പഴയ കാര്‍ ഇനി 'പുത്തനാക്കാം'; ഈ ഗാഡ്ജറ്റുകള്‍ സഹായിക്കും
ഒരു കാര്‍ എന്നത് ചിരകാല സ്വപ്നമായി സൂക്ഷിക്കുന്നവരുണ്ടാകും. ചിലര്‍ കുറച്ച് ക്യാഷ് സമ്പാദിച്ച് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എങ്കിലും സ്വന്തമാക്കിയിട്ടുണ്ടാകും. എന്നാല്‍ പഴയ കാറുകള്‍ വാങ്ങിയാല്‍ ഇന്നത്തെ പുതിയ കാറുകളില്‍ കാണുന്ന പല ഫീച്ചറുകളും ടെക്നോളജിയും അതില്‍ കാണില്ല. നമ്മില്‍ പലരും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന തരത്തില്‍ തൃപ്തിപ്പെട്ട് പഴയ കാര്‍ കൊണ്ടുനടക്കും.
എന്നാല്‍ പഴയ കാറുകള്‍ക്ക് 'പുതുജീവന്‍' നല്‍കാന്‍ സാധിക്കുന്ന ചില ഗാഡ്ജറ്റുകള്‍ ഉണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഇവ വാങ്ങി നിങ്ങളുടെ കാറുകളില്‍ ഫിറ്റുചെയ്താല്‍ അതിന്റെ ലെവല്‍ തന്നെ ഉയരും. ഇപ്പോള്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ഒന്നുമില്ലെന്ന് കരുതുക. പഴയ കാറിന്റെ നിലവാരം ഉയര്‍ത്തി അല്‍പ്പം 'മോഡേണ്‍' ആക്കാന്‍ സഹായിക്കുന്ന ചില കാര്‍ ഗാഡ്ജറ്റുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

ആപ്പിള്‍ കാര്‍ പ്ലേ/ ആന്‍ഡ്രോയ്ഡ് ഓട്ടോ: ഒരു പഴയ കാറാകുമ്പോള്‍ അതിലെ മ്യൂസിക് സിസ്റ്റവും ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനുമെല്ലാം പഴയതാകുമെല്ലോ. നിങ്ങളുടെ കാര്‍ വേറെ ലെവലില്‍ അപ്ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഓപ്ഷനുകളില്‍ ഒന്നാണ് ആപ്പിള്‍ കാര്‍പ്ലേ (Apple CarPlay ) അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഓട്ടോ (Android Auto) ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. മോഡേണ്‍ കാറുകളിലെ സ്ഥിരം സാന്നിധ്യമായ ഈ ഫീച്ചര്‍ വരുന്നതോടെ കാര്‍ ഒന്നും കൂടി ഉഷാറാകുമെന്നുറപ്പ്.
ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ആപ്പുകള്‍, സംഗീതം, മെസേജിംഗ് ഫീച്ചറുകള്‍ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാന്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും അനുവദിക്കുന്നു. സ്റ്റിയറിംഗ് വീലില്‍ നിന്ന് കൈ എടുക്കാതെ കോള്‍ ചെയ്യാനും മ്യൂസിക് പ്ലേ ചെയ്യാനും നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കായും വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിക്കാം എന്നതാണ് ഗുണം. ഇത് നമ്മുടെ പഴയ കാറുകളില്‍ കിട്ടില്ല.

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS): ഒരു കാര്‍ ഉടമയാകുമ്പോള്‍ നമ്മുടെ വാഹനം എപ്പോഴും സുരക്ഷിതമായും കണ്ടീഷനായും ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല നമുക്കാണ്. കാറിന്റെ ഒരു പ്രധാന ഭാഗമാണ് ടയറുകള്‍. ടയറുകളെ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയാണ്.
ടയര്‍ പൊട്ടുന്നത് ഒഴിവാക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കുന്ന മികച്ച സേഫ്റ്റി ഫീച്ചറാണ് ടിപിഎംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (Tire Pressure Monitoring System). ടിപിഎംഎസ് സിസ്റ്റം കാറില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വാഹനത്തിലെ ടയര്‍ പ്രഷര്‍ നിരന്തരം നിരീക്ഷിക്കുകയും അത് അധികമാണെങ്കിലോ അതോ കുറവാണെങ്കിലോ നിങ്ങളെ ഉണര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുകയും ഒപ്പം കീശക്ക് ആശ്വാസമേകുകയും ചെയ്യുന്നു.

വയര്‍ലെസ് ചാര്‍ജര്‍: ഇന്ന് ശ്വാസം പോലെ തന്നെ പലര്‍ക്കും ജീവിക്കാന്‍ അത്യാവശ്യമായ കാര്യമാണ് സ്മാര്‍ട്‌ഫോണ്‍. പലരുടെയും ജീവിതമാര്‍ഗം പോലും സ്മാര്‍ട്‌ഫോണ്‍ മുഖേന നടന്ന് വരുന്നുണ്ട്. അതിനാല്‍ യാത്രയില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഇന്ന് കാറുകളില്‍ കണ്ടുവരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും കേബിളുകളുമായിട്ടാണ് വരുന്നത്.
ഒരു വയര്‍ലെസ് ചാര്‍ജര്‍ (Wireless Charger) ഉപയോഗിച്ച് കേബിളുകളുടെ ബുദ്ധിമുട്ട് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനാകും. ഫോണ്‍ ചാര്‍ജിംഗ് പാഡില്‍ വെച്ചാല്‍ അത് ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യാന്‍ തുടങ്ങും. ഇന്നത്തെ പല ഫോണുകളും വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുമായാണ് എത്തുന്നത്. അതിനാല്‍ തന്നെ കാറിനെ പുത്തന്‍ പുതുതാക്കാന്‍ പറ്റുന്ന ഒരു ഗാഡ്ജറ്റാണ് വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍.

റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ: ഇടുങ്ങിയ സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റും കൂടുതല്‍ ഉപകാരപ്പെടുന്ന സംഗതിയാണ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ. ഇത് പുതിയ കാറുകളില്‍ ഉണ്ടായിരിക്കേണ്ട ഒരു ഫീച്ചറാണ്. സെന്‍സറുകളുള്ള ഒരു റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ (Reverse Parking Camera) ഫിറ്റ് ചെയ്ത് നിങ്ങളുടെ പഴയ കാറിന് പുതുമോടി നല്‍കാം. പിന്നിലുള്ള സ്ഥലത്തിന്റെ കൃത്യമായ കാഴ്ച നല്‍കുന്നതിനാല്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഇത് വളരെ ഗുണകരമാണ്.
പുതിയ ഗാഡ്‌ജെറ്റുകള്‍ ഉപയോഗിച്ച് പഴയ കാര്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് വഴി യാത്ര സുഖം മാത്രമല്ല കൂടെ സുരക്ഷയും സൗകര്യവും കൂടി വര്‍ധിക്കുന്നുണ്ടെന്നോര്‍ക്കണം. ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, ടിപിഎംഎസ്, സെന്‍സറോട് കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി ഒരു പുതിയ കാര്‍ ഓടിക്കുന്ന ഫീല്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഒരു പുതിയ കാര്‍ വാങ്ങാന്‍ സാമ്പത്തിക നില നിങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.


Click it and Unblock the Notifications








