ചികിത്സ കിട്ടാതെ ഒരു ജീവന്‍ പോലും പൊലിയരുത്! റോഡപകടത്തില്‍ പെട്ടവര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സയുമായി കേന്ദ്രം
ഇന്ത്യയില്‍ ഓരോ വര്‍ഷവും റോഡപകടങ്ങളുടെ എണ്ണം കൂടിവരികയാണ്. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും എണ്ണം ഞെട്ടിക്കുന്നതാണ്. അതിനാല്‍ റോഡപകടങ്ങളില്‍ അന്യായമായി ഒരു ജീവന്‍ പോലും പൊലിയാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്. 2025 ഏപ്രില്‍ 01 മുതല്‍ നിര്‍മിക്കുന്ന എല്ലാ കാറുകളിലും പിന്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ സ്റ്റാന്‍ഡേര്‍ഡാക്കുന്ന കരട് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇത് കൂടാതെ റോഡപകട മരണങ്ങള്‍ കുറക്കാനായി മറ്റ് വിവിധ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. റോഡപകടങ്ങളില്‍ പെടുന്നവരോട് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം അവര്‍ക്ക് മതിയായ വൈദ്യസഹായം നല്‍കുകയെന്നതാണ്. കേസും നൂലാമാലകളും ഭയന്ന് മുമ്പ് റോഡില്‍ അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മടിച്ചിരുന്നു. എന്നാല്‍ റോഡപകട ഇരകളെ സഹായിക്കുന്നയാളുകള്‍ക്ക് ഇപ്പോള്‍ അവാര്‍ഡുകളും സാമ്പത്തിക സഹായങ്ങളും വരെ അധികൃതര്‍ ചെയ്യുന്നു.

റോഡപകടങ്ങളില്‍ ജീവഹാനി സംഭവിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം അപകടം നടന്നയുടനെ വൈദ്യസഹായം ലഭിക്കാത്തതാണെന്ന് പറഞ്ഞല്ലോ. അപകടം നടന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ അതിനിര്‍ണായകമായാണ് കാണുന്നത്. ഇതിനെ 'ഗോള്‍ഡന്‍ അവര്‍' എന്നാണ് വിളിക്കുന്നത്. ഈ സമയത്തിനുള്ളില്‍ കൃത്യമായ ചികിത്സ ലഭിച്ചാല്‍ മാത്രമേ നമുക്ക് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. അപകടത്തില്‍ പെട്ട് റോഡില്‍ കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരും.
റോഡില്‍ രക്തം വാര്‍ന്ന് കിടന്ന് മരണപ്പെട്ടുപോയ ഒത്തിരി സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ നിന്നാല്‍ ചികിത്സിക്കാന്‍ പണം നല്‍കേണ്ടി വരുമെന്ന ചിന്തയും ചിലരെയെങ്കിലും അലട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇനി അത്തരത്തില്‍ യാതൊരു ടെന്‍ഷനുമില്ലാതെ അപകടത്തില്‍ പെട്ട ഒരാളെ നിങ്ങള്‍ക്ക് രക്ഷിക്കാനാകും. റോഡപകടത്തില്‍ പെട്ടവര്‍ക്ക് ആശുപത്രിയില്‍ ഒരു രൂപ പോലും മുടക്കാതെ ചികിത്സ നല്‍കാനുള്ള പുത്തന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയിലെ ഏതൊരു പൗരനും അപകടത്തില്‍ പെട്ടാല്‍ ഉടന്‍ അവരെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയില്‍ എത്തിച്ച് ഉചിതമായ ചികിത്സ നല്‍കണം. അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. അപകടത്തില്‍ പെടുന്നവര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ നല്‍കുന്നതിനുള്ള പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ കീഴില്‍ ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ അനുവദിക്കുക.
അപകടം നടന്ന് 7 ദിവസം വരെയാണ് ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ലഭ്യമാകുക. ഏത് റോഡിലും ഏത് തരത്തിലുമുള്ള വാഹനങ്ങളും ഉള്‍പ്പെട്ട അപകടങ്ങള്‍ക്ക് ഈ സേവനം ഉറപ്പാക്കാം. ആശുപത്രികള്‍ക്ക് രേഖകള്‍ നേരിട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ചികിത്സയ്ക്കുള്ള പണം ക്ലെയിം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മോട്ടോര്‍വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക അനുവദിക്കുക.

ഈ പൈലറ്റ് പ്രോജക്ട് ഇപ്പോള്‍ ചണ്ഡീഗഡ് മേഖലയില്‍ ആണ് നടപ്പാക്കുന്നത്. നാഷനല്‍ ഹെല്‍ത്ത് അതോറിറ്റിക്കാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല. താഴേത്തട്ടില്‍ പൊലീസും ആശുപത്രികളും തമ്മിലുള്ള ഏകോപനം നടപ്പാക്കും. പൈലറ്റ് പ്രോഗ്രാം എങ്ങനെ പോകുന്നുവെന്നത് പഗരിഗണിച്ച ശേഷമാകും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുക. ഏതായാലും ഈ ഒരു പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്തെ നിരത്തുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് ഞങ്ങളും കരുതുന്നത്.
കാരണം സര്‍ക്കാറിന്റെ ക്യാഷ്‌ലെസ് ചികിത്സ സഹായം ലഭ്യമാകുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞ് നടക്കേണ്ട ആവശ്യം വരില്ല. മാത്രമല്ല ഗോള്‍ഡന്‍ അവറില്‍ തന്നെ ഇരകള്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ കഴിയും. ലോകമെമ്പാടും റോഡപകടങ്ങളുടെയും മരണങ്ങളുടെയും കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 2022ല്‍ 4.61 ലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയില്‍ അരങ്ങേറിയത്. അതില്‍ 1.68 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 4.43 ലക്ഷമാണ്. ഈ പദ്ധതി നടപ്പായാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭിക്കുമെന്നും ജീവന്‍ രക്ഷിക്കാനാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം. 2030-ഓടെ റോഡപകട മരണങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടില്‍ ജനസംഖ്യ വളരെ കൂടുതലായതിനാല്‍ അപകടങ്ങളുടെ എണ്ണവും അതിന് അനുസരിച്ച് കൂടുന്നു.
ഇവക്ക് മൂക്കുകയറിടാന്‍ കൃത്യമായ നിയമനിര്‍മാണം നടത്തുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തികളും നടത്തേണ്ടതുണ്ട്. റോഡപകട ഇരകള്‍ക്ക് സര്‍ക്കാര്‍ ക്യാഷ്‌ലെസ് ചികിത്സ നല്‍കുന്നുണ്ടെന്ന വിവരവും ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ യാതൊരു ഉപേക്ഷയും കൂടാതെ ഇരകളായവരെ രക്ഷിക്കാനായി മുന്നോട്ട് വരികയുള്ളൂ. ഇക്കാര്യം കൂടി അധികാരികള്‍ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുമ്പോള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.


Click it and Unblock the Notifications








