സബ്‌സിഡി വേണോ? ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ തന്നെ വാങ്ങിക്കോളൂ; കടുത്ത തീരുമാനമെടുത്ത് സര്‍ക്കാര്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന കൂടാനുള്ള ഒരു പ്രധാന കാരണം സബ്‌സിഡിയാണ്. ഐസിഇ വാഹനങ്ങളില്‍ നിന്ന് ജനങ്ങളെ ഇവികളിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും സബ്‌സിഡികള്‍ നല്‍കി വന്നിരുന്നു. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിക്ക് കീഴില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്. പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തമ്മിലുള്ള വിലയിലെ അന്തരം കുറയ്ക്കാന്‍ ഈ സബ്സിഡികള്‍ സഹായിച്ചുവെന്ന് മാത്രമല്ല ഇവികള്‍ ജനകീയമാക്കാനും വഴിമരുന്നിട്ടു.
എന്നാല്‍ സമീപ ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരു സങ്കടവാര്‍ത്തയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സബ്സിഡി പദ്ധതി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നതാണ് ആ വാര്‍ത്ത. ഫെയിം II സ്‌കീമിന് ശേഷം നിലവില്‍ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും വാണിജ്യ/പൊതുഗതാഗത വാഹനങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്.

ഇലക്ട്രിക് ബസുകളും ട്രക്കുകളും ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ തുടരാന്‍ സര്‍ക്കാരിന് പദ്ധതികളില്ല. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും വാങ്ങുമ്പോള്‍ റോഡ് നികുതിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കുന്നതിനൊപ്പം പര്‍ച്ചേസ് ഇന്‍സെന്റീവുകള്‍, കൂപ്പണുകള്‍, പലിശ ഇളവുകള്‍, ആദായനികുതി ആനുകൂല്യം, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിച്ചിരുന്നു.
ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പിഎം ഇഡ്രൈവ് സ്‌കീം ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കും. അതിനുശേഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും സബ്സിഡി ലഭിക്കില്ല. എന്നിരുന്നാലും ഇലക്ട്രിക് ബസുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ള സബ്സിഡി തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടിയ സാഹചര്യത്തിലാണ് സബ്‌സിഡികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ 30% വിപണി വിഹിതം നേടിയപ്പോള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഇരട്ട അക്കത്തിലേക്ക് പോലും എത്തിയിട്ടില്ല. 25-30% വിപണി വിഹിതം നേടിക്കഴിഞ്ഞാല്‍ സബ്സിഡി നിര്‍ത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ അതായത് 2030-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 30 ശതമാനമാക്കി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു കിലോവാട്ടിന് 2,500 രൂപയും, ഒരു വാഹനത്തിന് 5,000 രൂപയുമായിരുന്നു സബ്സിഡി. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരു കിലോവാട്ടിന് 2,500 രൂപയും, വാഹനത്തിന് 25,000 രൂപയും ലഭിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 40,000 കോടി രൂപ ചെലവഴിച്ചിട്ടും വാര്‍ഷിക വില്‍പ്പനയുടെ 7.6% മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍ സംഭാവന ചെയ്യുന്നത്.

നിലവില്‍ സബ്സിഡി പദ്ധതിക്കുള്ള ഫണ്ടുകള്‍ പരിമിതമായതിനാല്‍ ഇത് ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിപ്പിക്കും. അതായത് സബ്‌സിഡി സ്‌കീമുകള്‍ 2026-2027 സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടില്ല.ഐസി എഞ്ചിന്‍ വാഹനങ്ങളുമായി നേരിട്ട് മത്സരിക്കാന്‍ ഇവി ബ്രാന്‍ഡുകള്‍ക്ക് ധൈര്യം നല്‍കിയത് സബ്‌സിഡികളും ഇന്‍സെന്റീവുകളുമായിരുന്നു. എന്നാല്‍ സബ്സിഡിയില്ലാതെ പരമ്പരാഗത ബ്രാന്‍ഡുകളോട് മത്സരിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ പല വാഹന നിര്‍മ്മാതാക്കളും ഈ തീരുമാനത്തില്‍ നിരാശരാകും.
ഇവി വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ സ്വന്തം കീശയില്‍ നിന്ന് പൈസ എടുത്ത് ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നല്‍കേണ്ടി വരും. ടിവിഎസ്, ഓല, ഏഥര്‍, ബജാജ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഇനി മുതല്‍ പ്രാദേശികവല്‍ക്കരണത്തിലൂടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും ചെലവ് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാല്‍, സബ്സിഡികളെ ആശ്രയിച്ചിരുന്ന ചെറിയ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ബുദ്ധിമുട്ടും. സബ്സിഡികള്‍ നിര്‍ത്തലാക്കുന്നത് കാരണമുള്ള പ്രശ്‌നങ്ങള്‍ മറികടക്കാനായി കമ്പനികള്‍ മറ്റ് ഉപായങ്ങള്‍ ഇപ്പോള്‍ തന്നെ തേടിത്തുടങ്ങിയിട്ടുണ്ടാകും.
കാരണം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയടക്കം സര്‍ക്കാറിലെ പ്രമുഖര്‍ നേരത്തെ തന്നെ സബ്‌സിഡി എടുത്തു കളയാന്‍ പോകുന്നതായി പ്രഖ്യാപിച്ചതാണ്. സബ്‌സിഡിയുടെ അഭാവത്തില്‍ കൂടുതല്‍ ചെലവ് കുറഞ്ഞ ബാറ്ററികള്‍, മോഡുലാര്‍ പ്ലാറ്റ്ഫോമുകള്‍, ബാറ്ററി ലീസിംഗ് അല്ലെങ്കില്‍ സബ്സ്‌ക്രിപ്ഷനുകള്‍ സ്‌കീമുകള്‍ എന്നിവ നിര്‍ണായകമായേക്കാം. ഈ സാഹചര്യവുമായി എളുപ്പത്തില്‍ പൊരുത്തപ്പെട്ട് പരിഹാരം കാണുന്നവര്‍ക്ക് വിപണി വിഹിതം നിലനിര്‍ത്താന്‍ സാധിക്കും. അതേസമയം ഇന്‍സെന്റീവും സബ്‌സിഡിയെയും ആശ്രയിക്കുന്നവര്‍ പതിയെ ചിത്രത്തില്‍ നിന്ന് തന്നെ പുറത്താകും.


Click it and Unblock the Notifications








