വൈറലാകാന്‍ എന്തും...കോടി രൂപയുടെ കാറിന് ചുറ്റിക കൊണ്ട് ഇൻഫ്ലുവൻസറുടെ ' ബില്‍ഡ് ക്വാളിറ്റി ടെസ്റ്റ്'
സോഷ്യല്‍ മീഡിയ ഇന്ന് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സ് ഉള്ള വ്യക്തികളാണ് 'ഇൻഫ്ലുവൻസർമാര്‍'. ഇന്ന് നല്ല എന്റര്‍ടെയിന്‍മെന്റ് ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ പലതും ചെയ്ത് കൂട്ടുന്നത് നമ്മള്‍ കാണുന്നുണ്ട്.
ഉത്തരേന്ത്യയില്‍ ഒരു യൂട്യൂബര്‍ ദീപാവലി സമയത്ത് ലക്ഷത്തിലധികം പടക്കം തന്റെ കാറിന്റെ മുകളില്‍ അലങ്കരിച്ച് തീകൊളുത്തിയ സംഭവം ഒരുപക്ഷേ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചിലരുടെ കാട്ടിക്കൂട്ടലുകള്‍. അത്തരത്തില്‍ മറ്റൊരു ഇൻഫ്ലുവൻസറുടെ പ്രവര്‍ത്തിയാണിപ്പോള്‍ വൈറല്‍. ഒരുകോടി രൂപയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറുടെ ബില്‍ഡ് ക്വാളിറ്റി പരിശോധിക്കുകയാണ് കക്ഷി ചെയ്തത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, അപാരമായ ഓഫ്-റോഡിംഗ് കഴിവുകളുള്ള ഒരു പ്രീമിയം ലക്ഷ്വറി എസ്‌യുവിയാണ്.

ഓഫ്-റോഡിംഗ് സാഹസികതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ഒരു കൂട്ടം സെലിബ്രിറ്റികള്‍ക്ക് ഇഷ്ടപ്പെട്ട വാഹനം കൂടിയാണ് ലാൻഡ് റോവർ ഡിഫൻഡർ. ഏറ്റവും പുതിയ വീഡിയോയില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ബില്‍ഡ് ക്വാളിറ്റി 'ടെസ്റ്റ്' ചെയ്യാന്‍ ഇദ്ദേഹം അവലംബിച്ച രീതിയാണ് പലരുടെയും നെറ്റി ചുളിപ്പിക്കുന്നത്. ഇവിടെ ഇൻഫ്ലുവൻസർ ചുറ്റിക കൊണ്ട് അടിച്ചുകൊണ്ടാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ബില്‍ഡ് ക്വാളിറ്റി 'ടെസ്റ്റ്' ചെയ്യാന്‍ ശ്രമിച്ചത്. വീഡിയോ ക്ലിപ്പ് യൂട്യൂബ് ഷോര്‍ട്‌സിലാണ് പങ്കുവെച്ചിരിക്കുന്നത്.
അതില്‍ ഒരു യുവാവ് കയ്യില്‍ ചുറ്റികയുമായി പ്രീമിയം എസ്‌യുവിയെ സമീപിക്കുന്നത് കാണാം. കൂടാതെ, ഒരു സ്‌ക്രൂഡ്രൈവറും കൈയ്യില്‍ ഉണ്ട്. ആദ്യം അവന്‍ ചുറ്റിക കൊണ്ട് ലാൻഡ് റോവർ ഡിഫന്‍ഡറിന്റെ ബോണറ്റില്‍ അടിക്കുന്നു. കുറച്ച് അടികള്‍ക്ക് ശേഷം എസ്‌യുവിയുടെ ബോഡി ചെത്തിക്കളയാന്‍ അദ്ദേഹം സ്‌ക്രൂഡ്രൈവര്‍ ഉപയോഗിക്കുന്നു. അവന്‍ സ്‌ക്രൂഡ്രൈവര്‍ ഒരു ആണിയായി ഉപയോഗിക്കുകയും ബോണറ്റിലേക്ക് ഒരു ചുറ്റിക കൊണ്ട് അടിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം.
കുറച്ച് അടികള്‍ക്ക് ശേഷമാണ് എസ്‌യുവിയുടെ ബോഡി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ചെത്തിയെടുത്ത് കളയുന്നത്. ഇൻഫ്ലുവൻസർ നിരന്തരം എസ്‌യുവിയില്‍ ഇടിക്കുന്നുണ്ട്. കുറച്ച് സമയത്തിന് ശേഷം, ഡിഫന്‍ഡറിന്റെ ബോണറ്റില്‍ ഒരു തുള വീണ് തുടങ്ങുന്നു. മറ്റിടങ്ങളിലും അവന്‍ അതുതന്നെ ചെയ്യുന്നു. ചുറ്റികയും സ്‌ക്രൂഡ്രൈവറും കൊണ്ടുള്ള യുവാവിന്റെ ടെസ്റ്റിംഗ് കാരണം എസ്‌യുവിയുടെ ബോഡിയില്‍ വലിയ രണ്ട് പാടുകള്‍ വീണത് കാണാം. എന്നാല്‍ ഈ വീഡിയോ കൊണ്ട് ഈ വ്യക്തി എന്ത് സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നാണ് ആര്‍ക്കും മനസ്സിലാകാത്തത്.
ഇത്തരം 'ടെസ്റ്റിംഗ്' രീതികള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് സൂചിപ്പിച്ച് കൊള്ളട്ടെ. ഇത്തരം കണ്ടന്റുകള്‍ ഒരു പ്രേത്യക തരം പ്രേക്ഷകരെ രസിപ്പിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഒരു കാറിന്റെയും യഥാര്‍ത്ഥ നിര്‍മ്മാണ നിലവാരവുമായി യാതൊരു ബന്ധവുമില്ല. NCAP പോലുള്ള നിയുക്ത അധികാരികളാണ് യഥാര്‍ത്ഥ ടെസ്റ്റുകള്‍ നടത്തുന്നത്. ഉയര്‍ന്ന വേഗതയില്‍ യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളിലും അവര്‍ വാഹനങ്ങള്‍ അവര്‍ പരീക്ഷിക്കുന്നു. വാഗ്ദാനം ചെയ്യുന്ന സുരക്ഷാ ഉപകരണങ്ങളുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും അവര്‍ പരിശോധിക്കുന്നു. ആ ഫലങ്ങള്‍ മാത്രമേ ഗൗരവമായി എടുക്കാവൂ. ഏതായാലും വാഹനങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഏതായാലും ഈ ഇൻഫ്ലുവൻസർ കാണിച്ച പ്രവര്‍ത്തി ഏതായാലും ഇഷ്ടപ്പെട്ട് കാണില്ല.
ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ചില ഇൻഫ്ലുവൻസർമാര്‍ കാറുകളുടെ സുരക്ഷ ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യുന്ന വീഡിയോയും അടുത്ത കാലത്തായി പുറത്തു വന്നിരുന്നു. വ്യത്യസ്ത ക്യാമറകളും സെന്‍സറുകളും എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നല്‍കുന്ന ഒരു റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ADAS. 8 ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ആയിരുന്നു അടുത്തിടെ വൈറലായ ഒരു വീഡിയോയില്‍ ADAS ഫീച്ചര്‍ ദുരുപയോഗം ചെയ്തത്.
മഹീന്ദ്ര XUV700 ഒരു ഹൈവേയിലൂടെ ഓടുമ്പോള്‍ ഡ്രൈവര്‍ ഇരു കാലുകളും സീറ്റില്‍ കയറ്റിവെച്ച് ഭക്ഷണം കഴിക്കുകയായിരുന്നു ഇയാള്‍. കാര്‍ മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗതയില്‍ പായുമ്പോള്‍ ആണ് ഇയാള്‍ ഭക്ഷണം കഴിക്കുന്നതെന്ന് ഓര്‍ക്കണം. ഇയാളുടെ കൈകളും കാലുകളും വാഹനത്തെ നിയന്ത്രിക്കാന്‍ പറ്റുന്ന അകലത്തിലല്ല ഉണ്ടായിരുന്നത്. കാര്‍ റോഡിലൂടെ സ്വയം ഓടുമ്പോള്‍ പെട്ടന്ന് റോഡില്‍ എന്തെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അത് വലിയ അപകടത്തിന് കാരണമായേക്കാം. ADAS ഫീച്ചര്‍ സജീവമായിരിക്കേ ഒരു ഡ്രൈവര്‍ പാസഞ്ചര്‍ സീറ്റില്‍ നിന്ന് കാര്‍ സ്വയം ഓടുന്ന വീഡിയോ എടുക്കുന്നതിന്റെ ദൃശ്യങ്ങളും അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.


Click it and Unblock the Notifications








