മന്ത്രിമാരെ പേറുന്നവര്‍
രാഷ്ട്രീയക്കാര്‍ക്ക് ആഡംബരം ഒട്ടും പാടില്ലെന്നാണ് ഇന്ത്യക്കാരുടെ തിയറി. ഇത് ഗാന്ധിജി ഉണ്ടാക്കിവെച്ച പൊല്ലാപ്പാണ്. ലളിതവസ്ത്രം (ഖദര്‍), ലളിതജീവിതം, ലളിതഭക്ഷണം (ആട്ടുമ്പാലും വേപ്പിലച്ചമ്മന്തിയും) തുടങ്ങിയ മാതൃകകള്‍ അങ്ങോരുണ്ടാക്കി വെച്ചു. ഇതെല്ലാം ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു തന്നെ തകര്‍ത്തടുക്കി പെട്ടിയിലാക്കി. പാരിസില്‍ ഇസ്തിരിയിട്ട തുണിയേ അങ്ങോര്‍ ധരിച്ചിരുന്നുള്ളൂ എന്നാണ് കോണ്‍ഗ്രസ് വിരുദ്ധ ചരിത്രകാരന്മാര്‍ പറഞ്ഞു പരത്തുന്നത്.
എന്തായാലും ആഡംബരമില്ലായ്മ പ്രകടിപ്പിക്കാന്‍ എപ്പോഴും രാഷ്ട്രീയക്കാര്‍ ശ്രമിക്കാറുണ്ട്. ഇത് കാറുകളില്‍ എങ്ങനെ പ്രകടമാകുന്നു എന്നാണ് നമ്മുടെ അന്വേഷണം. റോള്‍സ് റോയ്സ് ഫാന്‍റം ഗാരേജിലുണ്ടെങ്കിലും നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ഒരു ടാറ്റ നാനോ വാങ്ങി പുറത്തിടുക എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍റെ ലാളിത്യം. ഇങ്ങനെ കാര്‍ വാങ്ങി പുറത്തിടുന്നവരില്‍ ചിലരെ ഇവിടെ കാണാം.

മന്‍മോഹന്‍ സിംഗ്
മാരുതി 800 സ്വന്തമായുള്ള രാഷ്ട്രീയക്കാരില്‍ പ്രമുഖന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. 1996 മോഡല്‍ 800 അദ്ദേഹത്തിന് സ്വന്തമായുണ്ടെങ്കിലും ഉപയോഗിക്കാതെ ഗാരേജില്‍ വെറുതെയിട്ടിരിക്കുകയാണ്. എ ബി വാജ്‍പേയിയുടെ കാലം തൊട്ട് പ്രധാനമന്ത്രിയുടെ വാഹനം ബി എം ഡബ്ലിയു 7 സീരീസാണ്. പ്രധാനമന്ത്രിയുടെ 800-ന് വില കണക്കാക്കിയിരിക്കുന്നത് 27,500 ആണ്. 10.73 കോടി രൂഫായാണ് സിംഗിന്‍റെ ഇപ്പോഴത്തെ ആസ്തി. ഇത് കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയാണ്.

എകെ ആന്‍റണി
ആദര്‍ശം എന്ന വാക്ക് കേരളത്തില്‍ ഉച്ചരിച്ചാല്‍ എകെ ആന്‍റണി എന്ന് ഉടന്‍ മറുപടി വരും. ആദര്‍ശത്തെ ഒരു ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തയാളാണ് ശ്രീമാന്‍ ആന്‍റണി. ഇദ്ദേഹത്തിന്‍റെ ഭാര്യ ഉപയോഗിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി വാഗണ്‍ ആര്‍ കാറാണ്. 1,36,000 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഭാര്യ വന്‍ ചിത്രകാരിയാണ്. അമൃത ഷെര്‍ഗിള്‍ കഴിഞ്ഞാല്‍ ഇന്ത്യ കണ്ട വലിയ ചിത്രകാരിയായ ഇവരുടെ ചിത്രങ്ങള്‍ എന്ത് വിലകൊടുത്തും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വന്തമാക്കിക്കളയും.

പ്രണബ് മുഖര്‍ജി
പ്രണബ് മുഖര്‍ജിയുടെ പക്കലുള്ളത് 2000 മോഡല്‍ ഫോര്‍ഡ് ഐക്കണാണ്. പതിനൊന്ന് വര്‍ഷം പഴക്കം ചെന്ന ഈ കാറിന് വിലയിട്ടിരിക്കുന്നത് 1,06,250 രൂപയാണ്. എന്നിരിക്കിലും ഔദ്യോഗിക വാഹനമായി പ്രണബ് എപ്പോഴും തെരഞ്ഞെടുത്തിരുന്നത് അംബാസ്സഡര്‍ കാറിനെയാണ്. പ്രസിഡന്‍റായ ശേഷം മൂപ്പര്‍ സഞ്ചരിക്കുന്നത് പുള്‍മാന്‍ ലിമോസിനിലാണ്.

ജയ്റാം രമേശ്
ഗ്രാമവികസന മന്ത്രിയായ ജയ്റാം രമേശിന്‍റെ പക്കല്‍ മാരുതി സെന്നാണ് ഉള്ളത്. ഇദ്ദേഹം ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ഒരുപോലെ വിശ്വസിക്കുന്നയാളാണ്. ഒരു തരത്തിലും ചേരാന്‍ സാധ്യതയില്ലാത്തതിനെയൊക്കെ ചേര്‍ത്തുകൊണ്ടുപോകാന്‍ ജയ്റാമിനുള്ള മിടുക്ക് ഇതില്‍ നിന്ന് ബോധ്യമാകുന്നതാണ്. ഹിന്ദ്-ബുദ്ധ് എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ അലുവ-മത്തിക്കറി എന്നു വിശേഷിപ്പിക്കാം.

കമല്‍നാഥ്
63 കോടി രൂപയാണ് നഗരവികസന മന്ത്രി കമല്‍നാഥിന്‍റെ ആസ്തി. എങ്കിലെന്ത്? കൊല്ലുന്ന ലാളിത്യമാണ് അങ്ങോരുടേത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ ടാറ്റ നാനോയും ഒരു അംബാസ്സഡര്‍ കാറുമാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്!


Click it and Unblock the Notifications








