മിന്നൽ മുരളിയെ വെല്ലും സേവ്! യാത്രക്കാരനെ ഒറ്റക്കൈയ്ക്കു പിടിച്ച് ജീവിതത്തിലേക്ക് വലിച്ചുകയറ്റി കണ്ടക്ടർ
അപകങ്ങളിൽ നിന്നും തലനാരിഴയ്ക്ക് വളരെ അത്ഭുതകരമായി രക്ഷപ്പെടുക എന്നത് ഒരു ഭാഗ്യം തന്നെയാണ് എന്നേ പറയാൻ കഴിയൂ. ജീവൻ പോലും നഷ്ടപ്പെടാവുന്ന വലിയ അപകടങ്ങളുടെ വക്കിൽ നിന്ന് തിരികെ ജീവിതം ലഭിച്ച അനേകരുണ്ട്. പല സംഭവങ്ങളിലും ഇവരെ രക്ഷിച്ച ഒരു വ്യക്തിയും കൂടെയുണ്ടാവും. സിനിമയിലും മറ്റും ഇത്തരത്തിൽ സൂപ്പർ ഹീറോസ് രക്ഷപെടുത്താറുണ്ട്, എന്നാൽ റിയൽ ലൈഫ് ഹീറോസായ ചിലരുണ്ട്. അത്തരത്തിൽ വൈറലായിരിക്കുന്ന ഒരു വ്യക്തിയേയും അദ്ദേഹം കാരണം ഒഴിവായി പോയ ഒരു അപകടത്തേയും കുറിച്ചാണ് ഞാൻ ഈ ലേഖനത്തിൽ നിങ്ങളോട് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.
ബസിൽ നിന്ന് പുറത്ത് വഴിയിലേക്ക് വീഴാനൊരുങ്ങിയ യാത്രക്കാരനെ കണ്ണിമയ്ക്കുന്ന നേരത്തിനുള്ളിൽ ഒറ്റ കൈ കൊണ്ട് പിടിച്ചു മുകളിലേക്ക് കയറ്റുന്ന ബസ് കണ്ടക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് വളരെ പെട്ടെന്നാണ്. വലിയ അപകടത്തിൽ നിന്ന് വളരെ പെട്ടെന്നാണ് കണ്ടക്ടർ യാത്രക്കാരനെ രക്ഷിക്കുന്നത് എന്ന് നമുക്ക് കാണാം.

ചവറ -അടൂർ -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന 'സുനിൽ' ബസിൽ വെച്ച് നടന്ന സംഭവം നാടറിഞ്ഞതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമായി കണ്ടക്ടറായ ബിജിത്ത് ലാലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബസിന്റെ പിന്നിലൂടെ കയറിയ യാത്രക്കാരൻ തന്റെ കൈയ്യിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷം മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വീഴാൻ പോയത് എന്ന് ബിജിത്ത് വ്യക്തമാക്കുന്നു.
യാത്രക്കാരന്റെ കൈതട്ടി തന്നെയാകാം ഡോറും തുറന്നത്, എന്നാൽ വീഴുന്നതിന് തൊട്ടു മുമ്പ് തന്റെ കൈയിൽ തട്ടിയതുകൊണ്ട് തനിക്ക് പെട്ടെന്ന് ചാടിപിടിക്കാനായി, നോക്കാൻ പോലും സമയം ലഭിക്കുന്നതിന് മുമ്പ് പിടിച്ചു കയറ്റുകയായിരുന്നു എന്ന് ബിജിത്ത് പറയുന്നു. താൻ ബസിനുള്ളിൽ നിന്ന പൊസിഷൻ ശരിയായതുകൊണ്ട് മാത്രമാണ് താനും വീഴാതിരുന്നത്.
ബാക്കിയെല്ലാം ദൈവത്തിന്റെ ഇടപെടലാണ് എന്ന് കണ്ടക്ടർ പറയുന്നു. സംഭവത്തിനു ശേഷം യാത്രക്കാരനോട് സുരക്ഷിതമായി ഇരിക്കാൻ പറഞ്ഞു. ഭയന്ന് പോയതിനാൽ ടിക്കറ്റ് എടുത്ത സ്റ്റോപ്പിൽ പോലുമല്ല അയാൾ ഇറങ്ങിയത്. കഴിഞ്ഞ പത്തു പന്ത്രണ്ട് വർഷമായി ബസിൽ ജോലി ചെയ്യുന്ന തനിക്ക് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടാകുന്നത് എന്ന് ബിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒരൊറ്റ ദിവസം കൊണ്ട് സൂപ്പർ ഹീറോ പരിവേഷമാണ് ബിജിത്തിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് വൈറൽ വീഡിയോയ്ക്ക് ആസ്പദമായ ഈ സംഭവം നടക്കുന്നത്. ചവറ പന്തളം റൂട്ടിൽ കാരളിമുക്ക് എന്ന സ്ഥലത്ത് നിന്ന് കയറിയ യാത്രക്കാരനാണ് ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയത്.

കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം യാത്രക്കാരന് സംഭവിക്കാതിരുന്നത് എന്നതാണ് വാസ്തവം. ബസ് കണ്ടക്ടറായ ബിജിത്തിന്റെ സുഹൃത്തുക്കളാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വളരെ പെട്ടെന്നു തന്നെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനു പിന്നാലെ ഇപ്പോൾ നിരവധി പേരാണ് ബിജിത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്.
സൂപ്പർ ഹീറോ പടങ്ങളിൽ കാണുന്നത് പോലെയുള്ള ഒരു മാസ് സീൻ തന്നെയാണിത്. നമ്മുടെ മിന്നൽ മുരളി നോക്കാതെ തന്നെ പുറംകാലുകൊണ്ട് താഴെ വീണ ഫ്ലാസ്ക് തട്ടി മുകളിൽ ഇരുത്തുന്നതു പോലെ തന്നെ പെട്ടെന്നായിരുന്നു ബിജിത്തിന്റെ ഇടപെടലും. വിഡിയോ വൈറലായതിനെ തുടർന്ന് പത്തനംതിട്ട എൻഫോഴ്സ്മെന്റ് RTO ബിജിത്തിനെ അഭിനന്ദിക്കുകയും തന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ധിച്ചു കൊണ്ട് മൊമന്റോ സമ്മാനിക്കുകയും ചെയ്തു.


Click it and Unblock the Notifications








