കാര്‍ മോഷണ 'തലസ്ഥാനമായി' മലയാളികൾ ചേക്കേറുന്ന രാജ്യം! ഓരോ 5 മിനിറ്റിലും 1 കാര്‍ മോഷ്ടിക്കപ്പെടുന്നു
വാഹനം സ്വന്തമായുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് മോഷണം. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വാഹനങ്ങള്‍ മോഷണം പോകുന്നുണ്ടെന്ന് മാത്രമല്ല അത് വര്‍ധിച്ച് വരികയുമാണ്. വാഹനം മോഷ്ടിക്കുന്നവര്‍ അവ പാര്‍ട്‌സുകളാക്കി മറ്റ് രാജ്യങ്ങളില്‍ കൊണ്ടു പോയി വില്‍ക്കുകയാണ് ചെയ്യുക. ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കുന്ന വാഹനങ്ങള്‍ അതിര്‍ത്തി കടത്തി നേപ്പാളില്‍ കൊണ്ടുപോയാണ് കച്ചവടം ചെയ്യുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ലോകത്ത് കാര്‍ മോഷണത്തിന്റെ 'തലസ്ഥാനം' എന്ന അനൗദ്യോഗികമായ വിശേഷണം ചാര്‍ത്തി കിട്ടിയ ഒരു രാജ്യമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ മോഷണം നടക്കുന്ന രാജ്യമായതിനാലാണ് അങ്ങനെ ഒരു വിശേഷണം വന്നത്.
കാറുകള്‍ ഇത്രയും കൂടുതല്‍ മോഷണം പോകുമ്പോള്‍ അത് ഒരു വികസിത രാജ്യമാണെന്ന് നമുക്ക് ഊഹിക്കാം. നമ്മള്‍ പറഞ്ഞു വരുന്നത് നിരവധി ഇന്ത്യക്കാര്‍ വസിക്കുന്ന കാനഡയെ കുറിച്ചാണ്. കാനഡയിലെ ജനങ്ങള്‍ പൊതുഗതാഗതത്തെക്കാള്‍ കാര്‍ വാങ്ങി അതില്‍ യാത്ര ചെയ്യാനുമാണ് ഇഷ്ടപ്പെടുന്നത്. അതിനാല്‍ കാനഡയില്‍ കാറുകളുടെ എണ്ണവും മോഷണവും കൂടുതലാണ്. നിങ്ങള്‍ ഒരു പൊതുസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പോയാല്‍ കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അത് മോഷണം പോകാനുള്ള സാധ്യതയുണ്ട്.

2022ല്‍ മാത്രം കാനഡയില്‍ നിന്ന് 1,05,000 കാറുകള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ അഞ്ച് മിനിറ്റിലും ഒരു കാര്‍ മോഷണം പോകുന്നതായാണ് അധികൃതര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. കാനഡയില്‍ നിന്ന് മോഷ്ടിക്കുന്ന കാറുകള്‍ മിഡില്‍ ഈസ്റ്റിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുകയാണ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറ്റി അയക്കുന്ന കാറുകള്‍ അവിടെ വില്‍ക്കുകയും ചെയ്യുന്നു.
രാജ്യത്ത് കാര്‍ മോഷണം പെരുകിയതോടെ കഷ്ടപ്പാടിലായത് ഇന്‍ഷൂറന്‍സ് കമ്പനിയാണ്. നിലവിലെ സാഹചര്യത്തെ ഇന്‍ഷൂറന്‍സ് ബ്യൂറോ ഓഫ് കാനഡ ദേശീയ പ്രതിസന്ധിയെന്നാണ് വിശേഷിപ്പിച്ചത്. വാഹന മോഷണം മൂലം രാജ്യത്തെ വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏകദേശം 9,306 കോടിയാണ് ഇന്‍ഷുറന്‍സ് തുകയായി നല്‍കേണ്ടി വന്നതെന്നാണ് വിവരം. 2018-ല്‍ നല്‍കേണ്ടി വന്ന തുകയേക്കാള്‍ മൂന്നിരട്ടിയാണ് സമീപകാലത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് മുടക്കേണ്ടി വന്നത്.

കാര്‍ മോഷണവും കടത്തലും തടയുന്നതിന് വേണ്ടി ഐബിസി ഇന്റര്‍പോളിന്റെ കുറയ്ക്കാന്‍ സഹായം തേടിയിട്ടുണ്ട്.കാനഡയിലെ ഫെഡറല്‍ ജസ്റ്റിസ് മിനിസ്റ്ററുടെ കാര്‍ വരെ മോഷണം പോയിട്ടുണ്ടെന്ന കാര്യം വിഷയത്തിന്റെ ഗൗരവം എടുത്ത് കാണിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ ടൊയോട്ട ഹൈലാന്‍ഡര്‍ രണ്ട് തവണയാണ് തസ്‌കരന്‍മാര്‍ കവര്‍ന്നത്. തന്റെ കാര്‍ മോഷണം പോയതും അത് ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ വില്‍പ്പനക്ക് എത്തിയതിനെയും കുറിച്ചുള്ള അനുഭവം കാനഡക്കാരനായ ലോഗാന്‍ ലാഫ്രന്‍സിയര്‍ പങ്കുവെച്ചിരുന്നു.
കാനഡയിലെ ഇയാളുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ചിലര്‍ മോഷ്ടിച്ചു. മോഷണ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ലോഗാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ കാര്‍ തപ്പാന്‍ തുടങ്ങി. കാര്‍ മോഷ്ടിക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഘാനയിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പന വെബ്സൈറ്റില്‍ തന്റെ കാര്‍ ലിസ്റ്റ് ചെയ്തതായി അദ്ദേഹം കണ്ടു. കാറില്‍ അദ്ദേഹം വരുത്തിയ മോഡിഫിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഫീച്ചറുകള്‍ അതേപടി തുടരുന്നു.
അവര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് എടുത്ത് മാറ്റി വില്‍പ്പനക്കായി കാര്‍ ലിസ്റ്റ് ചെയ്യുകയായിരുന്നു. കാനഡയില്‍ നിന്ന് ഘാനയിലേക്കുള്ള ദൂരം ഏകദേശം 8,500 കിലോമീറ്ററാണ്. ഇവിടെ നിന്ന് കാര്‍ മോഷ്ടിച്ച ശേഷം കടല്‍ മാര്‍ഗം ഘാനയിലെത്തിച്ചതായിരിക്കാം. അതുകൊണ്ട് തന്നെ കപ്പലുകള്‍ വഴി കാറുകള്‍ കടത്താനുള്ള ശ്രമങ്ങള്‍ തടയാന്‍ വിവിധ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. നിലവില്‍ മോഷ്ടിക്കപ്പെട്ട 200 കാറുകളാണ് ഓരോ ആഴ്ചയും കാനഡയിലെ അന്താരാഷ്ട്ര തുറമുഖങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നത്.
എല്ലാ ഇടങ്ങളിലും കാണപ്പെടുന്ന പോലെ തന്നെ കാനഡയിലും മോഷണം പോയ കാറുകള്‍ ഒന്നുകില്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ്. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ പോലെ വിദേശരാജ്യങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്നു. ഘാന പോലുള്ള രാജ്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവ വളരെ കുറവാണെന്ന കാര്യം മോഷ്ടാക്കല്‍ സമര്‍ത്ഥമായി വിനിയോഗിക്കുന്നു.
അതിനാല്‍ കുറഞ്ഞ നികുതി കൊടുത്ത് മോഷ്ടിച്ച കാറുകള്‍ ഇറക്കുമതി ചെയ്ത് വിറ്റാണ് തസ്‌കര സംഘം പണമുണ്ടാക്കുന്നത്. നിരവധി മലയാളികള്‍ വസിക്കുന്ന കാനഡയില്‍ നിന്നുള്ള ഈ ഒരു വാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്നതാണ്. നിങ്ങളുടെ ഏതെങ്കിലും ബന്ധുവോ സുഹൃത്തുക്കളോ കാനഡയില്‍ ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുക. മാത്രമല്ല തന്റെ കാറില്‍ എല്ലായ്‌പ്പോഴും ഒരു കണ്ണുണ്ടായിരിക്കണമെന്നും അവരോട് പറയുക.


Click it and Unblock the Notifications








