സിനിമയിൽ മാത്രമല്ല ജീവിതത്തിലും സിമ്പിളായി ആമിർ ഖാൻ; തിക്കും തിരക്കുമില്ലാതെ, ടേൺ കാത്ത് താരം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൈചൗങ് ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും നാശനഷ്ടങ്ങളും വിതയ്ക്കുകയാണ്. അസാധാരണമായ ഈ മഴയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ പലയിടങ്ങളും വെള്ളപ്പൊക്കത്തിലാണ്. പല വൻ നഗരങ്ങളും വെള്ളത്തിനടിയിലായി, ഇതു കാരണം ആളുകൾ സ്വന്തം വീടുകൾ വിട്ട് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയാണ്.
സർക്കാർ അധികാരികളും രക്ഷാപ്രവർത്തകരും ചേർന്ന്, ഈ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്തിടെ, ജനപ്രിയ ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാനെയും രക്ഷാപ്രവർത്തകർ ബോട്ടിൽ കൊണ്ടുവരുന്ന ചിത്രങ്ങൾ അടങ്ങുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രക്ഷാദൗത്യത്തിനിടെ തന്റെ ഊഴം കാത്തിരിക്കുന്ന താരത്തിന്റെ സിമ്പിൾ ക്യാരക്ടറിനെ പോസ്റ്റ് അഭിനന്ദിച്ചു.

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തിനിടയിൽ ആമിർ ഖാനെ അഭിനന്ദിക്കുന്ന ഈ കുറിപ്പ് തമിഴ്നാട് വ്യവസായ മന്ത്രിയായ ഡോ. T R B രാജയാണ് എക്‌സിൽ പങ്കുവെച്ചത്. ആമിർ ഖാന്റെയും മറ്റ് ആളുകളോടൊപ്പം രക്ഷാപ്രവർത്തനത്തിന് എത്തിയ ബോട്ടുകളിൽ തന്റേയും ചിത്രങ്ങൾ പങ്കുവെച്ച തമിഴ് നടൻ വിഷ്ണു വിശാൽ പങ്കുവെച്ചതിന്റെ റീട്വീറ്റ് ആയിരുന്നു മന്ത്രിയുടെ ഈ പോസ്റ്റ്.
ആമിർ ഖാൻ വളരെ വിനയ സ്വഭാവമുള്ള വ്യക്തിയാണെന്നും മറ്റ് പൗരന്മാരെപ്പോലെ അദ്ദേഹവും വളരെ ക്ഷമയുള്ളവനാണെന്നും മന്ത്രി പറഞ്ഞു. താര പരിവേഷവും പ്രൗഡിയും ഒന്നും കാണിക്കാതെ തന്റെ ഊഴത്തിനായി കാത്തിരുന്നാണ് താരം ബോട്ടിൽ കയറിയത്. രക്ഷപ്പെടാൻ അദ്ദേഹം യാതൊരു ചരടും വലിക്കാൻ ശ്രമിച്ചില്ല എന്നത് അതിശയകരമാണ്! സഹപൗരൻമാരിൽ ഒരാളെപ്പോലെ തന്നെ അദ്ദേഹം വളരെ തളർന്നിരുന്നു എങ്കിലും തന്റെ ടേണിനായി കാത്തിരിക്കുന്നത് കാണുമ്പോൾ അതിശയകരമാണ് എന്ന് മന്ത്രി തന്റെ പോസ്റ്റിൽ കുറിച്ചു.

ചരടുവലിക്കാനും പല സ്വാധീനങ്ങൾ ഉപയോഗിക്കാനും ശ്രമിക്കുന്നവർക്കുള്ള പാഠങ്ങളാണിത്! പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് സെൻസിറ്റീവ് ആയിരിക്കുന്നതിനും തങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിനും ആമിർ ഖാനെപ്പോലുള്ള ആളുകൾ കാണിക്കുന്ന മനസ് എല്ലാവർക്കും ഉണ്ടാവണം എന്നും, ഞങ്ങളുടെ റെസ്ക്യൂ ഷെഡ്യൂളിൽ കാര്യമായി തന്നെ തുടരും എന്നും T R B രാജ വ്യക്തമാക്കി.
തമിഴ് നടൻ വിഷ്ണു വിശാൽ പങ്കിട്ട ചിത്രങ്ങളിൽ, ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വല്ല ഗുട്ടയ്‌ക്കൊപ്പം സെൽഫിയിൽ ആമിർ ഖാനെ കാണാം. വെള്ളപ്പൊക്ക സമയത്ത് ആമിർ ഖാൻ തമിഴ്‌നാട്ടിൽ എന്തിനാണ് എത്തിയത് എന്ന് പലരും ചിന്തിച്ചേക്കാം. അതിനു കാരണം,അദ്ദേഹത്തിന്റെ അമ്മ സീനത്ത് ഹുസൈനൊപ്പം കഴിയാനാണ് എന്നതാണ്. അടുത്തിടെ ഒക്ടോബറിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി സീനത്തിനെ ചെന്നൈയിലേക്ക് എത്തിച്ചിരുന്നു, അവർക്കൊപ്പം സമയം ചെലവഴിക്കാനാണ് ആമിർ എത്തിയത്.
പ്രളയം വിതച്ച ദുരന്തമുഖത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ജനങ്ങളെ കാണാൻ അഭയകേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്ന വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. പ്രളയബാധിതരായ ആളുകൾക്ക് അഭയം നൽകിയ പ്രൈമറി സ്‌കൂളിൽ അദ്ദേഹം എത്തുന്നത് സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു. അവിടെ ചെന്ന് അദ്ദേഹം വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്യുകയും സ്ഥിതിഗതികൾ സംബന്ധിച്ച് ആളുകളുമായി സംഭാഷണം നടത്തുകയും ചെയ്തു.
ഈ വൻ വെള്ളപ്പൊക്കത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ പല അസാധാരണമായ കാര്യങ്ങളും കണ്ണിൽ പെടുന്നു. അടുത്തിടെ, നഗരപരിധിയിൽ ഒരു മുതല ഒരു റോഡ് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാദ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ, മുതല റോഡിന്റെ മധ്യത്തിൽ നിന്ന് മറുവശത്തെ കുറ്റിക്കാട്ടിലേക്ക് കടക്കുന്നതായി കാണപ്പെട്ടു.
ഈ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, VIT -യിലെയും നെടുങ്കുണ്ട്രം തടാകത്തിലെയും ജലാശയങ്ങൾക്ക് സമീപം പോകരുതെന്ന് അധികൃതർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. അതോടൊപ്പം ഒട്ടനവധി വാഹനങ്ങൾക്കും ഈ പ്രളയം മൂലം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അവ എങ്ങനെ റെഡിയാക്കാം, ഇന്ഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം എന്ന വിവരങ്ങൾ എല്ലാം നമ്മുടെ വെബ്സൈറ്റിലുണ്ട്.


Click it and Unblock the Notifications








