വണ്ടിപ്രാന്തൻമാരുടെ തലയിൽ ഇടിത്തീ വീഴ്ത്താൻ കേന്ദ്ര സർക്കാർ; ആർസി പുതുക്കാൻ എട്ടിരട്ടി കൊടുക്കണം
ഇന്നത്തെ കാലത്ത് ഒരു പഴയ വാഹനം കൊണ്ട് നടക്കണമെങ്കിൽ പോക്കറ്റിൽ ധാരാളം കാശ് വേണമെന്ന അവസ്ഥയായി. പറഞ്ഞു വരുന്നത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ കാര്യമാണ് കേട്ടോ. പഴകുംന്തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നത് പോലെ തന്നെയാണ് ചില വാഹനങ്ങൾ. ആദ്യകാല ഹോണ്ട സിറ്റി, ടാറ്റ എസ്റ്റേറ്റ്, മാരുതിയുടെ എസ്റ്റീം, പഴയ കാല ആഡംബര രാജാക്കൻമാരായ ബെൻസ് എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. പക്ഷേ 15 വർഷങ്ങൾക്ക് ശേഷം ആർസി പുതുക്കാൻ ചെല്ലുമ്പോഴാണ് ഇപ്പോൾ സത്യത്തിൽ കണ്ണുത്തളളുന്നത്. പഴയ വാഹനങ്ങളുടെ ആർസി പുതുക്കുന്നതിനുളള ഫീസ് ഇപ്പോൾ എട്ടിരട്ടി ആക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമുളള വർധനവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും ഏപ്രിൽ ഒന്ന് മുതൽ വർധനവ് നിലവിൽ കൊണ്ടുവരാനാണ് സർക്കാരിൻ്റെ തീരുമാനം. 15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത്. കേരളത്തിലെ സ്ഥിതി നോക്കുകയാണെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിലെ നിരക്കുകളിലേക്ക് നോക്കിയാൽ ടൂവിലറുകൾക്ക് അഞ്ചുവർഷത്തേക്ക് ഈടാക്കുന്ന നികുതി തുക എന്ന് പറയുന്നത് 900 രൂപയാണ്. പകുതി വർധനവ് എന്ന് പറയുമ്പോൾ 450 രൂപ വർധിപ്പിക്കാനാണ് സാധ്യത. 750 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഇടത്തരം കാറുകൾക്ക് 6400 രൂപയും 750 മുതൽ 1500 കിലോവരെ ഭാരമുള്ള കാറുകൾക്ക് 8600 രൂപയുമാണ് നിലവിലെ നികുതി. 1500 കിലോയ്ക്കു മുകളിൽ ഭാരമുള്ളവയ്ക്ക് 10,800 രൂപയുമാണ്. ഇനി ഇതിലെല്ലാം 50 ശതമാനം വർധനയുണ്ടാകും.
സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് സുപ്രധാനമായ ചില തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8 ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വണ്ടി വിലയുടെ 10 ശതമാനം നികുതിയും ഇനി മുതൽ ഈടാക്കും. കേന്ദ്ര ബജറ്റിൽ ഇവികൾക്ക് വില കുറയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ വക പുതിയ നീക്കം.

ഇവികൾക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുന്നതാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സ് കൂട്ടാനുള്ള തീരുമാനം വൈദ്യുതി കാറുകളിലേക്ക് ചേക്കേറാനിരുന്നവർക്ക് നിരാശ സമ്മാനിക്കും. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വർഷം കഴിഞ്ഞ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ത്രീ വീലറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവ് പ്രഖ്യാപിച്ചത് സാധാരണക്കാരന് തിരിച്ചടിയാവും.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കോൺട്രാക്ട് ഗാരേജ് വാഹനങ്ങളിൽ യാത്രാ സൗകര്യം വർധിപ്പിക്കേണ്ടത് അത്യാവിശ്യമാണെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്. ഇതിനായി പുഷ്ബാക്ക് സീറ്റുള്ള ഇത്തരം വണ്ടികളുടെ ത്രൈമാസ നികുതി കുറയ്ക്കും. സീറ്റുകളുടെ എണ്ണം 6 മുതല്‍ 12 വരെയാണെങ്കില്‍ നിലവിലുള്ള ത്രൈമാസ നികുതി നിരക്ക് ഓര്‍ഡിനറി സീറ്റിന് 280 രൂപ, പുഷ്ബാക്ക് സീറ്റിന് 450 രൂപ, സ്ലീപ്പര്‍ സീറ്റിന് 900 രൂപ എന്നിങ്ങനെയായിരുന്നു.
ഇത് ഏകീകരിച്ചാണ് ഓരോ സീറ്റിനും 350 രൂപയാക്കി മാറ്റിയിരിക്കുന്നത്. അതേസമയം കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 13 മുതല്‍ 20 വരെ ആണെങ്കില്‍ ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 600 രൂപയാക്കിയപ്പോൾ ഇരുപതിൽ അധികമുള്ള വാഹനങ്ങളുടെ നിലവിലെ ത്രൈമാസ നിരക്ക് ഏകീകരിച്ച് ഓരോ യാത്രക്കാരനും 900 രൂപയാക്കി മാറ്റുകയും ചെയ്‌തിട്ടുണ്ട്.
പുത്തൻ വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുവാനുളള പദ്ധതിയായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്. ഹരിത നയത്തെ പിന്തുണയ്ക്കുന്നുണ്ട് എന്ന സർക്കാർ പറയുന്നുണ്ട് എങ്കിലും ഇപ്പോൾ 10 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളുടെ വാഹനം സ്ക്രാപ്പിൽ നൽകാനുളള സമയം ആയെങ്കിൽ https://vscrap.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ചാൽ മാത്രം മതി. ബാക്കി നടപടികൾ ഉദ്യോഗസ്ഥർ കൈകൊള്ളും.
ഇതിനൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ട കാര്യമാണ് സ്ക്രാപ്പേജ് പോളിസിയെ കുറിച്ച്. വാഹന സ്‌ക്രാപ്പേജ് നയപ്രകാരം നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പഴയ വാഹനം പൊളിക്കാന്‍ നല്‍കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.
ഇനി ഉടമയായ നിങ്ങള്‍ പുതിയ കാര്‍ വാങ്ങുന്നില്ലെന്ന് വെക്കുക, ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കാം. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നേടാം. മാത്രമല്ല പഴയ കാറിന്റെ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 5 ശതമാനം കിഴിവ് നല്‍കാനും വാഹന നിര്‍മ്മാതാക്കളോട് കരടില്‍ നിര്‍ദേശമുണ്ട്.
വാഹന സ്‌ക്രാപ്പേജ് നയത്തിന് കീഴില്‍ മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല എന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ഓര്‍മിക്കുക. ഈ ആനുകൂല്യങ്ങള്‍ ബ്രാന്‍ഡുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള കാര്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുമല്ലോ. ഇനി വാഹന സ്‌ക്രാപ്പേജ് പോളിസി എന്തുകൊണ്ടാണ് പ്രധാനമെന്ന് ഇനി നോക്കാം.
മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പഴയ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ വാഹന സ്‌ക്രാപ്പേജ് നയം പ്രധാന പങ്ക് വഹിക്കുന്നു. ഇത് കേടായ പഴയ വാഹനങ്ങളെ തടയുന്നുവെന്ന് മാത്രമല്ല വാഹനങ്ങളില്‍ നിന്നുള്ള മൊത്തത്തിലുള്ള വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഓട്ടോമോട്ടീവ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ ഇന്‍ഡസ്ട്രികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വര്‍ധിച്ചുവരുന്ന വിലയുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.
താരതമ്യേന പുതിയ കാറുകളേക്കാള്‍ പഴയ കാറുകളുടെ പരിപാലനച്ചെലവ് കൂടുതലാണെന്ന് കാര്യം നമ്മള്‍ ഏവര്‍ക്കും അറിയാം. പുതിയ വാഹനങ്ങള്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വരുന്നത്. അതുകൊണ്ട് അവ മലിനീകരണം കുറക്കുന്നുവെന്ന് മാത്രമല്ല ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് പുറത്തെടുക്കുകയും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയത് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








