ആകാശകാഴ്ച്ചകൾ കൂടുതൽ വിശാലം! പനോരമിക് സൺറൂഫുമായി വരുന്ന ബജറ്റ് എസ്‌യുവികൾ
ഇന്ത്യൻ വാഹന വിപണിയിൽ സൺറൂഫുകൾ ഇപ്പോൾ എല്ലാരും ഇഷ്ടപ്പെടുന്ന ഒരു നോർമൽ ഫീച്ചറായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും താങ്ങാനാവുന്ന സൺറൂഫ് വാഗ്ദാനം ചെയ്യുന്ന കാർ, പുതിയതായി വിപണിയിൽ എത്തിയ ടാറ്റ ആൾട്രോസ് XM(S) മോഡൽ ആണ്. 7.35 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. എന്നിരുന്നാലും, പല ഉപഭോക്താക്കളും ഇപ്പോൾ വലിയ, പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന കാറുകൾക്ക് പിന്നാലെയാണ്.
ഇത് കൂടുതൽ വെളിച്ചം കടത്തി വിടുകയും ക്യാബിന് പ്രീമിയം ഫീൽ നൽകുകയും ചെയ്യുന്നതാണ് ഇതിന്റെ കാരണം. ലോ സ്പെക്ക് വേരിയന്റുകളിൽ പനോരമിക് സൺറൂഫുള്ള ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ 5 എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ. ഇന്ത്യയിൽ പനോരമിക് സൺറൂഫ് നൽകുന്ന ഏറ്റവും താങ്ങാനാവുന്ന വാഹനങ്ങൾ എസ്‌യുവികൾ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.

1. ഹ്യുണ്ടായി ക്രെറ്റ: ഈ ലിസ്റ്റിലെ ഏറ്റവും അഫോർഡബിൾ എസ്‌യുവി മോഡലായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് മിഡ്-സ്പെക്ക് S+ നൈറ്റ് എഡിഷൻ എന്ന വേരിയന്റു മുതൽ ഈ ഫീച്ചർ ലഭിക്കുന്നു. 115 bhp പവർ, 144 Nm torque എന്നിവ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 116 bhp പവർ, 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിട്ടാണ് ഇത് വരുന്നത്.
രണ്ട് യൂണിറ്റുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കുമ്പോൾ, പെട്രോൾ ഒരു CVT -യുമായി കണക്ട് ചെയ്തിരിക്കുന്നു, ഡീസൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പനോരമിക് സൺറൂഫ് ധാരാളം ഉപഭോക്താക്കളെ എസ്‌യുവിയിലേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്. 13.96 ലക്ഷം - 19.20 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. പനോരമിക് സൺറൂഫ്, കൂൾഡ് വേന്റിലേറ്റഡ് സീറ്റുകൾ പോലുള്ള ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ ഇതിനെ ഒരു മികച്ച പാക്കേജാക്കി മാറ്റുന്നു.

2. എംജി ആസ്റ്റർ: ഈ ലിസ്റ്റിലെ മിക്ക എസ്‌യുവികളെയും പോലെ, മിഡ്-സ്പെക്ക് സ്മാർട്ട് വേരിയന്റ് മുതൽ ആസ്റ്ററിൽ പനോരമിക് സൺറൂഫ് എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവിയ്ക്ക് 110 bhp പവർ, 144 Nm torque എന്നിവ സൃഷ്ടിക്കുന്ന 1.5 ലിറ്റർ, പെട്രോൾ എഞ്ചിനാണ് വരുന്നത്.
ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന 140 bhp പവറും 220 Nm torque ഉം പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ് ഇന്റീരിയറിനൊപ്പം, പനോരമിക് സൺറൂഫും ക്യാബിന്റെ പ്രീമിയം ലുക്കിന് കൂടുതൽ മികവ് നൽകുന്നു. നന്നായി ക്രമീകരിച്ച ക്യാബിൻ, ഹൈ ക്വാളിറ്റി മെറ്റീരിയലുകൾ, യൂറോപ്യൻ കാർ പോലെയുള്ള സോളിഡ് ബിൽഡ് എന്നിവ ആസ്റ്ററിന് ഒരു പ്രീമിയം കാർ ഫീൽ പകരുന്നു. 14.21 ലക്ഷം മുതൽ 18.69 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
3. കിയ സെൽറ്റോസ്: 15.00 ലക്ഷം മുതൽ 20.00 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന ഈ ലിസ്റ്റിലെ ഏറ്റവും പുതിയ എസ്‌യുവിയാണ് സെൽറ്റോസ്. അടുത്തിടെയാണ് കിയ ഈ മോഡലിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകിയത്. HTK+ വേരിയന്റിൽ നിന്ന് പനോരമിക് സൺറൂഫ് ലഭിക്കും, എന്നാൽ ടർബോ-പെട്രോൾ എഞ്ചിനിൽ മാത്രമേ ഇത് ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം.

HTX പതിപ്പ് മുതൽ, സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും പനോരമിക് സൺറൂഫ് സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. ഇത് ഇന്റീരിയർ സ്പെയ്സ് വർധിപ്പിക്കാൻ സഹായിക്കുന്നു. 115 bhp പവർ, 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, പെട്രോൾ, 116 bhp, 250 Nm, 1.5 ലിറ്റർ ഡീസൽ യൂണിറ്റ്, 160 bhp, 253 Nm ഔട്ട്പുട്ട് നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയുമായാണ് ഇത് വരുന്നത്.
ഈ എഞ്ചിനുകളെല്ലാം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, ഒരു CVT, ആറ് സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയുമായി കണക്ട് ചെയ്തിരിക്കുന്നു. മൊത്തത്തിൽ, സെൽറ്റോസ് ഒരു മികച്ച പ്രൊഡക്ടാണ്, അപ്‌ഡേറ്റുകൾ വാഹനത്തെ മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയം ഓൾറൗണ്ട് പാക്കേജാക്കി മാറ്റുന്നു.

4. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ഗ്രാൻഡ് വിറ്റാരയ്‌ക്കൊപ്പമാണ് മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള മാരുതി സുസുക്കിയുടെ കടന്നു വരവ്. നിർമ്മാതാക്കൾ ആദ്യമായി പനോരമിക് സൺറൂഫ് ഉപയോഗിക്കുന്നതും ഇതിലാണ്. ഈ ഫീച്ചർ ആൽഫ പെട്രോൾ പതിപ്പിലും സ്ട്രോംഗ്-ഹൈബ്രിഡ് പവർടറൈനിന്റെ രണ്ട് വേരിയന്റുകളിലും ലഭ്യമാണ്.
കൂറ്റൻ സൺറൂഫ് ക്യാബിനിലേക്ക് കാര്യമായ രീതിയിൽ വെളിച്ചം പകരുന്നു, രണ്ട് ഗ്ലാസ് പാനലുകളും പിന്നിലേക്ക് വലിയുന്നു എന്നതാണ് ഇതിന്റെ ഭംഗി. ഗ്രാൻഡ് വിറ്റാരയ്ക്ക് 103 bhp, 137 Nm ഔട്ട്പുട്ട് നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു.
കൂടാതെ 116 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ, e-CVT യൂണിറ്റിനൊപ്പം ലഭിക്കുന്നു. സ്ട്രോംഗ്-ഹൈബ്രിഡ് ഗ്രാൻഡ് വിറ്റാരയ്ക്ക് ധാരാളം ന്യൂ ജെൻ സാങ്കേതികവിദ്യയും മികവുറ്റ റിയൽ വേൾഡ് മൈലേജും ചില ട്രൂ ഗ്രീൻ ക്രെഡൻഷ്യലുകളും ലഭിക്കുന്നു. 15.41 ലക്ഷം മുതൽ 19.83 ലക്ഷം രൂപ വരെയാണ് ഇതിന് ചെലവ് വരുന്നത്.
5. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: 16.04 ലക്ഷം മുതൽ 19.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്ന ഈ ടൊയോട്ട പതിപ്പിന് ഗ്രാൻഡ് വിറ്റാരയുടെ പോലെ തന്നെ, പെട്രോൾ എഞ്ചിനോടുകൂടിയ ടോപ്പ്-സ്പെക്ക് V വേരിയന്റിലും സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിനൊപ്പം G, V ട്രിമ്മുകളിലും പനോരമിക് സൺറൂഫ് ഫീച്ചർ ലഭിക്കുന്നു.

ഹൈറൈഡറിന്റെ ബ്ലാക്ക് & ബ്രൗൺ നിറത്തിലുള്ള ഇന്റീരിയർ തീം വളരെ ആകർഷകമായി കാണപ്പെടുന്നു, കൂടാതെ പനോരമിക് സൺറൂഫ് വാഹനത്തിന്റെ പ്രീമിയം അപ്പീൽ ഉയർത്തിക്കാട്ടുന്നു. മാരുതി മോഡലിലേതു പോലെ, അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ 103 bhp, 137 Nm കണക്കുകൾ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനും അതുപോലെ തന്നെ 116 bhp ഔട്ട്പുട്ട് നൽകുന്ന 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനും ഇതിനും ലഭിക്കുന്നു.


Click it and Unblock the Notifications








