ഇതുണ്ടാക്കിയ പണം കൊണ്ട് മലയാളത്തില്‍ പടം നിര്‍മിക്കാം! കല്‍ക്കിയിലെ 'സംസാരിക്കുന്ന' കാര്‍ അടുത്തറിയാന്‍ അവസരം
ഐഎംഡിബിയുടെ കണക്ക് പ്രകാരം 2024-ല്‍ പുറത്തിറങ്ങി ജനശ്രദ്ധ നേടിയ 10 പടങ്ങളില്‍ ഒന്നാം സ്ഥാനത്ത് കല്‍ക്കി 2898 എഡിയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. തെലുഗു സൂപ്പര്‍ താരം പ്രഭാസിനൊപ്പം ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍ ആയിരുന്നു നായിക. 600 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. ജൂണ്‍ 27ന് പുറത്തിറങ്ങിയ ചിത്രം 1100 കോടി രൂപയാണ് ഇതുവരെ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്.
ഈ വര്‍ഷം 1000 കോടി ക്ലബ്ബ് എന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമാണ് കല്‍ക്കി.ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നികൊണ്ട് ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. കഥാപാത്രങ്ങള്‍ കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് സ്ഥലങ്ങള്‍ക്കും പുറമെ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ബുജ്ജി കാര്‍. എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹനമാണിത്.

നായകനായ പ്രഭാസിന്റെ സന്തതസഹചാരിയായ ബുജ്ജിക്ക് ചിത്രത്തില്‍ നിര്‍ണായക റോളുണ്ട്. റോബോട്ടിക് കാര്‍ ആയതിനാല്‍ തന്നെ മനുഷ്യശബ്ദത്തില്‍ സംസാരിക്കാനും ബുജ്ജിക്ക് സാധിക്കും. തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി സുരേഷാണ് ബുജ്ജിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ ഭൂരിഭാഗം സ്ഥലത്തും ഗ്രാഫിക്സിന്റെ കൂടി സഹായത്തിലാണ് ബുജ്ജിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും ശരിക്കുള്ള ബുജ്ജിയെ കല്‍ക്കി 2898എഡി ടീം നിര്‍മിച്ചിട്ടുണ്ട്.
നേരത്തെ മഹീന്ദ്ര ചെയര്‍പേഴ്സണായ ആനന്ദ് മഹീന്ദ്രയും ഈ ഫ്യൂച്ചറിസ്റ്റിക് വാഹനത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. നേരത്തെ ഈ കാര്‍ തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ബുജ്ജി കാര്‍ കര്‍ണാടകയിലെ ബെംഗളൂരുവിലുമെത്തിയിരിക്കുകയാണ്. ബാംഗ്ലൂര്‍ മലയാളീസിന് ഇപ്പോള്‍ സൗത്ത് ബാംഗ്ലൂര്‍ ഫോറം മാളില്‍ ചെന്നാല്‍ ഭൈരവയുടെ സ്വന്തം ബുജ്ജിയെ പരിചയപ്പെടാം.

ബുജിയെ നിര്‍മിച്ചതിന്റെ പിന്നിലെ കഥ നോക്കിയാല്‍ എഞ്ചിനീയറിങ്ങ് വശമില്ലാത്തത് കൊണ്ട് സഹായത്തിനായി സംവിധായകന്‍ ആനന്ദ് മഹീന്ദ്രയോട് ട്വീറ്റ് ചെയ്യുകയും ഒരു ടീമിനെ അണിനിരത്തുകയും ചെയ്യുകയായിരുന്നു. റേസ് കാറുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ ജയം മോട്ടോഴ്സുമായി ബന്ധപ്പെടാന്‍ ആനന്ദ് മഹീന്ദ്രയാണ് സഹായിച്ചത്.മഹീന്ദ്രയും ജയം ഓട്ടമോട്ടീവ്സും ബുജ്ജിയെ നിര്‍മിച്ചെടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കി. മഹീന്ദ്ര തന്നെയാണ് ബുജ്ജിയുടെ ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളും നിര്‍മിച്ചത്.
അസാധാരണ വലിപ്പമുള്ള മൂന്നു ടയറുകളിലാണ് ബുജ്ജിയുടെ സഞ്ചാരം. മുന്നില്‍ രണ്ടെണ്ണവും പിന്നില്‍ ഒരെണ്ണവുമാണ് നല്‍കിയിരിക്കുന്നത്. 34.5 ഇഞ്ച് വലിപ്പമുള്ള മുന്നിലെ രണ്ട് ടയറുകള്‍ പ്രത്യേകം നിര്‍മിച്ചു നല്‍കിയിരിക്കുന്നത് സിയറ്റാണ്. ഇതിനായുള്ള അലോയ് വീലുകള്‍ പ്രത്യേകം ഇറക്കുമതി ചെയ്യുകയായിരുന്നു. ഗ്ലാസ് ഡോം ഉപയോഗിച്ചാണ് വാഹനത്തിന് നടുവിലായുള്ള ഡ്രൈവര്‍ സീറ്റ് മൂടിയിരിക്കുന്നത്.

6,075 mm നീളവും 3,380 mm വീതിയും 2,186 mm ഉയരവുമുള്ള കൂറ്റന്‍ വാഹനമാണ് ബുജ്ജി. മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S ക്ലാസിനേക്കാള്‍ 500 mm നീളമുള്ളതാണ് ബുജ്ജി. രണ്ട് ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവികള്‍ നിരത്തിയിടുന്ന അത്രത്തോളം വരും വീതി. ഇരട്ട വൈദ്യുത മോട്ടോറുകള്‍ക്കൊപ്പം, റിയര്‍-വീല്‍-ഡ്രൈവ് മോണ്‍സ്റ്ററിന് 126 bhp (94 kW) പവര്‍ ഔട്ട്പുട്ടും 9,800 Nm ടോര്‍ക്കും ഉണ്ട്.
47 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ബുജ്ജി പവര്‍ എടുക്കുന്നത്. ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. 6 ടണ്‍ ഭാരം വരുന്ന ഈ വാഹനത്തിന്റെ നിര്‍മ്മാണത്തിന് മാത്രം നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് 7 കോടി രൂപ പൊടിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








