ഇങ്ങനെ കാര്‍ പാര്‍ക്ക് ചെയ്യരുതേ!! പണി 'ഓണ്‍ലൈനായി' വരും
നമ്മുടെ സ്വന്തം നാടായ കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലെയും പല തിരക്കേറിയ സ്ഥലങ്ങളിലും പാര്‍ക്കിംഗ് ഒരു തലവേദനയാണ്. സ്വന്തം വീട്ടിലേക്ക് കാര്‍ കൊണ്ടുപോകാന്‍ സാധിക്കാത്ത ചിലര്‍ റോഡരികില്‍ അല്ലെങ്കില്‍ അയല്‍വാസിയുടെ വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ചിലര്‍ അത് ബുദ്ധിമുട്ടാണെങ്കില്‍ കൂടി വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ പറയില്ല.
ചിലര്‍ 'വീട്ടിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്' എന്ന ബോര്‍ഡ് സ്ഥാപിച്ച് കാര്യം പറയാതെ പറയും. ഇത്തരത്തില്‍ അയല്‍വാസികളുടെ വീടിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണികിട്ടും' എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. നമ്മുടെ തൊട്ട് അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയിലാണ് സംഭവം.

നമ്മുടെ നാട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വരുന്നതിന് മുമ്പുണ്ടായിരുന്ന അതേ അവസ്ഥയാണ് അടുത്ത കാലത്ത് വരെ ചെന്നൈയിലുമുണ്ടായിരുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കില്ല. പൊലീസ് വാഹന പരിശോധന നടക്കുന്ന ഇടങ്ങളില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ മാത്രമായിരുന്നു ടൂവീലര്‍ യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാറുണ്ടായിരുന്നത്്. ബാക്കി സമയത്ത് ഇവ ബൈക്കിന്റെ റിയര്‍വ്യൂ മിററുകളിലും മറ്റും സ്ഥാനം പിടിക്കുകയായിരുന്നു പതിവ്. ചെന്നൈ നഗരത്തിലെ അവസ്ഥ ഇങ്ങനെ ആയിരുന്നു.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുക, വണ്‍വേ തെറ്റിക്കുക എന്ന് തുടങ്ങി സകല ഗതാഗത നിയമലംഘനങ്ങള്‍ ചെന്നൈ നഗരത്തില്‍ തുടര്‍ക്കഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുമാസത്തിനിടെ ഇതിന് വലിയ മാറ്റം വന്നിരിക്കുകയാണ്. ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാഫിക് പൊലീസ് കൊണ്ടുവന്ന ചില ചില പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായത്.
അപകടകരമായ ഡ്രൈവിംഗ്, സിഗ്‌നല്‍ തെറ്റിക്കല്‍, നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കേസുകള്‍, ഹെല്‍മെറ്റ് ധരിക്കാത്തവര്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരം എന്നീ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസത്തിനിടെ നിരവധി പേര്‍ക്ക് ചലാന്‍ ലഭിച്ചു. ട്രാഫിക് നിയമലംഘനം കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പൊലീസില്‍ പരാതിപ്പെടാനുള്ള സംവിധാനമാണ് ഇതിന് കാരണമായത്.
ഹെല്‍മറ്റ് ധരിക്കാതെ ടൂവീലര്‍ ഓടിക്കുക. വണ്‍വേ തെറ്റിക്കല്‍, നോ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തിയിടല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുക, എന്ന് തുടങ്ങി ഏത് ഗതാഗത നിയമ ലംഘനം കണ്ടാലും ഉടന്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാഫിക് പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്യുകയാണ് വേണ്ടത്. പൊതുജനങ്ങളുടെ പരാതിയില്‍ മുഖംനോക്കാതെയാണ് ഇപ്പോള്‍ നടപടി വരുന്നത്.
അമ്പതിലധികം പേരാണ് ദിവസവും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് പരാതികള്‍ നല്‍കുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ പോസ്റ്റ് ഇടുമ്പോള്‍ സ്ഥലവും സമയവും അറിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പൊലീസും വരെ നടപടിക്ക് വിധേയമായി.
ഇപ്പോള്‍ തങ്ങളുടെ വഴി തടസ്സപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തതിന് കാര്‍ ഉടമക്ക് ഇതേ വരീതിയില്‍ പിഴ ലഭിച്ച സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്. ചെന്നൈ രായപ്പേട്ടിലാണ് സംഭവം. അയല്‍വാസിയുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്ത വ്യക്തിക്കാണ് 500 രൂപ പിഴ കിട്ടിയത്. ജൂലൈ 16-നായിരുന്നു ഇതുസംബന്ധിച്ച് വീട്ടുടമ പരാതിപ്പെട്ടത്.

പരാതിക്കാരന്‍ വ്യക്തമാക്കിയ ദിവസവും സമയവും സിസിടിവി പരിശോധിച്ച ഉറപ്പ് വരുത്തിയ ശേഷമാണ് പൊലീസ് 500 രൂപ പിഴയിട്ടത്. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ ഒരു സംവിധാനമില്ലെങ്കില്‍ കൂടി വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി മറ്റുള്ള റോഡ് ഉപയോക്താക്കള്‍ക്കും അയല്‍വാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. ചെന്നൈ സ്വദേശിയെപ്പോലുള്ള ആളുകളാണെങ്കില്‍ പിഴ കിട്ടിയെന്ന് ഓര്‍ത്താല്‍ മതി.


Click it and Unblock the Notifications








