സെലിബ്രിറ്റികളെ സുന്ദരനാക്കുന്ന ബാർബർ! സ്വന്തമാക്കിയത് നാലര ലക്ഷത്തിൻ്റെ ആഡംബര ഇവി സ്കൂട്ടർ
സെലിബ്രിറ്റികൾ സുന്ദരനും സുന്ദരിയുമാകുന്നതിൻ്റെ കാരണം അവരുടെ മികച്ച ഹെയർ ആൻ്റ് ബ്യൂട്ടി സ്റ്റൈലിസ്റ്റുകളാണ്. രൺബീർ കപൂർ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെയെല്ലാം സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആയ ആലിം ഹക്കിം അടുത്തിടെ ഒരു വിലകൂടിയ ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലിം ഹക്കിം 4.5 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു സിഇ-02 ഇലക്ട്രിക് സ്കൂട്ടറാണ് സ്വന്തമാക്കിയിരിക്കുന്നത്. CE 04 ഇവിക്ക് ശേഷം ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ശരിക്കും സിറ്റികളിൽ ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.
ലുക്കിൽ CE 04 ഇലക്ട്രിക് സ്കൂട്ടറിന്റെ അതേ ശൈലിയാണ് കുഞ്ഞൻ CE 02 ഇവിയും പന്തുടർന്നിരിക്കുന്നത്. അഡ്വഞ്ചർ ബൈക്കിന്റെയും മങ്കി ബൈക്കിന്റെയും സമ്മിശ്രമായ ഡിസൈൻ നന്നായി വർക്കായിട്ടുണ്ടെന്ന് പറയാം. ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് ബിഎംഡബ്ല്യുവിന്റെ ഈ പുതിയ ഇവി പണികഴിപ്പിച്ചിരിക്കുന്നതും. വളരെ കുറച്ച് ബോഡി പാനലുകൾ, ഫ്ലാറ്റ് സീറ്റ്, ചങ്കി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കും മിനിമലിസ്റ്റിക്കുമായ ഡിസൈൻ ഭാഷ്യം ആരേയും ആകർഷിച്ചേക്കും.

ഗോൾഡൻ ഫിനിഷുള്ള അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും ഇലക്ട്രിക് വാഹനത്തിന്റെ ആഡംബരത്തം വർധിപ്പിക്കുന്നുണ്ട്. ഒരു സാങ്കൽപ്പിക ഫ്യുവൽ ടാങ്കിന് വഴിയൊരുക്കുന്നതുപോലെയുള്ള സംഗതിയും ഉഷാറായിട്ടുണ്ട്. മുൻവശത്തെ സീറ്റിന് താഴെയാണ് ബാറ്ററി പായ്ക്ക് കൊടുത്തിരിക്കുന്നത്. പിന്നിൽ റിയർ സസ്‌പെൻഷനുള്ള ആംഗിൾഡ് മോണോഷോക്ക് സജ്ജീകരണവും മനോഹരമായി ഡിസൈനോട് ഇഴുകിച്ചേരുന്നുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യു CE 02 ഇവിയിൽ 3.5 ഇഞ്ച് മൈക്രോ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ആദ്യം എടുത്തു പറയേണ്ട കാര്യം. സ്പീഡ്, റേഞ്ച്, റൈഡ് മോഡ് തുടങ്ങിയ ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം ടോഗിൾ ചെയ്യാനും മറ്റുമായി വലതുവശത്തുള്ള സ്വിച്ച് ഗിയറാണ് ഉപയോഗിക്കേണ്ടത്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി കൂടിയാവുമ്പോൾ ഇവി മൊത്തത്തിൽ പ്രായോഗികമാവുന്നുമുണ്ട്.
മൊത്തത്തിൽ 1,970 മില്ലീമീറ്റർ നീളവും 876 മില്ലീമീറ്റർ വീതിയും 1,140 മില്ലീമീറ്റർ ഉയരവും 1,350 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകളിൽ ഒന്ന്. ഓൾ-ഇലക്‌ട്രിക് CE 02 ഇവിക്ക് 132 കിലോഗ്രാം ഭാരമാണുള്ളത്. ട്യൂബുലാർ സ്റ്റീൽ ഡബിൾ-ലൂപ്പ് ഫ്രെയിമിലാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇവി പണികഴിപ്പിച്ചിരിക്കുന്നത്.
സസ്പെൻഷനായി മുന്നിൽ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് ഉപയോഗിക്കുന്നത്. സിംഗിൾ സൈഡഡായുള്ള കാസ്റ്റ് അലുമിനിയം സ്വിംഗാർം മോശം റോഡുകളെ പോലും അനായാസം കൈകാര്യം ചെയ്യുന്നുണ്ട്. മുൻവശത്ത് 117 മില്ലീമീറ്റർ വീൽ ട്രാവലും പിന്നിൽ 56 മില്ലീമീറ്റർ വീൽ ട്രാവലുമുള്ളതിനാൽ കുണ്ടും കുഴിയുമൊന്നും തലവേദനയാവുകയേയില്ല.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ട് വശത്തും ഡിസ്ക്ക് യൂണിറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. സിംഗിൾ സൈഡഡ് എബിഎസാണ് അധിക സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്. ഡൈ-കാസ്റ്റ് അലുമിനിയം ഉപയോഗിച്ച് നിർമിച്ച 14 ഇഞ്ച് വീലുകളിൽ CE 02 ഇവിയിലുള്ളത്. മിഷെലിൻ സിറ്റി ഗ്രിപ്പ് ടയറുകളിലാണ് വാഹനം വരുന്നത്. മുൻ ടയർ 120/80 R14 സെക്ഷനും പിന്നിൽ വിശാലമായ 150/70 R14 സെക്ഷനുമാണ് സൈസ് വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








