സോന പപ്പ്ഡി പോലും കിട്ടാത്ത കമ്പനിയിലുള്ളവര്‍ വായിക്കല്ലേ! ഫാര്‍മ കമ്പനിയുടെ ദീപാവലി സമ്മാനം കാര്‍
ദീപാവലിയോട് അനുബന്ധിച്ച് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ബോണസുകളും സമ്മാനങ്ങളും നല്‍കുന്നത് പതിവാണ്. കഴിഞ്ഞ കുറച്ച് ദിവസമായി ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍ഭാടമായി ദീപാവലി സമ്മാനങ്ങള്‍ നല്‍കുന്നതിന്റെ റീല്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിലര്‍ വെറും ദീപാവലി മധുരത്തില്‍ ഒതുക്കിയപ്പോള്‍ അത് പോലും ലഭിക്കാത്ത കമ്പനിയിലെ ജീവനക്കാര്‍ ഈ റീല്‍സുകള്‍ പരസ്പരം അയച്ച് സങ്കടം പറഞ്ഞു. 1 രൂപയോ എന്തിന് സോന പപ്പ്ഡി പോലും ദീപാവലിക്ക് ഗിഫ്റ്റായി ലഭിക്കാത്ത ജീവനക്കാര്‍ക്ക് സങ്കടം ഇരട്ടിയാക്കുന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.
ദീപാവലിക്ക് സ്വന്തം സ്ഥാപനത്തിലെ 51 മികച്ച ജീവനക്കാര്‍ക്ക് ആഡംബര കാറുകള്‍ സമ്മാനിച്ചിരിക്കുകയാണ് ഒരു കമ്പനി മുതലാളി. ഈ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാധാരണയായി ദീപാവലിക്ക് ബോണസ് നല്‍കുന്നത് പതിവാണെങ്കിലും, ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചത് പലരെയും അമ്പരപ്പിച്ചു. ചണ്ഡീഗഢ് ആസ്ഥാനമായുള്ള എംഐടിഎസ് (MITS) ഗ്രൂപ്പിന്റെ ചെയര്‍മാനായ എംകെ ഭാട്ടിയയെ പോലെ ഒരു മുതലാളിയെ കിട്ടാനാണ് ഇപ്പോള്‍ എല്ലാ തൊഴിലാളിയും കൊതിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഐടിഎസ് തങ്ങളുടെ മികച്ച 51 മികച്ച ജീവനക്കാരെയാണ് കാറുകള്‍ നല്‍കി ആദരിച്ചത്.ഓരോ ജീവനക്കാരനും വ്യത്യസ്ത മോഡലുകളിലുള്ള കാറുകളാണ് ലഭിച്ചത്. മഹീന്ദ്ര സ്‌കോര്‍പ്പിയോ എസ്‌യുവി ഇതില്‍ ഉള്‍പ്പെടുന്നു. ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കാറുകള്‍ തിരഞ്ഞെടുത്തതെന്നാണ് വിവരം. കാറുകള്‍ കൈമാറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. 2002-ല്‍ തന്റെ മെഡിക്കല്‍ സ്‌റ്റോര്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടയാളാണ് ഭാട്ടിയ.
അവിടെ നിന്ന് സ്വന്തം പ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്ന ഇദ്ദേഹം തന്റെ ജീവനക്കാരോട് കാണിക്കുന്ന ഈ സ്‌നേഹം അദ്ദേഹത്തിന്റെ എളിമയെ സൂചിപ്പിക്കുന്നു. ഒരിക്കല്‍ കടക്കെണിയിലായ എംകെ ഭാട്ടിയക്ക് 2015-ല്‍ എംഐടിഎസ് സ്ഥാപിച്ച ശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്ത് 12 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഔഷധോത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ഇപ്പോള്‍ കാനഡ, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സും നേടിയിട്ടുണ്ട്.
ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ അനുഭവിച്ച ഭാട്ടിയക്ക് ഒരു ജീവനക്കാരന് ലഭിക്കുന്ന പ്രചോദനത്തിന്റെ വിലയും അത് അവരില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റത്തെ കുറിച്ചും നന്നായി അറിയാം. അതുകൊണ്ടാണ് കമ്പനിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കഠിനാധ്വാനികളായ ജീവനക്കാര്‍ക്ക് നന്ദിസൂചകമായി 51 കാറുകള്‍ സമ്മാനിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. കമ്പനി ഉടമ നേരിട്ട് താക്കോല്‍ കൈമാറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചരം നേടി. പല ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്.
ഈ വീഡിയോയുടെ കമന്റ് ബോക്‌സില്‍ കമ്പനിയെ അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനുള്ള താല്‍പര്യം പരസ്യമായി പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. അതേസമയം കാറുകള്‍ മുഴുവന്‍ പണം അടച്ച് വാങ്ങിയതാണോ അതോ ലോണില്‍ വാങ്ങിയതാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കാര്‍ വായ്പയുണ്ടെങ്കില്‍ മാസതവണ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നു.
ഈ കാറുകള്‍ കമ്പനി എങ്ങിനെ വാങ്ങി നല്‍കിയതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും മികച്ച ജീവനക്കാര്‍ക്ക് വാഹനം സമ്മാനമായി നല്‍കുന്നത് മികച്ച ഒരു പ്രോത്സാഹനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വാഹനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു. കേരളത്തിലും ചില പ്രമുഖ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ സമ്മാനിച്ചിരുന്നു. ഈ ട്രെന്‍ഡ് ഇനിയും തുടരുമെന്ന് തന്നെയാണ് ഈ ദീപാവലിയും അടിവരയിടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








