'വണ്ടിക്കാര്യത്തില്‍ ക്യാപ്റ്റനല്ല, കേണല്‍'! വിജയകാന്തിന്റെ വാഹനശേഖരം പരിചയപ്പെടാം
സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ നിര്യാണത്തില്‍ ദുഖത്തിലാണ്ടിരിക്കുകയാണ് തമിഴ്‌നാട്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയകാന്ത് വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്. രാഷ്ട്രീയക്കാരന്‍, സിനിമ നടന്‍ എന്നതിനപ്പുറത്ത് നല്ലൊരു മനുഷ്യനായിരുന്നു വിജയകാന്ത് എന്നാണിപ്പോള്‍ പലരും ഓര്‍മിക്കുന്നത്.
എണ്‍പതുകളിലും തൊള്ളൂറുകളിലും കോളിവുഡിന് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച വിജയകാന്തിനെ തമിഴ്മക്കള്‍ സ്‌നേഹത്തോടെ 'ക്യാപ്റ്റന്‍' എന്നാണ് വിളിച്ചിരുന്നത്. നാടിനെ സ്‌നേഹിക്കുന്ന, നാട്ടുകാര്‍ക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈജ്ഞര്‍ എന്ന വിശേഷണവും തേടിയെത്തി. 2005-ല്‍ ദേശീയ മൗര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം രണ്ട് തവണ എംഎല്‍എയായി.

2011 മുതല്‍ 2016 വരെ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും വിജയകാന്ത് ക്യാപ്റ്റനായിരുന്നുവെങ്കില്‍ വാഹന ശേഖരത്തിന്റെ കാര്യത്തില്‍ കേണലായിരുന്നുവെന്ന് പറയാം. ആഡംബര കാറുകള്‍ മുതല്‍ ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കില്ലാത്ത മോഡലുകള്‍ വരെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. വിജയകാന്തിന്റെ ഗരാജിലുള്ള കാറുകള്‍ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.
ഔഡി Q7: ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന ആഡംബര കാര്‍ മോഡലുകളില്‍ ഒന്നാണ് ഔഡി Q7. സിനിമ താരങ്ങള്‍, വ്യവസായികള്‍, മറ്റ് സെലിബ്രിറ്റികള്‍ എന്നിവരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണിത്. ഇന്ത്യയിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ക്ക് അനുയോജ്യമായ ഒരു കാര്‍ മോഡലാണ് Q7.

ദുര്‍ഘടമായ റോഡുകളില്‍ പോലും യാതൊരു കുലുക്കവുമില്ലാതെ സുഖകരമായി യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. നിരവധി ആഡംബര ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും ഈ കാര്‍ മികച്ചുനില്‍ക്കുന്നു. കാറിന്റെ ഏറ്റവും പുതിയ പതിപ്പ് സുരക്ഷയ്ക്കുള്ള IIHS ടോപ്പ് അവാര്‍ഡ് നേടിയിട്ടുണ്ട്. 84.70 ലക്ഷം രൂപ മുതലാണ് ഔഡി Q7 കാറിന്റെ വില ആരംഭിക്കുന്നത്.
മെര്‍സിഡീസ് ബെന്‍സ് S350 CDI: വിജയകാന്തിന്റെ ഗരാജിലുള്ള വിലകൂടിയ കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S350 CDI. ഏകദേശം 1.18 കോടി രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ആകര്‍ഷകമായ രൂപവും ആഡംബര ഫീച്ചറുകളും കൊണ്ട് വാഹനപ്രേമികളുടെ മനംകവര്‍ന്ന ഈ കാറിന്റെ നിര്‍മാണം കമ്പനി നിര്‍ത്തിയിരുന്നു. മികച്ച സസ്പെന്‍ഷന്‍ സജ്ജീകരണവും സീറ്റുകളും ഈ കാറിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. രാഷ്ട്രീയക്കാരന്‍ കൂടിയായ വിജയകാന്ത് തമിഴ്‌നാട്ടിലൂടെയുള്ള തന്റെ യാത്രകള്‍ക്ക് ഈ കാര്‍ ഉപയോഗിച്ചിരുന്നു.

ബിഎംഡബ്ല്യു X5: ഇന്ത്യയിലെ ആഡംബര കാര്‍പ്രേമികളുടെ ഇഷ്ട ചോയ്‌സുകളില്‍ ഒന്നാണ് ഈ ബിഎംഡബ്ല്യു മോഡല്‍. നിലവില്‍ 95.20 ലക്ഷം രൂപ മുതലാണ് കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്്. 1.08 കോടി രൂപയാണ് ഈ കാറിന്റെ ടോപ് എന്‍ഡ് മോഡല്‍ സ്വന്തമാക്കാനായി മുടക്കേണ്ടത്. തന്റെ മക്കളായ ഷണ്‍മുഖ പാണ്ഡ്യനും വിജയ് പ്രഭാകര്‍ അഴകര്‍സാമിയും ചേര്‍ന്ന് ക്യാപ്റ്റന് സമ്മാനിച്ചതാണ് ഈ കാര്‍.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മാന്‍ കാര്‍ട്ടോണ്‍ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റിം് എന്നിങ്ങനെ നിരവധി പ്രീമിയം ഫീച്ചറുകള്‍ കാറിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കംഫര്‍ട്ടിനായി കാറിന്റെ മുന്‍വശത്ത് വെന്റിലേറ്റഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സീറ്റുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.

4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് റിവേഴ്‌സ് അസിസ്റ്റന്‍സ്, സറൗണ്ട് വ്യൂ ക്യാമറ, ഡ്രൈവ് റെക്കോര്‍ഡ്, റിമോട്ട് പാര്‍ക്കിംഗ് എന്നിവയും ബിഎംഡബ്ല്യു X5-ല്‍ ലഭ്യമാണ്. മോഡലിന്റെ മുന്‍ തലമുറ പതിപ്പാണ് വിജയകാന്തിന്റെ പക്കലുണ്ടായിരുന്നത്. ആഡംബരത്തിന്റെ കാര്യത്തില്‍ പുതിയതിന്റെ അത്ര സമ്പന്നമല്ലെങ്കിലും പഴയ മോഡലിലും ലക്ഷ്വറിക്ക് കുറവുണ്ടായിരുന്നില്ല.
ഫോര്‍ഡ് എന്‍ഡവര്‍: ബിഎംഡബ്ല്യു X5 പോലെ താരത്തിന്റെ പ്രിയപുത്രന്‍മാര്‍ സമ്മാനിച്ച മറ്റൊരു കാര്‍ മോഡലാണ് ഫോര്‍ഡ് എന്‍ഡവര്‍ ഫുള്‍സൈസ്് എസ്‌യുവി. അമേരിക്കന്‍ ബ്രാന്‍ഡ് രാജ്യം വിട്ടതോടെ ഈ എസ്‌യുവി നമുക്കിപ്പോള്‍ വാങ്ങാന്‍ സാധിക്കില്ല. ടെയോട്ട ഫോര്‍ച്യൂണറിന്റെ നേരിട്ടുള്ള എതിരാളിയായിരുന്നു എന്‍ഡവറെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. വിജയകാന്തിന്റെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായിരുന്നു ഇതും. 29.99 ലക്ഷം മുതല്‍ 36.25 ലക്ഷം രൂപ വരെയായിരുന്നു എന്‍ഡവറിന്റെ വില.

വോള്‍വോ S90: ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഗരാജിന് അലങ്കാരമായി നില്‍ക്കുന്ന സെഡാന്‍ മോഡലാണ് വോള്‍വോയില്‍ നിന്നുള്ള S90. വോള്‍വോയുടെ മുഖമുദ്രയായ സേഫ്റ്റിക്കൊപ്പം തന്നെ പ്രീമിയം ഫീച്ചറുകളുംസുഖസൗകര്യങ്ങളും നിറഞ്ഞ ഒരു ആഡംബര കാറാണിത്. മികച്ച സേഫ്റ്റിയുള്ളതിനാല്‍ കുടുംബത്തോടൊപ്പമുള്ള യാത്രക്ക് പലപ്പോഴും ക്യാപ്റ്റന്‍ കൂടെക്കൂട്ടിയിരുന്നത് ഈ സെഡാന്‍ കാറായിരുന്നു. 68.25 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്.
ഇവയല്ലാതെ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കില്ലാത്ത ഹ്യുണ്ടായി സാന്റാഫേ എന്ന കാര്‍ മോഡലും ക്യാപ്റ്റന്‍ ഉപയോഗിച്ച് വന്നിരുന്നു. മുകളില്‍ പറഞ്ഞ ആഡംബര കാറുകള്‍ക്ക് പുറമെ സമീപകാലത്തായി തന്റെ യാത്രകള്‍ക്കായി അദ്ദേഹം ഒരു ഇന്നോവ ക്രിസ്റ്റ ഉപയോഗിച്ച് വന്നിരുന്നു. നിരവധി പൊതുപരിപാടികളില്‍ വിജയകാന്ത് ക്രിസ്റ്റയില്‍ വന്നിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.


Click it and Unblock the Notifications








