ലോകോത്തര കാറുകള്‍ വാങ്ങിക്കൂട്ടി തന്റെ ഗരാജിന്റെ വലിപ്പം കൂട്ടുന്നവരാണ് പല സെലിബ്രിറ്റികളും. പൊതുവേ നടന്മാരും നടിമാരും ഇടയ്ക്കിടെ വിലകൂടിയ കാറുകള്‍ വാങ്ങി അവരുടെ വാഹന നിര അപ്‌ഡേറ്റ് ചെയ്ത് കൊണ്ടേ ഇരിക്കും.
ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഇത്തരം പ്രീമിയം വാഹനങ്ങള്‍ വാങ്ങാന്‍ മത്സരം തന്നെയുണ്ടോ എന്ന് ചിലപ്പോള്‍ നമുക്ക് സംശയം വരെ തോന്നാം. ഇന്ത്യയിലെത്താന്‍ പോകുന്ന ജനപ്രിയ മോഡലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ബോളിവുഡ് സെലിബ്രിറ്റികള്‍ ചിലപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി കാറുകള്‍ സമ്മാനിക്കാറുണ്ട്. സ്വന്തം കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ചിലപ്പോള്‍ ജീവനക്കാര്‍ക്കോ വരെ ഇത്തരം സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്.

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല ഹിന്ദി ടെലിവിഷന്‍ രംഗത്ത് നിന്നുള്ള താരങ്ങളും 'കുടുംബസ്‌നേഹത്തിന്റെ' കാര്യത്തില്‍ മോശമല്ലെന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. ജനപ്രിയ പഞ്ചാബി നടിയും ടെലിവിഷന്‍ താരവുമായ ഷെഹ്നാസ് ഗില്‍ ആണ് തന്റെ സഹോദരന് വിലകൂടിയ പുതു പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് കാര്‍ സമ്മാനിച്ചത്.
ഷോറൂമില്‍ നിന്ന് ഒരു ബ്ലാക്ക് നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും നടി ഷെഹ്നാസ് ഗില്ലിന്റെയും സഹോദരന്‍ ഷെഹ്ബാസ് ഗില്ലിന്റെയും ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും വിലപിടിപ്പുള്ള സമ്മാനം നല്‍കിയ സഹോദരിക്ക് നന്ദിയര്‍പ്പിച്ച് കൊണ്ട് ഷഹബാസ് ഗില്ലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം നാടായ ചണ്ഡീഗഡിലെ മെര്‍സിഡീസ് ബെന്‍സ് ഡീലര്‍ഷിപ്പില്‍ നിന്ന് കേക്ക് മുറിച്ച ശേഷമാണ് ഷെഹ്ബാസ് ഗില്‍ പുതിയ E-ക്ലാസ് സ്വീകരിച്ചത്. കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം ഷെഹബാസ് ഗില്‍ തന്നെ കാര്‍ ഷോറൂമിന്റെ വെളിയിലേക്ക് സ്വയം ഓടിച്ച് കൊണ്ടുവരികയായിരുന്നു. ഈ വീഡിയോയ്ക്ക് ശേഷം ഷെഹ്ബാസ് ഗില്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മറ്റൊരു റീല്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
കാര്‍ ഡെലിവറി എടുക്കുന്നതിന് മുമ്പ് സമര്‍പ്പിക്കേണ്ട രേഖകള്‍ ഈ റീല്‍ വീഡിയോയില്‍ കാണിക്കുന്നു. തനിക്ക് കാര്‍ സമ്മാനിച്ച തന്റെ സഹോദരി ഷെഹ്നാസ് ഗില്ലിനെ പ്രശംസിച്ചുകൊണ്ട് ഷെഹ്ബാസ് ഗില്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. തന്റെ പുതിയ സന്തതസഹചാരിക്കൊപ്പം പോസ് ചെയ്യുന്ന ഷെഹ്ബാസിനെ വീഡിയോയില്‍ കാണാം.

ഈ വര്‍ഷം തുടക്കത്തിലാണ് മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. E200 എക്‌സ്‌ക്ലൂസീവ് പെട്രോള്‍, E220d എക്‌സ്‌ക്ലൂസീവ് ഡീസല്‍, E 350d AMG ലൈന്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് വില്‍പ്പനക്കെത്തിക്കുന്നത്. എന്നാല്‍ നടി ഷെഹ്‌നാസ് ഗില്‍ തന്റെ ഇളയ സഹോദരന് ആഢംബര എസ്‌യുവിയുടെ ഏത് വേരിയന്റാണ് സമ്മാനിച്ചതെന്ന് അറിയില്ല.
മിക്കപ്പോഴും അഭിനേതാക്കളും സെലിബ്രിറ്റികളും കാറിന്റെ വിലയേറിയ ടോപ്പ് സ്‌പെക്ക് വേരിയന്റ് വാങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ഇവിടെ ഡെലിവറി വീഡിയോയില്‍ കാറില്‍ AMG ലൈന്‍ കിറ്റ് കാണുന്നതിനാല്‍ ഷെഹ്ബാസ് ഗില്ലിന് മെര്‍സിഡീസ് കാറിന്റെ E350T AMG ലൈന്‍ ഡീസല്‍ വേരിയന്റ് ആയിരിക്കാം ലഭിച്ചതെന്നാണ് അനുമാനം.
മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ ടോപ് സ്‌പെക് വേരിയന്റിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ ഡീസല്‍ എഞ്ചിന്‍ പരമാവധി 282 bhp കരുത്തും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
മെര്‍സിഡീസ് ബെന്‍സ് E 200 എക്‌സ്‌ക്ലൂസീവിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 194 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. അതേസമയം E 220d എക്‌സ്‌ക്ലൂസീവ് ഡീസല്‍ വേരിയന്റിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 192 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്.
ഏതായാലും പണത്തിന്റെയും ഗ്ലാമറിന്റെയും ലോകമായ ബോളിവുഡില്‍ നിന്നും മറ്റും ഇത്തരത്തില്‍ വാര്‍ത്തകള്‍ ഇനിയും വരും. ഇതുപോലെ ഒരു സഹോദരി ഉണ്ടായിരുന്നെങ്കില്‍ എന്നായിരിക്കും പല വണ്ടി ഭ്രാന്തന്‍മാരും ചിന്തിക്കുന്നുണ്ടാകുക. സ്വന്തം സഹോദരന് 1 കോടി രൂപ വിലയുള്ള കാര്‍ സമ്മാനിച്ച നടിയുടെ പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








