വഴിതെറ്റി ബെന്റ്ലി കാറിൽ വൺവേയിൽ പെട്ട് ബോളിവുഡ് സുന്ദരി; ഗൂഗിൾ മാപ്സിന് എന്ത് സെലിബ്രിറ്റി?
ഗൂഗിൾ മാപ്സ് കാരണം വഴിതെറ്റി പോയവരും, ഇല്ലാത്ത റോഡിൽ കുടുങ്ങിയ അവസ്ഥയിലൂടെയും നമ്മിൽ ഭൂരിഭാഗം പേരും കടന്നു പോയിട്ടുണ്ടാവും. സാധാരണയായി, നമ്മളെപ്പോലുള്ള സാധാരണക്കാർക്കാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാവുന്നത്. ഇത്തരമൊരു പിശക് കാരണം സെലിബ്രിറ്റികൾ കുടുങ്ങിപ്പോകുന്നത് നമ്മൾ വളരെ അപൂർവമായി മാത്രമേ കേട്ടിട്ടുണ്ടാവുകയുള്ളൂ.
എന്നാൽ ഗൂഗിൾ മാപ്പിന് എന്ത് സെലിബ്രിറ്റി? ഗൂഗിൾ മാപ്സ് കാരണം വഴിതെറ്റിയവരുടെ കൂട്ടത്തിൽ ഏറ്റവും പുതിയ ഇര, ജനപ്രിയ ബോളിവുഡ് നടി ശിൽപ ഷെട്ടിയാണ്. ഗൂഗിൾ മാപ്സ് കാണിച്ച് വഴിയിലൂടെ പോയി താൻ വൺവേ, നോ എൻട്രി സോണിൽ എത്തിപ്പെട്ടു എന്നാണ് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വൈകിയതിന്റെ കാരണമായി നടി പറഞ്ഞത്.

പരിപാടിയിൽ പങ്കെടുക്കാൻ വൈകിയതിൻ്റെ കാരണം ശിൽപ ഷെട്ടി വിശദീകരിക്കുന്ന വീഡിയോ കാർസ് ഫോർ യു എന്ന ചാനൽ യൂട്യൂബിൽ ഷെയർ ചെയ്തിട്ടുണ്ട്. ഈ കുഞ്ഞ് വീഡിയോയിൽ, ഒരു ഇൻസ്റ്റൻ്റ് നൂഡിൽ ബ്രാൻഡിൻ്റെ ലോഞ്ച് ഇവൻ്റിൽ നടി എത്തുന്നത് കാണാം. തന്റെ ബെൻ്റ്‌ലി ഫ്‌ളൈയിംഗ് സ്പർ ആഡംബര സെഡാനിലാണ് താരം ചടങ്ങിനെത്തിയത്.
എന്നിരുന്നാലും, അഭിമുഖത്തിനിടെ, താൻ എന്തുകൊണ്ടാണ് വൈകിയത് എന്ന് ചോദ്യത്തിന്, ഗൂഗിൾ മാപ്പിൽ ഇവൻ്റ് ലൊക്കേഷൻ തിരഞ്ഞതിന് ശേഷം മാപ്പ് തന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് താൻ യാത്ര തുടങ്ങിയതെന്ന് നടി ഹോസ്റ്റിന് മറുപടി നൽകുന്നു. ഗൂഗിൾ മാപ്സ് തന്നെ വഴിതെറ്റിച്ച് ഒരു വൺ വേയിൽ എത്തിച്ചു എന്നും, അത് കാരണമാണ് താൻ വൈകിയതെന്നും താരം വ്യക്തമാക്കി.

ഗൂഗിൾ മാപ്സ് മുമ്പുണ്ടാക്കിയ പൊല്ലാപ്പുകൾ കണക്കിലെടുക്കുമ്പോൾ ഇത് വെറും നിസാരം എന്നേ പറയാനുള്ളൂ. ഈ വർഷം ജനുവരിയിൽ, ഗൂഗിൾ മാപ്സ് കാരണം ടൊയോട്ട ഫോർച്യൂണർ ഒരു സ്റ്റെയകേസൽ കുടുങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഫോർഡ് എൻഡവർ കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയി തോട്ടിൽ മുങ്ങിയിരുന്നു.
ഇങ്ങനെ അങ്ങോട്ട് ലിസ്റ്റ് എടുത്താൽ വളയെധികം നീളും. അതിനാൽ ഗൂഗിൾ മാപ്സ് നോക്കി പോവുമ്പോൾ നാം പരിസരങ്ങളും മറ്റ് റോഡ് സൈനുകളും വ്യക്തമായി ശ്രദ്ധിക്കണം. കൂടാതെ മൺസൂൺ കാലയളവിൽ ഗൂഗിൾ മാപ്സ് ഉപയോഗിച്ചുള്ള യാത്രകളിൽ കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, പൊലീസ് ഉദ്യോഗസ്ഥരും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇനി ശിൽപ്പ ഷെട്ടിയുടെ അത്യാഡംബര ബെന്റ്ലി ഫ്ലൈയിംഗ് സ്പറിനെ കുറിച്ചു നോക്കാം. ജനപ്രിയ ബോളിവുഡ് താരത്തിന് അതിശയകരമായ ഒരു കാർ ശേഖരം തന്നെയുണ്ട്. മുകളിൽ സൂചിപ്പിച്ച ഈ പ്രത്യേക സംഭവത്തിലെ ബെൻ്റ്ലി ഫ്ലൈയിംഗ് സ്പർ ആഡംബര സെഡാൻ ഇക്കൂട്ടത്തിൽ വളരെ സ്പെഷ്യലാണ്.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടി ഈ സെഡാൻ വാങ്ങിയതാണ്. തെലങ്കാന ആസ്ഥാനമായുള്ള ഒരു നിയമ സേവന കമ്പനിയിൽ നിന്നാണ് താരം ഈ കാർ സ്വന്തമാക്കിയത്. തന്റെ പർച്ചേസിന് ശേഷം, അവർ ഈ കാറിന് ഒരു ബ്രൈറ്റ് ക്രോം റാപ്പ് ഫിനിഷ് നൽകിയരുന്നു. പിന്നീട്, ഈ റാപ്പ് നീക്കം ചെയ്തു.
ഈ പ്രത്യേക ബെൻ്റ്ലി ഫ്ലയിംഗ് സ്പർ ഒരു 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് 500 PS മാക്സ് പവറും 650 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








