ഡല്‍ഹി വണ്ടികള്‍ ചുളുവിലക്ക് ഇനി കിട്ടിയേക്കില്ല; ഡീസല്‍ കാര്‍ നിരോധനത്തില്‍ വമ്പന്‍ 'ട്വിസ്റ്റ്'
ദേശീയ തലസ്ഥാന മേഖലയടങ്ങുന്ന ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കും നിരോധനമുള്ള വിവരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരിക്കുകയാണ്.
നമ്മുടെ നാട്ടിലെ നിരത്തുകളിലൂടെ കണ്ണോടിച്ചാല്‍ ചിലപ്പോള്‍ ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഇന്നോവയും മറ്റ് മുന്തിയ കാറുകളും ഓടുന്നത് കാണാം. മലിനീകരണ തോത് ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകളും നിരോധിച്ചിരുന്നു. ഇത്തരം കാറുകള്‍ ചുളുവിലക്ക് വാങ്ങിക്കൊണ്ടുവന്ന് റീ-രജിസ്‌ട്രേഷന്‍ നടത്തി ഉപയോഗിക്കുന്ന വിരുതന്‍മാരുണ്ട്. ഡല്‍ഹിയില്‍ 10-15 വര്‍ഷം പഴക്കമുള്ള കാറുകള്‍ നിരോധിച്ച വിഷയം പണ്ടുമുതലേ വലിയ ചര്‍ച്ചാവിഷയമാണ്.

മലിനീകരണ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച നിലപാടാണ് സ്വീകരിച്ച് വരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു അഭിഭാഷകന്റെ ഇടപെടലിനെ തുടര്‍ന്ന് കഥയില്‍ വമ്പന്‍ ട്വിസ്റ്റ് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുയര്‍ത്തിയാണ് അഭിഭാഷകനായ മുകേഷ് കുല്‍ത്തിയ ഗുഡ്ഗാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഹരിയാനയിലെ ഗതാഗത സെക്രട്ടറി നവദീപ് സിംഗ് വിര്‍ക്ക്, ഗതാഗത മന്ത്രാലയത്തിലെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഈ നിയമം നിലവിലില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ നടത്തുന്ന വിപുലമായ അഴിമതിയാണെന്നുമാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്. തനിക്ക് പിന്നില്‍ ആരും തന്നെയില്ലെനും ആരെയും പ്രതിനിധീകരിക്കുന്നില്ലെന്നും എന്നാല്‍ ഈ നിയമം മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന ഒരു പൗരന്‍ എന്ന നിലയിലാണ് ഈ കേസ് ഫയല്‍ ചെയ്തതെന്നുമാണ് അഭിഭാഷകനായ മുകേഷ് കുല്‍ത്തിയ പറയുന്നത്.

2019, 2021, 2023 വര്‍ഷങ്ങളിലെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ പ്രകാരം ഡീസല്‍, പെട്രോള്‍ കാറുകളുടെ ആയുസ് 15 വര്‍ഷമാണെന്ന് അഭിഭാഷകന്‍ മുകേഷ് കുല്‍ത്തിയ അറിയിച്ചു. ഈ കാലയളവ് അവസാനിച്ചാല്‍ 5 വര്‍ഷത്തേക്ക് കൂടി പുതുക്കാന്‍ സാധിക്കും. 10 വര്‍ഷത്തെ ആയുസ് പൂര്‍ത്തിയാക്കിയതുകൊണ്ട് മാത്രം ഡീസല്‍ കാര്‍ പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ നിരോധിക്കാനോ കഴിയില്ലെന്നും നിരോധനം പൊതുജനങ്ങളെയും അഭിഭാഷകരെയും അടിച്ചമര്‍ത്തിക്കൊണ്ട് മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ലംഘനമാണെന്നുമാണ് ഹരജിക്കാരന്‍ വാദിക്കുന്നത്.
ഇന്നും ഡീസല്‍ കാറുകള്‍ക്കും പെട്രോള്‍ കാറുകള്‍ക്കും 15 വര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുകയും അതനുസരിച്ച് റോഡ് നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്ക് എന്നിവ നിരോധിക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ തെറ്റായി ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും കുല്‍ത്തിയ വാദിച്ചു.

സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്‍ ഉടമകളെയും വാഹനപ്രേമികളെയും ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് അഭിഭാഷകനായ കുല്‍ത്തിയ സ്വീകരിച്ച നടപടി. പഴയ വാഹനങ്ങള്‍ നിരോധിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളുടെ സുതാര്യതയും നിയമസാധുതയും, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ വെളിപ്പെടുത്താത്ത ഉദ്ദേശ്യങ്ങളും ഈ ഹരജി വഴി ചോദ്യം ചെയ്യപ്പെടുന്നു.
കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ നിയമസംവിധാനം ഈ ആരോപണങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നും 10-15 വര്‍ഷം പഴക്കമുള്ള കാറുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമോ എന്നെല്ലാം അറിയാന്‍ വാഹന പ്രേമികള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 2021-ല്‍ വാഹന സ്‌ക്രാപ്പേജ് നയം ലോക്സഭയില്‍ പ്രഖ്യാപിച്ചതാണ്.
2024 ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള സ്വമേധയാ പൊളിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും വാഹന വിപണിക്ക് പുത്തന്‍ ഉണര്‍വേകുകയും ചെയ്യുന്നതിനായാണ് കേന്ദ്രം ഈ നയം നടപ്പാക്കുന്നത്.


Click it and Unblock the Notifications








