റോഡരികിലെ കന്നുകാലിയാണോ 'നമ്പാതെ'; പ്രകോപനമില്ലാതെ ബൈക്കിനെ ഇടിച്ച് തെറുപ്പിച്ച് പോത്ത്
ഇന്ത്യയിലെ ചിലയിടങ്ങളില്‍ നിരത്തുകളില്‍ വാഹനങ്ങളേക്കാള്‍ ഏറെ അലഞ്ഞുതിരഞ്ഞ് നടക്കുന്ന മൃഗങ്ങളെയാണ് കാണാനാകുക. ഇവ പൊതുവെ നിരുപദ്രവകാരികളാണ്. കാട്ടിലൂടെ നടത്തുന്ന സവാരിക്കിടെയാണ് പൊതുവെ വാഹനങ്ങളെ മൃഗങ്ങള്‍ ആക്രമിക്കുന്ന വാര്‍ത്ത നാം കാണാറുള്ളത്.

ചിലപ്പോള്‍ മൃഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രവചനാതീതമായിരിക്കും. അതുകൊണ്ടാണ് മൃഗങ്ങള്‍ പലപ്പോഴും നിരവധി അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ റോഡില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് യാത്രക്കാരനെ ഇടിച്ചിടുന്ന ഒരു പോത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

എവിടെ നിന്നുള്ളതാണ് ഈ വീഡിയോ എന്ന കാര്യം കൃത്യമല്ല. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്. വീഡിയോയില്‍ ഒരു പോത്തും ഒരു സ്ത്രീയും ഇടുങ്ങിയ ഗ്രാമീണ റോഡിലൂടെ നടന്നുപോകുന്നത് കാണാം. പോത്തിനൊപ്പം നടക്കുന്ന സ്ത്രീ അതിന്റെ ഉടമയാണെന്ന് തോന്നുന്നു. അതേസമയം ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഒരാള്‍ റോഡിലൂടെ വരുന്നത് കാണാം.

ബൈക്ക് യാത്രികന്‍ അടുത്തെത്തിയപ്പോള്‍ സ്ത്രീ ഒരു വടികൊണ്ട് പോത്തിന്റെ മുതുകില്‍ അടിക്കുന്നു. ഞെട്ടിത്തരിച്ച പോത്ത് വലത്തോട്ട് തിരിഞ്ഞു. ഒരുപക്ഷേ മോട്ടോര്‍സൈക്കിളിന്റെ ശബ്ദത്തിന് പുറമേ ഉടമയുടെ അടിയും കൂടി കിട്ടിയത് പോത്തിനെ പ്രകോപിപ്പിച്ച് കാണും.

പെട്ടെന്ന് തിരിഞ്ഞ പോത്ത് റോഡിന് കുറുകെ റോയല്‍ എന്‍ഫീല്‍ഡ് റൈഡറുടെ ശരീരത്തിലേക്ക്. ബൈക്ക് യാത്രികന് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയാതെ വന്നതോടെ പോത്തിന്റെ തലയില്‍ ചെന്ന് ഇടിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് അയാള്‍ മോട്ടോര്‍ സൈക്കിളില്‍ നിന്ന് താഴേക്ക് വീണു. ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. എന്നാല്‍ വീണത് പുല്ലിലേക്ക് ആയതിനാല്‍ ഗുരുതര പരിക്കുകളില്‍ നിന്ന് രക്ഷപെട്ടു.

ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി യുവതി ഓടിയെത്തി. എന്നാല്‍ അയാള്‍ വേദന കൊണ്ട് ഞെരുങ്ങുന്നുണ്ടായിരുന്നു. പിന്നാലെ ഇയാളെ സഹായിക്കാന്‍ മറ്റ് വാഹന യാത്രികരും ചേര്‍ന്നു. ബൈക്ക് യാത്രികന്റെ പരിക്ക് സാരമല്ലെന്നാണ് വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചന. ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മെറ്റ് വളരെ സഹായകമാണ്.

കഴിഞ്ഞ ദിവസം ഹെല്‍മെറ്റ് ധരിച്ചതിനാല്‍ രണ്ട് അപകടങ്ങളില്‍ നിന്ന് രക്ഷപെട്ട ഒരാളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് വന്‍ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് 16 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ലഘു വിഡിയോയിലുള്ളത്.

'ഹെല്‍മറ്റ് ധരിക്കുന്നവരെ ദൈവം രക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ ഡല്‍ഹി പൊലീസ് പങ്കുവച്ചിരിക്കുന്നത്. ഒരു ഫിയറ്റ് പുന്തോ കാര്‍ വളക്കാന്‍ ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളെന്നു തോന്നിക്കുന്ന വീഡിയോയില്‍ ആദ്യം കാണാനാവുന്നത്. വാഹനം മെല്ലെയാണ് എടുക്കുന്നത്. പെട്ടെന്ന് ഇടതുവശത്തുകൂടി കുതിച്ചെത്തുന്ന ബൈക്ക് കാറില്‍ തട്ടി സമീപത്തെ പോസ്റ്റില്‍ ഇടിക്കുന്നു. തൊട്ടുപിന്നാലെ ബൈക്കിലെത്തിയയാള്‍ തെറിച്ച് റോഡിലേക്ക് വീഴുന്നു. ഇയാള്‍ അമിതവേഗത്തിലായിരുന്നതിനാല്‍ സമയത്ത് ബ്രേക്ക് ചവിട്ടാന്‍ സാധിച്ചില്ലെന്നാണ് തോന്നുന്നത്.

ഹെല്‍മറ്റ് ധരിച്ചിരുന്ന യുവാവ് പതുക്കെ എഴുന്നോല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നുഅടുത്ത അപകടം. ആദ്യത്തെ വീഴ്ചയില്‍ യുവാവിന് തലക്ക് പരിക്കേറ്റില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാറില്‍ തട്ടിയതിന് പിന്നാലെ ബൈക്ക് റോഡരികിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റില്‍ ഇടിച്ച് കയറിയിരുന്നു. ആദ്യത്തെ അപകടത്തില്‍ നിന്ന് രക്ഷപെട്ട് എഴുന്നേല്‍ക്കുമ്പോള്‍ ആ പോസ്റ്റ് മറിഞ്ഞ് യുവാവിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടു. പോസ്റ്റ് ഇയാളുടെ തലയിലേക്കാണ് പതിച്ചത്. ഹെല്‍മെറ്റ് ധരിച്ചില്ലായിരുന്നെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ ജീവന്‍ നഷ്ടമാകുകയോ ചെയ്യുമായിരുന്നു.

കന്നുകാലികളെ സൂക്ഷിക്കുക
വാഹനങ്ങളെ കന്നുകാലി ആക്രമിച്ച സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത് ദാരുണമായിരുന്നു. തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഒരു ബൈക്ക് യാത്രികനെ റോഡില്‍ ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ സമീപകാലത്ത് വൈറലായിരുന്നു. യാത്രികനെ ആക്രമിക്കന്‍ തക്കതായ കാരണം ഒന്നും ആ വീഡിയോയില്‍ കാണാന്‍ സാധിക്കില്ല. അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ കാര്യം പ്രവചനാതീതമാണ്. സുരക്ഷിതരായിരിക്കാന്‍ അവയില്‍ നിന്ന് അകലം പാലിക്കുകയാണ് ചെയ്യേണ്ടത്.

ഇന്ത്യയിലെ പല ഹൈവേകളിലും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഒരു പ്രധാന പ്രശ്‌നമാണ്. അവയെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കാര്യമായൊന്നും അധികാരികള്‍ ചെയ്തിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ രാത്രിയില്‍ കൂടുതല്‍ ദൃശ്യമാകുന്നതിനായി അവയുടെ കൊമ്പുകളില്‍ റിഫ്‌ലക്ടീവ് സ്റ്റിക്കറുകള്‍ പതിപ്പിച്ചിരുന്നു. എന്നാല്‍ ഇവയെ റോഡുകളില്‍ നിന്ന് മാറ്റി സുരക്ഷിതമായ ഇടങ്ങളില്‍ പാര്‍പ്പിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല.

ഇന്ത്യന്‍ റോഡുകളില്‍ വാഹനമോടിക്കുന്നത് എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം. ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പ് റാഡിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. കന്നുകാലികളും തെരുവ് നായ്ക്കളും എപ്പോള്‍ വേണമെങ്കിലും മുന്നിലേക്ക് ചാടാം. വാഹനങ്ങളെ അന്ധമായി മറികടക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകും.


Click it and Unblock the Notifications








