മാരുതി ജിംനി മുതൽ ടൊയോട്ട ഹൈറൈഡർ വരെ; ഇന്ത്യയിലെ ബജറ്റ് 4x4 എസ്‌യുവികൾ
കുറച്ച് നാളുകൾക്ക് മുമ്പ്, ഓഫ്-റോഡിംഗ് ഇന്നത്തെ പോലെ അത്ര ജനപ്രിയമായിരുന്നില്ല. അതിനാൽ തന്നെ മുൻകാലങ്ങളിൽ 4×4 സംവിധാനം വാഗ്ദാനം ചെയ്യുന്ന വിരലിലെണ്ണാവുന്ന കാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ രാജ്യത്തിന്റെ വളർച്ചയും ഉപഭോക്താക്കളുടെ താൽപ്പര്യവും വർധിക്കുന്നതിനനുസരിച്ച്, രാജ്യത്തെ പല വാഹന നിർമ്മാതാക്കളും തങ്ങളുടെ എസ്‌യുവികൾക്ക് ആവശ്യമായ 4×4 സാങ്കേതികവിദ്യകൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്കു വരുന്ന വേരിയന്റുകളിൽ വാഗ്ദാനം ചെയ്യാൻ തുടങ്ങി.
മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും പുതിയ റിലീസ്, ജിംനി ലൈഫ്‌സ്റ്റൈൽ എസ്‌യുവി ഇതിന് ഒരു പ്രധാന ഉദാഹരണമാണ്. എന്നാൽ പോക്കറ്റ് കീറാതെ 4×4 -ന്റെ വിപണിയിൽ മറ്റ് ഓപ്ഷനുകളാണ് നിങ്ങൾ തേടുന്നതെങ്കിൽ കൂടുതൽ ആലോചിച്ച് തലപുകയ്ക്കേണ്ട, 2023 -ൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന 4×4 എസ്‌യുവികളുടെ ഒരു ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

മഹീന്ദ്ര ഥാർ 4×4
പുതിയ ഥാർ അവതരിപ്പിക്കുന്നതിന് മുമ്പ്, മുൻ തലമുറ മോഡലിന് രാജ്യത്തെ സാധരണ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞിച്ച, കൂടുതലും ഓഫ്-റോഡിംഗ് പ്രേമികളെ ആകർഷിക്കാൻ മാത്രമേ ഇതിന് കഴിഞ്ഞുള്ളൂ എന്നതാണ് സത്യം. എന്നിരുന്നാലും, പുതുതലമുറ ഥാർ മഹീന്ദ്ര പുറത്തിറക്കിയതോടെ പുതിയ തലങ്ങളിലേക്കുള്ള വഴിയാണ് തുറന്നത്. ഥാർ 4×4 -ന്റെ വൻ വിജയം രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കി എന്ന് വേണം പറയാൻ, ഇക്കാരണത്താൽ എസ്‌യുവിക്ക് പുറത്തിറങ്ങിയിട്ട് ഇത്രയും കാലമായിട്ടും അത്യാവശം നീണ്ട കാത്തിരിപ്പ് കാലയളവുണ്ട്.
നിലവിലെ തലമുറ ഥാർ 4×4, AX, LX എന്നീ രണ്ട് വേരിയന്റുകളിൽ വരുന്നു. രണ്ടും ഒരു പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 2.0 ലിറ്റർ mHawk ഡീസൽ മോട്ടോർ 130 bhp മാക്സ് പവറും 300 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. 1.5 ലിറ്റർ mStallion TGDi പെട്രോൾ പവർട്രെയിൻ 150 bhp പരമാവധി കരുത്തും 300 Nm പീക്ക് torque ഉം നൽകുന്നു. ഥാർ 4×4 -ന്റെ എക്സ്-ഷോറൂം വില 14 ലക്ഷം രൂപയിൽ തുടങ്ങി 16 ലക്ഷം രൂപ വരെ വരെ ഉയരുന്നു.

മാരുതി സുസുക്കി ജിംനി
ഈ ലിസ്റ്റിലെ ഏറ്റവും പുതിയ 4×4 എസ്‌യുവിയാണ് മാരുതി ജിംനി, കൂടാതെ ഇത് പട്ടികയിലെ ഏറ്റവും പോക്കറ്റ് ഫ്രണ്ട്ലി മോഡൽ ആയിരിക്കും എന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള പുതിയ മോഡൽ, ഓഫ്-റോഡിംഗ് എക്സ്പീരിയൻസ് കൂടുതൽ അഫോർഡബിളാക്കാനായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത് എന്ന് പറയാം. വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ ഈ എസ്‌യുവി ഇതിനകം 15,000 റിസർവേഷനുകൾ നേടിയിട്ടുണ്ട്. ഈ എസ്‌യുവിയുടെ വില 12 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിർമ്മാതാക്കൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ നിലവിൽ രാജ്യത്തിന് ഒരു സ്പെഷ്യൽ ഓഫ്-റോഡ് സംവിധാനം നൽകുന്ന ഒരേയൊരു വാഹനമാണ് ജിംനി. 2H, 4H, 4L ലോ-റേഞ്ച് ട്രാൻസ്ഫർ ഗിയർ എന്നിവ ഉൾപ്പെടുന്ന സുസുക്കി ഓൾഗ്രിപ്പ് പ്രോ സിസ്റ്റം എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ അനുപാതത്തിലുള്ള ഗിയർബോക്‌സിന്റെ കൃത്യമായ റേഷ്യോ മാരുതി സുസുക്കി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
മഹീന്ദ്ര സ്കോർപിയോ N Z4 4X4
ഈ ലിസ്റ്റിലെ മറ്റൊരു മഹീന്ദ്ര മോഡലാണ് സ്കോർപിയോ N. അവതരണം മുതൽ വൻ ഡിമാൻഡ് കൊണ്ട് രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മോഡലാണ് മഹീന്ദ്ര സ്കോർപിയോ N. കമ്പനി ഒരു ഡെഡിക്കേറ്റഡ് 4×4 സിസ്റ്റത്തോടുകൂടി സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നു. അതിൽ ഒരു മികച്ച കാര്യം എന്നത് ഇത് ടോപ്പ് സ്പെക്ക് Z8 വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നതാണ്. 4×4 സംവിധാനമുള്ള Z4 ബേസ് മോഡലും മഹീന്ദ്ര നൽകുന്നു. എന്നിരുന്നാലും 4×4 Z4 നൽകിയിട്ടില്ലാത്ത ചില ഫീച്ചറുകൾ ടോപ്പ് സ്പെക്ക് മോഡലിൽ ഉണ്ടെങ്കിലും Z4 -ന് ഇപ്പോഴും ഓഫ് റോഡുകൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. സ്കോർപ്പിയോ N Z4-ന്റെ എക്സ്-ഷോറൂം വില ഏകദേശം 17.19 ലക്ഷം രൂപയാണ്.
മഹീന്ദ്ര സ്കോർപിയോ N Z4, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. സ്കോർപിയോ N Z4 -ന്റെ ഡീസൽ യൂണിറ്റ് 175 bhp കരുത്തും 370 Nm torque ഉം നൽകുന്നു, അതേസമയം എസ്‌യുവിയുടെ പെട്രോൾ പവർപ്ലാന്റിന് പരമാവധി 203 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയും. Z4 പതിപ്പിന്, രണ്ട് ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ചോയ്‌സുകളുണ്ട്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര AWD
മാരുതി സുസുക്കിയുടെ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര ഒരുപക്ഷേ പുറത്ത് നിന്ന് തോന്നുന്നില്ലെങ്കിലും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന AWD വാഹനങ്ങളിൽ ഒന്നാണ്. കമ്പനി തങ്ങളുടെ ഉടമസ്ഥതയിലുള്ള AllGrip AWD സവിശേഷതയോടെയാണ് ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഒറ്റ ആൽഫ മാനുവൽ ട്രിമ്മിൽ മാത്രമേ AWD വാഗ്ദാനം ചെയ്യുന്നുള്ളൂ. 16.89 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
മാരുതി ഗ്രാൻഡ് വിറ്റാര രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്, കൂടാതെ മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് AWD ഫീച്ചറിനൊപ്പം ലഭിക്കുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവലും ഓപ്ഷണലായി പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു. പേപ്പറിൽ കുറവായി തോന്നുന്ന എഞ്ചിൻ സവിശേഷതകൾ ഓഫ്-റോഡ് ഭൂപ്രദേശങ്ങളിൽ മികച്ച പെർഫോമെൻസാണ് കാഴ്ച്ചവെയ്ക്കുന്നത്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ AWD
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ മെക്കാനിക്കൽ ട്വിന്നായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ AWD ആണ് ഈ ലിസ്റ്റിലെ അടുത്ത ഓഫ്-റോഡർ. ഗ്രാൻഡ് വിറ്റാര പോലെ ടൊയോട്ട ഹൈറൈഡറിനും 17.19 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന മിഡ് V വേരിയന്റിൽ AWD സിസ്റ്റം ലഭിക്കുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പോലെ തന്നെ ഈ സംവിധാനം ഹൈറൈഡറിനേയും ഓഫ്-റോഡ് ടെറൈനുകൾക്ക് പ്രാപ്തമാക്കുന്നു.
ടൊയോട്ട അർബൻ ക്രൂയിസ് ഹൈറൈഡറിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പും മൈൽഡ് ഹൈബ്രിഡ് എഞ്ചിനുമാണ് ഇതിൽ വരുന്നത്. ഹൈറൈഡറിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ 92 PS പവറും 122 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ 79 PS പവറും 141 Nm torque ഉം നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇലക്ട്രിക് മോട്ടോറിനൊപ്പം എഞ്ചിൻ 115 PS മാക്സ് പവർ ഉത്പാദിപ്പിക്കുന്നു. ടൊയോട്ട ഹൈറൈഡറിന് ഇലക്ട്രിക് ഒൺലി മോഡിൽ 25 കിലോമീറ്റർ റേഞ്ച് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ഫോഴ്സ് ഗൂർഖ 4×4
മഹീന്ദ്ര ഥാറിന്റെ പ്രധാന എതിരാളിയായ ഫോഴ്‌സ് ഗൂർഖ ഒരു പക്കാ 4×4 എസ്‌യുവിയാണ് കൂടാതെ ലോ റേഷ്യോ ട്രാൻസ്ഫർ കെയ്‌സുമായിട്ടാണ് വാഹനം വരുന്നത്. ഫോഴ്സ് ഗൂർഖയ്ക്ക് 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുണ്ട്, കൂടാതെ 35 ഡിഗ്രി ചരിവുകളിൽ അനായാസം കയറാനും കഴിയും. മുന്നിലും പിന്നിലും മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളും ഗൂർഖയ്ക്ക് ലഭിക്കുന്നു.
മഹീന്ദ്ര ഥാറിൽ നിന്ന് വ്യത്യസ്തമായി - ഫോഴ്സ് ഗൂർഖ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 91 Ps പവറും 250 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന ബിഎസ് VI കംപ്ലയിന്റ്, 2.6 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ലഭ്യമാണ്. ഈ എസ്‌യുവി ഭീമന് 13.59 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.


Click it and Unblock the Notifications








