വില പേടിച്ച് 'മൊട്ട' ടയർ മാറ്റാതെ ഓടണ്ട..! വിലകുറച്ച് കമ്പനി; ജിഎസ്ടി വഴി എല്ലാ ഭാഗത്ത് നിന്നും ലാഭം
ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി കുറച്ചിരുന്നു. ജിഎസ്ടി 2.0 വഴി ഏറ്റവും വലിയ ഉത്തേജനമുണ്ടാകാന്‍ പോകുന്നത് ഓട്ടോമൊബൈല്‍ വ്യവസായത്തിനാണ്. ടാക്‌സ് സ്ലാബില്‍ മാറ്റം വരുന്ന വാഹനങ്ങളുടെ വില കുറയ്ക്കുന്ന തിരക്കിലാണ് വണ്ടിക്കമ്പനികള്‍. വാഹന വിപണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റ് ചില വ്യവസായങ്ങളും മാറ്റങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ടയര്‍ വ്യവസായം. സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയത്തില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന കമ്പനികളില്‍ ഒന്നായ സിയറ്റ്. തങ്ങളുടെ എല്ലാ ടയറുകളുടെയും വില ഗണ്യമായി കുറക്കുന്നതായി പ്രഖ്യാപിച്ചു. അതിന്റെ വിശദാംശങ്ങള്‍ ചുവടെ വായിക്കാം.
ഇന്ത്യക്കാര്‍ക്ക് വര്‍ഷങ്ങളുടെ പരിചയമുള്ള ലോകത്തിലെ തന്നെ അറിയപ്പെടുന്ന ടയര്‍ നിര്‍മ്മാതാക്കളാണ് സിയറ്റ്. ഏകദേശം 101 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയിലെ ടൂറിനില്‍ സ്ഥാപിതമായ സിയറ്റ് ലോകത്തിലെ ഏറ്റവും വലിയ ടയര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള മുഴുവന്‍ നികുതി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും കൈമാറുമെന്ന് ടയര്‍ നിര്‍മാതാക്കള്‍ അറിയിച്ചു.

ഇതോടെ സെപ്റ്റംബര്‍ 22 മുതല്‍ സിയറ്റ് ടയറുകളുടെ വില ഗണ്യമായി കുറയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്റെ നേരൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ടയര്‍ മേഖലയ്ക്കുള്ള ജിഎസ്ടി നിരക്കുകളില്‍ കുറവ് വരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. പുതിയ ന്യൂമാറ്റിക് ടയറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു.
അതേസമയം, ട്രാക്ടര്‍ ടയറുകളുടെയും ട്യൂബുകളുടെയും ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറച്ചു. വാണിജ്യ വാഹനങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ ടയറുകള്‍ക്ക് വിലക്കുറവ് ബാധകമാകും. ടയര്‍ മേഖലയിലെ നികുതി നിരക്കുകള്‍ ക്രമീകരിച്ചതിന് കേന്ദ്ര സര്‍ക്കാരിനും ജിഎസ്ടി കൗണ്‍സിലിനും സിയറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി നന്ദി പറഞ്ഞു.

മാറിയ ജിഎസ്ടി സ്ലാബുകള്‍ ടയര്‍ വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും വളരെയധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വിവിധ വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കുന്നതിനും അത് ഓപറേറ്റ് ചെയ്യുന്നതിനുമുള്ള ചെലവ് കുറയ്ക്കും. ടയറുകള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കും. മൊത്തത്തില്‍, നീക്കം ഈ രംഗത്തെ സുസ്ഥിര വികസനത്തിന് ഗുണം ചെയ്യുമെന്നും ബാനര്‍ജി പറഞ്ഞു.
പുതിയ ജിഎസ്ടി നിരക്കുകള്‍ അനുസരിച്ചുള്ള വില 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ട്രാക്ടറുകള്‍ക്കും ചെറിയ മോട്ടോര്‍സൈക്കിളുകള്‍ക്കും വിലക്കുറവ് വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ബജറ്റ് കാറുകളുടെ ടയറുകളുടെ വിലയും നേരിയ തോതില്‍ കുറയും. ജിഎസ്ടി 2.0 വഴി ഏറ്റവും വലിയ നേട്ടമുണ്ടായിരിക്കുന്നത് ചെറുകാര്‍ വിപണിക്കാണ്. ചെറുകാറുകളുടെ വില കുറഞ്ഞതിനൊപ്പം ടയര്‍ അടക്കമുള്ള അത്യാവശ്യ പാര്‍ട്‌സുകളുടെ വില കുറയുന്നത് പരോക്ഷമായ നേട്ടം കൂടിയാണ് സമ്മാനിക്കുന്നത്.

ടയറുകളുടെ വില കുറയുന്നത് സ്വാഭാവികമായും നിര്‍മ്മാണച്ചെലവ് കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് വാഹനങ്ങളുടെ വിലയിലും പ്രതിഫലിച്ചേക്കും. നിലവില്‍ ജിഎസ്ടി ഇളവിന്റെ പ്രയോജനം ലഭിക്കാത്ത വലിയ ആഡംബര വാഹനങ്ങള്‍ക്ക് പോലും കുറഞ്ഞ വിലയ്ക്ക് ടയറുകള്‍ ലഭിച്ചേക്കാം. ഏതായാലും നിങ്ങളുടെ ഏതെങ്കിലും വാഹനത്തിന്റെ ടയറുകള്‍ 'മൊട്ട'യായിട്ടുണ്ടെങ്കില്‍ ഇനി ഒട്ടും മടിച്ച് നില്‍ക്കേണ്ട. ടയര്‍ വില കുറയുന്നതിനാല്‍ ആളുകള്‍ മടിച്ച് നില്‍ക്കാതെ വേഗത്തില്‍ മാറ്റിസ്ഥാപിക്കുകയും അതുവഴി അപകട സാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








