ക്ഷേത്രാങ്കണത്തില്‍ പറന്നിറങ്ങി ഹെലികോപ്റ്റര്‍; മടങ്ങിയത് വാഹന പൂജ കഴിഞ്ഞ്
ഇന്ന് മനുഷ്യന്റെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് വാഹനങ്ങള്‍. വാഹനത്തെ ആരാധിക്കുന്ന ഒരുപാടാളുകളെ ചുറ്റും നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും. അവരില്‍ പലരും ബൈക്കുകളെയും കാറുകളെയും അതിരറ്റ് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ചിലര്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയാല്‍ അവരുടെ വിശ്വാസ പ്രകാരം ക്ഷേത്രത്തില്‍ കൊണ്ടുപോയി വാഹനം പൂജിക്കും.
കാറും ബൈക്കുമെല്ലാം ഇത്തരത്തില്‍ പൂജിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ഹെലികോപ്റ്റര്‍ വാഹന പൂജക്കായി ക്ഷേത്രമുറ്റത്ത് പറന്നിറങ്ങിയ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. ഹെലികോപ്റ്ററുകള്‍ പൂജിക്കുന്നത് വളരെ അപൂര്‍വമായി മാത്രമേ നമുക്ക് കാണാനാകൂ. അടുത്തിടെ തെലങ്കാനയിലെ പ്രശസ്ത പുണ്യസ്ഥലമായ യാദാദ്രിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പൂജിച്ച സംഭവം പുറത്തു വന്നിരിക്കുന്നത്. കരീംനഗര്‍ ജില്ലയിലെ പ്രതിമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എംഡിയും ഹൈദരാബാദ് എയര്‍ലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ബോയ്‌നപ്പള്ളി ശ്രീനിവാസ റാവു ആണ് ഈ ഹെലികോപ്റ്റര്‍ വാങ്ങിയത്.

ഈ പുതിയ ഹെലികോപ്റ്ററിന് വേണ്ടി ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ വലിയ തോതിലുള്ള പൂജ നടന്നു. ശ്രീനിവാസ റാവുവിന്റെ ബന്ധുവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ സിഎച്ച് വിദ്യാസാഗര്‍ റാവുവും ചടങ്ങില്‍ പങ്കെടുത്തു. ഹെലികോപ്റ്റര്‍ പൂജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എപ്പോഴും ചെറിയ വാഹനങ്ങളില്‍ പൂജ നടത്തുന്നത് മാത്രം കണ്ടിട്ടുള്ള നിരവധി പേര്‍ ഹെലികോപ്റ്റര്‍ പൂജ നടത്തുന്നതു കാണാന്‍ സംഭവ സ്ഥലത്ത് തടിച്ച് കൂടി.
പ്രതിമ ഗ്രൂപ്പിന്റെ ഉടമ ബോയിന്‍പള്ളി ശ്രീനിവാസ് റാവു വാങ്ങിയ ഈ ഹെലികോപ്റ്റര്‍ എയര്‍ബസ് ACH-135 ആണെന്നാണ് അറിയാന്‍ കഴിയുന്നത്. മൂന്ന് പൂജാരിമാരുടെ നേതൃത്വത്തില്‍ ശ്രീനിവാസ് റാവുവിന്റെ കുടുംബാംഗങ്ങള്‍ ഈ പുതിയ ഹെലികോപ്റ്ററിന് പൂജ നടത്തി. പൂജ നടത്തിയ ശേഷം ഹെലികോപ്റ്റര്‍ സവാരി നടത്തുകയും ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്തുകയും ചെയ്തു. ഈ എയര്‍ബസ് ACH 135 ഹെലികോപ്റ്ററിന് 500 കിലോമീറ്റര്‍ റേഞ്ച് ഉണ്ടെന്നും 7200 അടി ഉയരത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും പൈലറ്റ് വെളിപ്പെടുത്തി.
ഈ ഹെലികോപ്റ്ററിന് 5.7 ദശലക്ഷം ഡോളര്‍ വിലവരുമെന്നാണ് സൂചന. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ ഏകദേശം 47.1 കോടി രൂപയാകും. എയര്‍ബസിന്റെ ഏറ്റവും വിജയകരമായ ഭാരം കുറഞ്ഞ റോട്ടര്‍ക്രാഫ്റ്റുകളിലൊന്ന് എന്നാണ് ഈ ഹെലികോപ്റ്ററിനെ എയര്‍ബസിന്റെ വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്നത്. H135-ന്റെ ഒതുക്കമുള്ള നിര്‍മാണം, കുറഞ്ഞ ശബ്ദം, വിശ്വാസ്യത, വൈവിധ്യം, ചെലവ് കുറവ് എന്നിവയ്ക്ക് പേരുകേട്ടതാണെന്നും അവര്‍ പറയുന്നു. ട്വിന്‍-എഞ്ചിന്‍ വിഭാഗത്തില്‍ പെടുന്ന H135-ന് ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന, പരിപാലനച്ചെലവുകളാണുള്ളത്.
ഇതിന് വൈവിധ്യമാര്‍ന്ന ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും. ഒപ്പം തന്നെ ഏതാണ്ട് എവിടെയും ഇറങ്ങാനും കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രത്യേകിച്ച് ഉയര്‍ന്നതും ചൂടുള്ളതുമായ കാലാവസ്ഥയിലാണ് ഇത് സാധ്യമാകുക. അതിന്റെ ക്ലാസിലെ മറ്റ് ഹെലികോപ്റ്ററുകളേക്കാള്‍ കൂടുതല്‍ ദൂരത്തേക്ക് കൂടുതല്‍ പേലോഡ് വഹിക്കാന്‍ ഇതിനാകും. ഇന്‍ഫ്രാസ്ട്രക്ചര്‍, ഊര്‍ജം, മാനുഫാക്ചറിംഗ്, ടെലികോം മേഖലകളില്‍ മാത്രമല്ല, മെഡിക്കല്‍ കോളേജുകളും ആശുപത്രികളുമായി ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് പ്രതിമ ഗ്രൂപ്പ്.
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിമ ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യമുള്ള എല്ലാ മേഖലകളിലും തങ്ങളുടേതായ ശൈലിയില്‍ മുന്നേറുകയും ചെയ്യുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം യാദാദ്രി ക്ഷേത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. നിലവില്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തിലേക്ക് ധാരാളമായി ഒഴുകുകയാണ്. ഇതാദ്യമായല്ല യാദാദ്രിയില്‍ ഹെലികോപ്റ്ററിന് വേണ്ടി പ്രത്യേക പൂജ നടത്തുന്നത്.
കാരണം അവിഭക്ത ആന്ധ്രാപ്രദേശ് ആയിരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഹെലികോപ്റ്റര്‍ ആയിരുന്നു യാദാദ്രി ക്ഷേത്രത്തില്‍ ആദ്യമായി വാഹനപൂജ നടത്തിയത്. അന്നത്തെ മുഖ്യമന്ത്രി അഞ്ജയ്യയായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തില്‍ ഹെലികോപ്റ്റര്‍ പൂജിക്കുന്നത്. ഇന്ത്യയില്‍ നിരവധിയാളുകള്‍ വാഹനം വാങ്ങിയാല്‍ പൂജിച്ച ശേഷം മാത്രമേ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നുള്ളൂ. തെലുഗു നടന്‍ പവന്‍ കല്യാണിന്റെ പ്രചാരണ രഥമായ 'വരാഹി'ക്കും പ്രത്യേക പൂജ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


Click it and Unblock the Notifications








