ജീവനില്‍ കൊതിയുണ്ടോ? എന്നാല്‍ കാറില്‍ എസിയിട്ട് കിടന്നുറങ്ങല്ലേ... ഇതറിഞ്ഞാല്‍ ആവര്‍ത്തിക്കില്ല
കാറില്‍ എസി ഓണാക്കിയിട്ട് ഉറങ്ങുന്ന ശീലം പലര്‍ക്കും ഉണ്ട്. മദ്യ ലഹരിയില്‍ കാറില്‍ എസി ഓണാക്കിയിട്ട് ഉറങ്ങുന്നവരും ഉണ്ടാകും. എന്നാല്‍ ഇത് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത്. രാത്രിയില്‍ കാറില്‍ കയറി എസി ഇട്ട് ഉറങ്ങിയ ഡ്രൈവര്‍ മരിച്ച സംഭവമാണ് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നത്. കാറില്‍ എസിയിട്ട് ഉറങ്ങുന്നത് മരണത്തിലേക്ക് നയിക്കുമോ എന്നായിരിക്കും പലരുടെയും സംശയം. എന്നാല്‍ ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. കാറിനുള്ളില്‍ എസി ഓണാക്കി രാത്രി മുഴുവന്‍ ഉറങ്ങാന്‍ പാടില്ല എന്ന് പറയാനുള്ള കാരണമാണ് നമ്മള്‍ ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഈ സംഭവം നടക്കുന്നത്. 36-കാരനായ കല്ലു ദുബെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്ത് വന്നിരുന്നത്. രാത്രി അവസാന ട്രിപ്പ് എടുത്ത ശേഷം ഡ്രൈവര്‍ക്ക് കാറില്‍ സ്വന്തം വീട്ടിലേക്ക് പോകാം. പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് ഹാജരായാല്‍ മതി. ഡ്രൈവറുടെ ലൊക്കേഷന്‍ അടക്കമുള്ള എല്ലാ വിവരങ്ങളും മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചതിനാല്‍ മുതലാളിമാര്‍ക്കും യാതൊരു ടെന്‍ഷനുമില്ലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ദുബെ സമീപത്തെ മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി കുടിച്ചു. ഇദ്ദേഹം അമിതമായ അളവില്‍ മദ്യം കഴിച്ചതായാണ് പറയപ്പെടുന്നത്. ശേഷം മദ്യശാലയ്ക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം നാല് വിന്‍ഡോകളും ഉയര്‍ത്തി എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ മുഴുവന്‍ ദിവസത്തേക്ക് ദുബെയുടെ കാറിന് സവാരി ലഭിച്ചു.
എന്നാൽ ആപ്പില്‍ കണക്ടഡായ മൊബൈലില്‍ നിന്ന് പ്രതികരണം ഒന്നും കാണാതിരുന്നതോടെ ട്രാവല്‍ ഏജന്‍സി ഉടമ ഇദ്ദേഹത്തെ തപ്പി ഇറങ്ങി. ഫോണില്‍ ഒത്തിരി തവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ എടുത്തിരുന്നില്ല. അതിന് ശേഷമാണ് ഉടമ ഇയാളെ തിരഞ്ഞ് ഇറങ്ങിയത്. മൊബൈല്‍ ആപ്പുമായി ദുബെയുടെ സെല്‍ഫോണ്‍ കണക്ടഡ് ആയതിനാല്‍ കാര്‍ കിടക്കുന്ന സ്ഥലം കണ്ടെത്താന്‍ അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

മദ്യശാലയ്ക്ക് സമീപം കാര്‍ നിര്‍ത്തി ദുബെ ഉറങ്ങുന്നത് കണ്ട ട്രാവല്‍ കമ്പനി ഉടമ ഡോറില്‍ തട്ടി വിളിച്ചെങ്കിലും ഉണരുന്നത് കണ്ടില്ല. സംശയം തോന്നിയ അദ്ദേഹം ഉടന്‍ തന്നെ ദുബെയുടെ ബന്ധുക്കളെയും സമീപത്തെ പൊലീസ് സ്‌റ്റേഷനിലും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയ ശേഷം കാറിന്റെ ചില്ല് തകര്‍ത്തു.ദുബെയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കൃത്യമായ മരണ കാരണം അറിയാനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മാത്രമല്ല പൊലീസ് സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ദുബെ അമിതമായ അളവില്‍ മദ്യം കഴിച്ച് കാറില്‍ എസി ഓണാക്കി ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പെട്രോള്‍-സിഎന്‍ജി ബൈ ഫ്യുവല്‍ ഓപ്ഷനുള്ള മാരുതി സുസുക്കി വാഗണ്‍ആര്‍ കാര്‍ ആയിരുന്നു ദുബെ ഓടിച്ച് വന്നിരുന്നത്.

പെട്രോള്‍ ഇന്ധനത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചാണ് അദ്ദേഹം ഉറങ്ങിയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പെട്രോള്‍ തീര്‍ന്നതിനാല്‍ എസി ഓഫായി. മദ്യലഹരിയില്‍ ആയതിനാല്‍ ഇക്കാര്യം അറിഞ്ഞില്ല.കാറിന്റെ ഡോറുകള്‍ പൂര്‍ണമായി ഉയര്‍ത്തിയതിനാല്‍ കാറിനുള്ളില്‍ വെന്റിലേഷന്‍ ഇല്ലായിരുന്നു. ഒരു നിശ്ചിത സ്ഥലത്ത് ദീര്‍ഘനേരം വായുസഞ്ചാരം ഇല്ലെങ്കില്‍ ആ സ്ഥലത്തെ ഓക്‌സിജന്റെ അളവ് കുറയും. എസി ഓഫായതോടെ ഡ്രൈവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുകയും അത് രക്തത്തില്‍ കലര്‍ന്നതുമായിരിക്കാം ദുബെയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ഇത് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ. ഗ്ലാസുകള്‍ ഉയര്‍ത്തി എസി ഓണ്‍ ചെയ്ത വാഹനങ്ങളില്‍ ഉറങ്ങുന്ന ശീലം പലര്‍ക്കും ഉണ്ട്. ഇത് തീര്‍ത്തും അപകടകരമാണ്. ഉറങ്ങുന്ന വേളയില്‍ എസി തകരാറിലായാല്‍ പോലും നമ്മള്‍ അറിയില്ല. അതുകൊണ്ട് ആരും അറിഞ്ഞ് കൊണ്ട് വയ്യാവേലികളില്‍ ചെന്ന് ചാടരുത്. കഴിയുന്നതും വാഹനങ്ങളില്‍ എസി ഓണാക്കിയിട്ട് ഉറങ്ങുന്ന സാഹചര്യം ഒഴിവാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ലെന്ന പഴമൊഴി ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.


Click it and Unblock the Notifications








