വിഖ്യാതമായ ഹൂഡ് ഓർണമെന്റുകൾ
പഴയ സിനിമകളിലെ പ്ലിമത്തിലും മെഴ്സിഡിസിലുമെല്ലാം കാണുന്ന ഹൂഡ് ഓർണമെൻറുകൾ ചിലരുടെയെങ്കിലും ശ്രദ്ധയാകർഷിച്ചുകാണും. കാണെക്കാണെ കാറുകളുടെ ബോണറ്റിൻറെ ചുണ്ടിൽനിന്ന് ഓർണമെൻറുകൾ അപ്രത്യക്ഷമായിത്തുടങ്ങി. ചുരുക്കം ചില അത്യാഡംബര ബ്രാൻഡുകളുടെ ഹൂഡിൽ മാത്രമായി ഇത്തരം അലങ്കാരങ്ങൾ ഒതുങ്ങി.
പഴയ കാറുകളുടെ റേഡിയേറ്റർ കാപ്പുകളാണ് പിന്നീട് ഹൂഡ് ഓർണമെൻറുകളായി പരിണമിച്ചത്. റേഡിയേറ്റർ കാപ്പിനു മുകളിൽ ചില അലങ്കാരങ്ങൾ ചേർത്തു തുടങ്ങുകയായിരുന്നു. പുതിയ സാങ്കേതികതകൾ വന്നതോടെ റേഡിയേറ്ററുകൾ ഉള്ളിലായി. ഹൂഡ് ഓർണമെൻറുകൾക്ക് പ്രായോഗികമായ അർത്ഥത്തിൽ പ്രസക്തി നഷ്ടപ്പെട്ടു. എങ്കിലും, ചില കാർ നിർമാതാക്കൾ തങ്ങളുടെ പാരമ്പര്യവും പൈതൃകവും കാണിക്കുന്ന ഒരടയാളമായി അവ കൊണ്ടുനടന്നു.
ഇന്ന് റോൾസ് റോയ്സ്, ജാഗ്വർ എന്നിങ്ങനെ വളരെക്കുറച്ച് കാർ നിർമാതാക്കൾ മാത്രമേ ഹൂഡ് ഓർണമെൻറുകൾ ഉപയോഗിക്കുന്നുള്ളൂ. ലോകത്തിലെ ഏറ്റവും വിഖ്യാതമായ ഹൂഡ് ഓർണമെൻറുകളെ പരിചയപ്പെടുത്തുകയാണ് താഴെ.

ഹൂഡ് ഓർണമെന്റുകളുടെ ചരിത്രം ചിത്രത്താളുകളിൽ

'സ്പിരിറ്റ് ഓഫ് എകാസ്റ്റസി'
ഹൂഡ് ഓർണമെൻറുകളെക്കുറിച്ചാണ് പറയുന്നതെങ്കിൽ അത് റോൾസ് റോയ്സിൽ നിന്നു തന്നെ തുടങ്ങണം. 'സ്പിരിറ്റ് ഓഫ് എകാസ്റ്റസി' എന്ന പേരിൽ വിഖ്യാതമായിത്തീർന്ന ഈ ഓർണമെൻറ് ഇന്നും റോൾസ് റോയ്സ് കാറുകളിൽ കാണാം. ചാൾസ് സൈക്സ് എന്ന ബ്രിട്ടിഷ് ശിൽപിയാണ് റോൾസ് റോയ്സ് ഹൂഡ് ഓർണമെൻറ് രൂപകൽപന ചെയ്തത്. തൻറെ കാമുകിയായ, അക്കാലത്തെ പ്രശസ്ത നടി എലെനോർ വലെസ്കോ തോൺറ്റൺ ആയിരുന്നു മോഡൽ.

'ഗൺ സൈറ്റ്'
പഴയ ലിങ്കൺ കാറുകളിൽ ഈ ഹൂഡ് ഓർണമെൻറാണ് ഉപയോഗിച്ചിരുന്നത്. തോക്കിൻകുഴലിൻറെ അറ്റത്ത് ഉന്നം പിടിക്കുന്നതിനായി ഘടിപ്പിക്കുന്ന കുരിശാകൃതിയാണിത്. 'ഗൺ സൈറ്റ്' എന്നാണ് ഈ ഹൂഡ് ഓർണമെൻറിനു പേര്.

ഗോഡസ് ഓഫ് സ്പീഡ്
അമേരിക്കൻ ആഡംബര കാർ നിർമാതാവായിരുന്ന പാക്കാർഡ് 1899നും 1958നും ഇടയിലാണ് ഭൂമുഖത്ത് കാണപ്പെട്ടിരുന്നത്. ഇവരുപയോഗിച്ചിരുന്ന ഗോഡസ് ഓഫ് സ്പീഡ് എന്നു പേരായ ഹൂഡ് ഓർണമെൻറ് വിഖ്യാതമാണ്.

ഫ്ലൈയിംഗ് ബി
ബ്രിട്ടിഷ് കാർ നിർമാതാവായ ബെൻലെയും ഹൂഡ് ഓർണമെൻറുകൾ ഉപയോഗിച്ചിരുന്നു. ഫ്ലൈയിംഗ് ബി എന്നാണ് ഈ ഓർണമെൻറിന് പേര്. ബി എന്ന ഇംഗ്ലീഷ് അക്ഷരം ബെൻലെ എന്നതിൽ നിന്നുമാണ് വരുന്നത്. പറക്കുന്ന ബെൻലെ എന്നാണ് ഉദ്ദേശ്യം.

ത്രീ-പോയിന്റഡ് സ്റ്റാർ
ഈയടുത്തകാലം വരെയും മെർക് കാറുകളിൽ ത്രീ പോയിൻറഡ് സ്റ്റാർ എന്നു വിഖ്യാതമായ ഹൂഡ് ഓർണമെൻറുകൾ ഇടം പിടിച്ചിരുന്നു. മെഴ്സിഡിസ് സ്ഥാപകനായ ഗോറ്റിയബ് ഡൈംലർ തൻറെ ഭാര്യക്ക് ഒരു പോസ്റ്റുകാർഡയച്ചതു മുതൽക്കാണ് പ്രശ്നം തുടങ്ങുന്നത്. സ്വന്തം വീടിനെ മൂന്ന് കാലുകളുള്ള ഒരു നക്ഷത്രമായി ചിത്രീകരിച്ചു. എന്നിട്ട് അദ്ദേഹം ഇപ്രകാരം ഉവാച: "എൻറെ പ്രാണപ്രിയേ, ഈ നക്ഷത്രം വൻവിജയം നേടുന്ന നമ്മുടെ ഫാക്ടറികൾക്കുമീതെ വെള്ളിവെളിച്ചം വിതറും!" കച്ചവടക്കാരൻറെ പ്രണയലേഖനം പോലും കച്ചവടമാണ്!
പിൽക്കാലത്ത് ഇങ്ങോരുടെ മക്കളാണ് ത്രീ പോയിൻറഡ് സ്റ്റാർ ഹൂഡ് ഓർണമെൻറായും കമ്പനിയുടെ ലോഗോ തന്നെയായും തെരഞ്ഞെടുത്തത്.
Picture credit: Flickr
Ehisforadam

ഫ്ലൈയിംഗ് ലേഡി
ഇന്ത്യയിൽ 1940കളിൽ പ്ലിമത്ത് കാറുകളുടെ സാന്നിധ്യമുണ്ടായിരുന്നു. അക്കാലത്തിറങ്ങിയ പല സിനിമകളിലും പണക്കാരനായ വില്ലൻ സഞ്ചരിച്ചിരുന്നത് പ്ലിമത്ത് കാറുകളിലാണെന്നു കാണാം. ഇക്കാരണത്താൽ തന്നെ പ്ലിമത്ത് കാറുകൾക്ക് ഒരു വില്ലൻ പരിവേഷമാണ് അന്നു ലഭിച്ചത്. ഫ്ലൈംയിംഗ് ലേഡി എന്നു പേരിട്ട ഒരു ഹൂഡ് ഓർണമെന്റായിരുന്നു പ്ലിമത്ത് കാറുകളിലുണ്ടായിരുന്നത്.

ഗോഡസ്സ്
കാർ ആക്സിഡണ്ടിൽ കൊല്ലപ്പെട്ട ഇസഡോറ ഡങ്കൻറെ ഓർമയുണർത്തുന്നതാണ് ബ്യൂക്ക് മോഡലുകളിൽ കാണുന്ന ഗോഡസ് എന്നു പേരായ ഹൂഡ് ഓർണമെൻറ്. കാറിൽ സഞ്ചരിക്കവേ കഴുത്തിൽ ചുറ്റിയിരുന്ന സ്കാഫ് ചക്രങ്ങളിൽ കുടുങ്ങിയാണ് ഇസഡോറ മരിച്ചത്.

ലീപ്പർ
ജാഗ്വറിൻറെ ലീപ്പർ എന്നു പേരായ ഹൂഡ് ഓർണമെൻറ് വിഖ്യാതമാണ്. 1938 മുതൽ ഈ ജാഗ്വർ ഹൂഡ് ഓർണമെൻറ് വിപണിയിലെത്താൻ തുടങ്ങി. എക്സ്ട്രാ ആക്സസറിയായിട്ടാണ് ലീപ്പർ തുടക്കത്തിൽ വിപണിയിലുണ്ടായിരുന്നതെങ്കിൽ പിൽക്കാലത്ത് എല്ലാ മോഡലുകളിലെയും അവിഭാജ്യഘടകമായി മാറി.

റാം
ഡോഡ്ജിൻറെ ഹൂഡ് ഓർണമെൻറാണ് റാം. കരുത്തിൻറെ, വേഗതയുടെ, ഉറപ്പിൻറെ ഒക്കെ പ്രതീകമാണിത്. 1932ലാണ് ഈ ഹൂഡ് ഓർണമെൻറ് ഉപയോഗത്തിൽ വന്നുതുടങ്ങിയത്.

ചീഫ് പോന്റിയാക്
ഒരുകാലത്ത് തങ്ങൾ കൊന്നൊടുക്കിയിരുന്ന കരുത്തരായ റെഡ് ഇന്ത്യൻ വംശജർക്കുള്ള സമാധാനകാല ബഹുമതിയെന്നവണ്ണം പല കമ്പനികളും റെഡ് ഇന്ത്യൻ തലകൾ തങ്ങളുടെ അടയാളങ്ങളായി ഉപയോഗിക്കാൻ തുടങ്ങി. റെഡ് ഇന്ത്യക്കാർ കരുത്തിൻറെയും സമരവീര്യത്തിൻറെയുംമെല്ലാം പ്രതീകമായി മാറിയിരുന്നു അമേരിക്കയിൽ കുടിയേറിയ ഇംഗ്ലീഷുകാർക്കിടയിൽ. ഇന്ത്യൻ മോട്ടോർസൈക്കിൾസ് അടക്കമുള്ള നിരവധി ബ്രാൻഡുകൾ റെഡ് ഇന്ത്യൻ ചിഹ്നങ്ങളെ ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. പോൻറിയാക് കാറുകളിൽ ഉപയോഗിച്ചിരുന്ന ഹൂഡ് ഓർണമെൻറുകളെ ചീഫ് പോൻറിയാക് എന്നാണ് വിളിച്ചിരുന്നത്.
Picture credit: Flickr
Exfordy

ഹൂഡ് ഓർണമെൻറുകൾ ഇന്ന് അപൂർവമാണെങ്കിലും ഓട്ടോമൊബൈൽ ചരിത്രത്തിൽ ഒരു കാരണവശാലും മാറ്റി നിർത്താൻ കഴിയാത്ത പ്രാധാന്യമുള്ള ഒന്നാണ്. വളരെ ചുരുക്കം പേർ മാത്രമേ ഈ ഡിസൈൻ ശൈലിയിൽ ഇന്ന് വാഹനങ്ങളിറക്കുന്നുള്ളൂ. അവ തന്നെയും വലിയ തോതിൽ സന്നാഹപ്പെട്ടാണ് വിപണിയിലെത്തുന്നത്. ഉദാഹരണത്തിന്, ഇന്നിറങ്ങുന്ന റോൾസ് റോയ്സ് കാറുകളിലെ ഹൂഡ് ഓർണമെൻറുകൾ സ്വയം സംരക്ഷിക്കാൻ കെൽപുള്ളവയാണ്. അപകടം സംഭവിക്കുമ്പോൾ ഈ ഓർണമെൻറ് സ്വയം ഉള്ളിലേക്ക് വലിയും.


Click it and Unblock the Notifications








