കൈയ്യില്‍ പണമില്ലാഞ്ഞിട്ട് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കണ്ട; 'ഇഎംഐ' സംവിധാനവുമായി IRCTC
ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ' ട്രാവൽ നൗ പേ ലേറ്റര്‍' സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). ടിക്കറ്റ് ബുക്ക് ചെയ്യുകയും പണം പിന്നീട് നല്‍കുകയും ചെയ്യുന്ന പേയ്മന്റ് രീതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

രാജ്യത്ത് ഉത്സവ സീസണ്‍ കൊടിയിറങ്ങാറായി. ദീപാവലി ആഘോഷിക്കാന്‍ സ്വന്തം നാട്ടിലേക്കെത്താന്‍ ഒരുങ്ങുകയാണ് ദൂര നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍. യാത്രക്കായി പലരും നേരത്തെ തന്നെ ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. തിരക്കായതിനാല്‍ ചിലര്‍ക്ക് ടിക്കറ്റ് ഇനിയും ലഭിച്ചുകാണില്ല. ഇത്തരത്തില് ടിക്കറ്റ് എടുക്കാത്ത പലരും ദീപാവലിക്ക് നാട്ടിലെത്താന്‍ ട്രെയിനില്‍ തത്കാല് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാകും ആലോചിക്കുന്നത്.

ഇന്ത്യയില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐആര്‍സിടിസിയാണ്. ഈ ഒരു സൈറ്റിലൂടെ മാത്രമേ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ അപ്പോള്‍ തന്നെ പണം അടക്കുന്നതായിരുന്നു ഇതുവരെയുള്ള സമ്പ്രദായം.

എന്നാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കൈയ്യില്‍ പണം എടുക്കാനില്ലാത്തത് കൊണ്ട് ഇനി ആരും ട്രെയിന്‍ യാത്ര മുടക്കേണ്ടി വരില്ല. ഇപ്പോള്‍ ഐആര്‍സിടിസി ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രാ നിരക്ക് പ്രതിമാസ തവണകളായി ഇഎംഐ മാതൃകയില്‍ അടയ്ക്കാനുമുള്ള സൗകര്യം അവതരിപ്പിച്ചു.

ഇതിനായി ഐആര്‍സിടിസി ഫിനാന്‍ഷ്യല്‍ വെല്‍നസ്സ് പ്ലാറ്റ്‌ഫോമായ ക്യാഷ്ഇയുമായി (CASHe) കൈകോര്‍ത്തു. ഈ പദ്ധതി പ്രകാരം യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ കാഷ്ഇ തുക ഐആര്‍സിടിസിക്ക് നല്‍കും. യാത്രക്കാര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ഒരു നിശ്ചിത സമയത്തിന് ശേഷം പ്രതിമാസ തവണകളായോ ഒന്നിച്ചോ തിരിച്ചടയ്ക്കാം. ഇതിനായി 3-6 മാസം വരെയുള്ള പ്രതിമാസ തിരിച്ചടവ് പ്ലാന്‍ ക്യാഷ്ഇ അവതരിപ്പിച്ചു.

ഈ സ്‌കീമിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിങ്ങള്‍ പ്രത്യേകം ഒന്നും ചെയ്യേണ്ടതില്ല. സാധാരണ ടിക്കറ്റ് ബുക്കിംഗ് മോഡില്‍ നിങ്ങള്‍ക്ക് ബുക്കിംഗ് നടത്താം. എന്നാല്‍ ഐആര്‍സിടിസി ടിക്കറ്റിന് പണം നല്‍കുമ്പോള്‍ 'പേ ലേറ്റര്‍' എന്ന ഓപ്ഷന്‍ അവതരിപ്പിച്ചു. അത് തിരഞ്ഞെടുത്ത് ക്യാഷ് ഇ വഴിയുള്ള ടിക്കറ്റ് പേയ്മെന്റ് ഓട്ടോ-ടാഗ് ചെയ്യുക.

ടിക്കറ്റ് ബുക്കിംഗ് തീയതി മുതലാണ് മാസതവണ കണക്കാക്കുക. യാത്രയുടെ തീയതിയല്ല മറിച്ച് ടിക്കറ്റ് ബുക്കിംഗ് തീയതിയാണ് നോക്കുന്നതെന്ന് നമ്മള്‍ പ്രത്യകം ശ്രദ്ധിക്കണം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ താല്‍ക്കാലികമായി പണമില്ലാത്തവര്‍ക്കും ഈ ഓപ്ഷന്‍ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ രീതിയില്‍, നിങ്ങളുടെ കടമെടുത്ത അക്കൗണ്ടില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആര്‍സിടിസിയില്‍ നിങ്ങള്‍ അടച്ച പണം എടുക്കാനും അതിന് ഒരു നിശ്ചിത തുക പലിശ ഈടാക്കാനും ടിക്കറ്റ് ക്യാഷ്ഇക്ക് ഓപ്ഷന്‍ ഉണ്ട്.

ഇന്ത്യയില്‍ വളരുന്ന ഒരു പ്രധാന ഡിജിറ്റല്‍ ക്രെഡിറ്റ് പ്ലാറ്റ്ഫോമാണ് ക്യാഷ്ഇ. ഐആര്‍സിടിസിയും ക്യാഷ്ഇയും ചേര്‍ന്ന് ഇപ്പോള്‍ സേവനങ്ങള്‍ വിപുലീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പ്രതിദിനം കുറഞ്ഞത് 15 ലക്ഷം പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എല്ലാ ആളുകള്‍ക്കും ഈ ക്യാഷ്ഇ പ്ലാറ്റ്ഫോമില്‍ നിന്ന് ലോണ്‍ ലഭിക്കും. ദീപാവലിക്ക് ശേഷവും ഈ ഓപ്ഷന്‍ വഴി ഇഎംഐ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം.


Click it and Unblock the Notifications








