ആയിരങ്ങള്‍ ലാഭിക്കാം; മഴക്കാലത്ത് അധിക പരിരക്ഷ നല്‍കുന്ന കാര്‍ ഇന്‍ഷൂറന്‍സ് ആഡ് ഓണ്‍ കവറുകള്‍
മഴ എന്നത് പലര്‍ക്കും പല വിധത്തിലായിരിക്കും അനുഭവപ്പെടുക. ചിലര്‍ക്ക് മഴക്കാലം ഒരു കട്ടന്‍ ചായ കുടിച്ച് ജോണ്‍സണ്‍ മാഷിന്റെ പാട്ടെല്ലാം കേട്ട് ആസ്വദിക്കാന്‍ പറ്റിയ സമയമായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് മഴ വിതയ്ക്കുന്ന നാശം ചില്ലറയായിരിക്കില്ല. പല വാഹന ഉടമകള്‍ക്കും അത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിരിക്കും.
കനത്ത മഴ പെയ്താല്‍ റോഡുകളിലെ ദൂരക്കാഴ്ച ഗണ്യമായി കുറയുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. റോഡുകള്‍ വഴുവഴുപ്പുള്ളതിനാല്‍ തെന്നിമാറിയും മറ്റും അപകടസാധ്യത വര്‍ധിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കനത്ത മഴക്കാലത്തുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് നിങ്ങളുടെ കാറിനെ സംരക്ഷിക്കാന്‍ ഒരു സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് പോളിസി കൊണ്ട് മാത്രം മതിയാകില്ല. അതിനായി നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസിയുടെ കൂടെ ചില പ്രത്യേക ആഡ്-ഓണ്‍ കവറുകള്‍ കൂടി ചേര്‍ക്കേണ്ടി വരും.

കനത്ത മഴയയും വെള്ളക്കെട്ടും പ്രളയവുമെല്ലാം കാരണം ഒരു വാഹനമുടമക്ക് ഏറ്റവും കൂടുതല്‍ 'പണി' കിട്ടാന്‍ സാധ്യത എഞ്ചിന്‍ വഴിയാണ്. മണ്‍സൂണ്‍ കാലത്ത് എഞ്ചിനില്‍ വെള്ളം കയറി ആ ഭാഗം തകരാറിലായാല്‍ നിങ്ങളുടെ ഇന്‍ഷുറര്‍ ഒരു പൈസ പോലും നല്‍കില്ലെന്ന ബോധ്യം വേണം. കാറിന്റെ സീറ്റുകള്‍ മാറ്റാനോ വിന്‍ഡ്ഷീല്‍ഡ് മാറ്റിസ്ഥാപിക്കാനോ ഒക്കെയായി മാത്രമാണ് ഇന്‍ഷുറര്‍ തുക അനുവദിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ആഡ് ഓണുകളുടെ വില മനസ്സിലാകും.
ആദ്യം മഴക്കാലത്ത് കാറുടമകള്‍ നേരിടാന്‍ സാധ്യതയുള്ള സുപ്രധാന പ്രശ്‌നങ്ങള്‍ നമുക്ക് നോക്കാം. കനത്ത മഴ പെയ്യുമ്പോഴും നമുക്ക് അത്യാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. അത്തരം സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ വാഹനം ഇറക്കേണ്ടി വന്നാല്‍ എക്‌സ്‌ഹോസ്റ്റ് വഴി എഞ്ചിനിലേക്ക് വെള്ളമെത്താന്‍ സാധ്യതയേറെയാണ്. മഴക്കാലത്ത് ഇത് ഏറ്റവും ക്ലെയിം ഉന്നയിക്കപ്പെടുന്ന ഒരു സംഗതിയാണിത്. വാഹനത്തിന്റെ ഏറ്റവും ചെലവേറിയ ഭാഗങ്ങളിലൊന്നായ എഞ്ചിന്‍ അറ്റകുറ്റപ്പണിക്ക് പണം ഒത്തിരി പൊടിയുമെന്ന കാര്യം വിശദീകരിക്കേണ്ടതില്ലെല്ലോ.

ഇന്ത്യയിലെ പല സ്ഥലങ്ങളിലും സ്ഥലപരിമിതി മൂലം റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സാഹചര്യം ഉണ്ട്. കനത്ത മഴയില്‍ മരങ്ങള്‍ കാറിന് മുകളിലേക്ക് കടപുഴകി വീഴുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കാറിന്റെ പുറംഭാഗത്തിന് സാരമായ കേടുപാടുകള്‍ വരുത്തും. മഴയോ പ്രളയമോ ഉണ്ടാകുമ്പോള്‍ വാഹനം പൂര്‍ണമായി മുങ്ങണമെന്നില്ല. വെള്ളക്കെട്ടിലൂടെ ഓടിക്കുമ്പോള്‍ തന്നെ ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ക്ക് നാശം വിതക്കാന്‍ സാധ്യതയുണ്ട്.
ബെംഗളൂരു പോലുള്ള വന്‍ നഗരങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്കുള്ളില്‍ വെള്ളം കയറിയ സാഹചര്യമുണ്ടായിരുന്നു. അത് കാറിന്റെ ഇന്റീരിയറും ഇലക്ട്രിക്കല്‍ ഘടകങ്ങളും കേടാക്കാന്‍ സാധ്യതയുണ്ട്. കാറിന്റെ അപ്‌ഹോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡ്, ഇലക്ട്രിക്കല്‍ വയറിംഗ് എന്നിവയും തകരാറിലാകും. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കും ചെലവേറും. ഇനി ഓപ്ഷനല്‍ ഇന്‍ഷൂറന്‍സുകള്‍ എടുത്താലുള്ള ഗുണം എന്താണെന്ന് പറയാം.

കാര്‍ ഇന്‍ഷുറന്‍സ് ആഡ്-ഓണുകള്‍ ഓപ്ഷണല്‍ കവറേജാണ്. അത് ഒരു സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ കവറേജ് വര്‍ധിപ്പിക്കാനും അധിക പരിരക്ഷ നല്‍കാനും സഹായിക്കും. മഴക്കാലത്ത് അനിവാര്യമായ നാല് ആഡ്-ഓണുകള്‍ നോക്കാം ഇനി. മുകളില്‍ പറഞ്ഞ പോലെ എഞ്ചിന്‍ പ്രൊട്ടക്ഷന്‍ കവര്‍ ആണ് ഇതില്‍ സുപ്രധാനം. മണ്‍സൂണ്‍ കാലത്ത് വെള്ളംകയറിയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ചെറുക്കാന്‍ എഞ്ചിന്‍ പ്രൊട്ടക്ഷന്‍ കവര്‍ ഉപകരിക്കും.
നിങ്ങളുടെ കാര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ആണ് ഇത്തരത്തിലുള്ള തകരാര്‍ വരിക. എഞ്ചിന്‍ അറ്റകുറ്റപ്പണി ചിലവേറിയ കാര്യമാണ്. ഒരു സാധാരണ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ എഞ്ചിന്‍ തകരാറുകള്‍ തീര്‍പ്പാക്കി നല്‍കേണ്ടതില്ല. ഉപഭോക്താവിന്റെ പ്രവര്‍ത്തി കാരണം വന്നുഭവിക്കുന്നതിനാലാണ് ഇങ്ങനെ. മഴക്കാലത്ത് വാഹനം വഴിയരികില്‍ കുടുങ്ങുന്ന സാഹചര്യം സാധാരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സാഹസത്തിന് മുതിരാതെ റോഡ്‌സൈഡ് അസിസ്റ്റന്‍സിന്റെ സഹായം തേടാം.

അതിനാല്‍ 24x7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് ആഡ്-ഓണ്‍ കവര്‍ തിരഞ്ഞെടുക്കുന്നത് പ്രയോജനകരമാകും. സീറോ ഡിപ്രീസിയേഷന്‍ കവര്‍ ആണ് അടുത്തത്. ഇത് വാഹത്തിന്റെ പാര്‍ട്‌സുകള്‍ മാറ്റമ്പോള്‍ മൊത്തം കവറേജ് ഉറപ്പാക്കുന്നു. നിങ്ങള്‍ക്ക് ഒരു സീറോ ഡിപ്രിസിയേഷന്‍ കവര്‍ ഉണ്ടെങ്കില്‍, കേടുപാടുകള്‍ സംഭവിച്ച പാര്‍ട്‌സുകളുടെ മൂല്യം മാത്രമല്ല, മുഴുവന്‍ തുകയും നിങ്ങള്‍ക്ക് തിരികെ നല്‍കും.
വെള്ളപ്പൊക്കം, അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകള്‍ കാരണം അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ആവശ്യമായ എഞ്ചിന്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഓയില്‍ തുടങ്ങിയ ഉപഭോഗ വസ്തുക്കളുടെ വില ഉള്‍ക്കൊള്ളുന്ന ആഡ്-ഓണുകളുമുണ്ട്. ഇന്ന് ഇന്‍ഷൂറന്‍സ് രംഗത്ത് നിരവധി ആഡ്-ഓണ്‍ കവറുകള്‍ ഉണ്ടെങ്കിലും പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്ത് നമ്മള്‍ മുകളില്‍ പരാമര്‍ശിച്ച കവറുകളാണ് അധികമായും തെരഞ്ഞെടുക്കപ്പെടുന്നത്.
നിങ്ങള്‍ ജീവിക്കുന്ന സ്ഥലത്തിന് അനുസരിച്ച് ഈ ആഡ് ഓണുകള്‍ തെരഞ്ഞെടുക്കാം. പ്രളയബാധിത പ്രദേശത്തോ അല്ലെങ്കില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതോ ആയ ഇടത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇവ തീര്‍ച്ചയായും പരിഗണിക്കണം. കനത്ത മഴയം ഈര്‍പ്പവും അനുഭവപ്പെടുന്ന തീരപ്രദേശത്തുള്ളവര്‍ ഇതിന്റെ സാധ്യത പരിശോധിച്ച് അധിക പരിരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുക.


Click it and Unblock the Notifications








