പുതിയ Bentley വാങ്ങിയ സന്തോഷം ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചു; ബില്‍ഡറുടെ മകന്‍ അറസ്റ്റില്‍
പിതാവ് സമ്മാനമായി നല്‍കിയ ബെന്റ്‌ലി കാറിന്റെ ഡെലിവറി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ച യുവാവ് അറസ്റ്റിലായി. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.

ഒരു പുതിയ കാര്‍ വാങ്ങുന്നത് എല്ലാവര്‍ക്കും ഭയങ്കര സന്തോഷം പകരുന്ന ഒരു നിമിഷമാണ്. അത് ഒരു ചെറിയ എന്‍ട്രി ലെവല്‍ കാറോ വലിയ ആഡംബര കാറോ ആണെങ്കിലും ലഭിക്കുന്ന അനുഭൂതി ഒന്നാകും. പുതിയ കാര്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സന്തോഷം ആളുകള്‍ പല രീതിയിലാണ് പ്രകടിപ്പിക്കാറുള്ളത്.

എന്നാല്‍ മൊഹാലിയില്‍ നിന്നുള്ള ഒരു യുവാവ് തന്റെ പുതിയ കാര്‍ ഡെലിവറി ചെയ്യുന്നതിനിടയില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്താണ് സന്തോഷം പ്രകടിപ്പിച്ചത്. നഗരത്തിലെ ഒരു കാര്‍ ഷോറൂമിന് പുറത്ത് വെച്ചാണ് ശുഭം രാജ്പുത് എന്ന വ്യക്തി തുറസ്സായ സ്ഥലത്ത് വെടിയുതിര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

മൊഹാലിയിലെ ഒരു യൂസ്ഡ് കാര്‍ ഡീലറുടെ അടുത്ത് നിന്ന് യൂസ്ഡ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിയുടെ ഡെലിവറി എടുക്കുന്നതിനിടയിലാണ് രജ്പുത് തന്റെ സന്തോഷം വിചിത്രമായ രീതിയില്‍ പ്രകടിപ്പിച്ചത്. പുതുതായി വാങ്ങിയ ബെന്റ്ലിക്ക് സമീപം നിന്ന് ശുഭം രാജ്പുത് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇന്ത്യയിലെ പ്രമുഖ ആഡംബര യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകളിലൊന്നായ ബിഗ് ബോയ്സ് ടോയ്സില്‍ നിന്നാണ് ശുഭം രാജ്പുത് ബെന്റ്‌ലി കാര്‍ വാങ്ങിയത്. യുവാവിന്റെ മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയതാണ് കാര്‍ എന്നാണ് വിവരം. വാഹനം ഡെലിവറി എടുക്കുന്നതിനിടെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. വാഹനത്തിനു ചുറ്റും നിരവധിയാളുകള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാനാകും.

യുവാവിനെതിരെ കേസ്
വീഡിയോ വൈറലായതോടെ ശുഭം രാജ്പുത്തിനെതിരെ മൊഹാലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൊഹാലി ജില്ലയിലെ ഖരാര്‍ പട്ടണത്തില്‍ നിന്നുള്ള പ്രശസ്ത ബില്‍ഡറുടെ മകനാണ് ശുഭം രാജ്പുത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ആയുധ നിയമത്തിലെയും 336-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനും തുറന്ന സ്ഥലങ്ങളില്‍ ഉപയോഗിച്ചതിനുമാണ് യുവാവിനെതിരെ കേസ് ചാര്‍ജ് ചെയ്തത്.

കൂടാതെ ശുഭം എങ്ങനെയാണ് ആയുധം സ്വന്തമാക്കിയതെന്നും സാധുതയുള്ള ലൈസന്‍സില്ലാതെ അത് ഉപയോഗിച്ചുവെന്നതിനെയും കുറിച്ച് മൊഹാലി പൊലീസ് അന്വേഷണം ആരംഭിച്ചു.യുവാവ് വാങ്ങിയ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നിര്‍മാണം നിര്‍ത്തിയ മോഡലാണ്. 3.29 കോടി രൂപയായിരുന്നു ഈ ഫോര്‍ സീറ്റര്‍ കൂപ്പെയുടെ വില. പരമാവധി 500 bhp പവറും 820 Nm ടോര്‍ക്കും ഈ കാര്‍ ഉത്പാദിപ്പിക്കും. നിരത്തില്‍ അധികം കാണപ്പെടാത്തത് കൊണ്ട് തന്നെ എക്‌സ്‌ക്ലൂസീവാണ് ഈ കാര്‍.

പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷത്തില്‍ വെടിയുതിര്‍ക്കുന്നത് തമാശയായി തോന്നാമെങ്കിലും അത് ഒരു കുറ്റകൃത്യമാണ്. അനധികൃതമായി ആയുധം കൈയ്യില്‍ വെക്കുന്നതും അവ ഉപയോഗിക്കുന്നതും ആയുധ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ സാധാരണമായിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷോ കാണിക്കാനും ശ്രദ്ധ നേടാനുമാണ് ഇത്തരം പ്രവര്‍ത്തികള്‍ അരങ്ങേറുന്നത്.

കാറോടിക്കുന്ന സമയത്ത് ചെറുപ്പക്കാര്‍ ആകാശത്തേക്ക് തോക്കുകള്‍ ഉയര്‍ത്തുന്ന വീഡിയോണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലരും തമാശയായിട്ടാണ് ഇത് എടുക്കുന്നതെങ്കിലും ഇവര്‍ പൊതുജനത്തിന് അപകടവും വലിയ ശല്യവുമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം വീഡിയോകള്‍ തെളിവാക്കി പൊലീസ് നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications