ഈ കമ്പനിയില്‍ ജോലി കിട്ടിയാല്‍ കൊള്ളാമായിരുന്നു! ജീവനക്കാര്‍ക്ക് സമ്മാനിച്ചത് 50 കാറുകളും കോടികളുടെ ഓഹരിയും!
ഒരു ജോലി കിട്ടിയതുകൊണ്ട് മാത്രം പല ജീവനക്കാരും സംതൃപ്തരായിക്കൊള്ളണമെന്നില്ല. തങ്ങളുടെ സേവന മികവുകൊണ്ട് സ്ഥാനക്കയറ്റവും വേതന വര്‍ധനവുമെല്ലാം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇന്ന് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പല കമ്പനികളും ഇന്‍ക്രിമന്റും മറ്റും മരവിപ്പിച്ചിരിക്കുന്ന സാഹചര്യമാണ്. അത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത്ര സന്തോഷകരമായ കാര്യമല്ല ഇനി പറയാന്‍ പോകുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ജീവനക്കാര്‍ക്ക് 100 കാറുകള്‍ സമ്മാനിച്ച ഐഡിയാസ്2ഐടി എന്ന കമ്പനിയെ കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. പുഞ്ചിരി തൂകി കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ ഐടി കമ്പനി ജീവനക്കാരുടെ മുഖങ്ങള്‍ നിങ്ങളുടെ മനസ്സിലൂടെ ഒരപക്ഷേ മിന്നിമായുന്നുണ്ടാകും. അതേ കമ്പനി തന്നെ ഇപ്പോള്‍ ചില സര്‍പ്രൈസ് സമ്മാനങ്ങളുമായി തങ്ങളുടെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

ചെന്നൈ ആസ്ഥാനമായുള്ള ഈ സ്വകാര്യ ഐടി കമ്പനി ജീവനക്കാര്‍ക്ക് വിലകൂടിയ കാറുകളാണ് സമ്മാനിച്ചിരിക്കുന്നത്. തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ യോഗ്യതക്ക് അനുസരിച്ച് വ്യത്യസ്ത കാര്‍ മോഡലുകളാണ് സമ്മാനമായി നല്‍കുന്നത്. 50 ഓളം ജീവനക്കാര്‍ക്കാണ് 8 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.
ചെന്നൈയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കമ്പനി സ്ഥാപകന്‍ മുരളി വിവേകാനന്ദന്‍ തന്റെ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത പരിപാടി ഉത്സവാന്തരീക്ഷത്തിലായിരുന്നു കൊടിയേറിയത്. കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് കാര്‍ സമ്മാനം. 100 മില്ല്യണ്‍ ഡോളറിനടുത്താണ് കമ്പനിയുടെ മൂല്യം.

അര്‍ഹരായ ജീവനക്കാര്‍ക്ക് കാര്‍ മോഡലുകള്‍ കാണിച്ചുകൊടുക്കുകയും അതിലൊന്ന് തിരഞ്ഞെടുക്കാന്‍ പറയുകയും ചെയ്യുകയായിരുന്നു. കാറുകള്‍ സമ്മാനമായി നല്‍കിയതിന് പുറമെ മൊത്തം ഓഹരികളുടെ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് നല്‍കാനുള്ള മഹാമനസ്‌കതയും കമ്പനി കാണിച്ചു. 2009 മുതല്‍ അതായത് കമ്പനി സ്ഥാപിതമായത് മുതല്‍ ജോലി ചെയ്യുന്ന തെരഞ്ഞെടുത്ത ജീവനക്കാര്‍ക്കാണ് കമ്പനിയുടെ 33 ശതമാനം ഓഹരികള്‍ അനുവദിച്ചത്.
40 ജീവനക്കാര്‍ക്ക് 5 ശതമാനം ഓഹരി അനുവദിച്ചു. ബാക്കിയുള്ള 28 ശതമാനം ഓഹരി 700 ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും. ഐഡിയാസ്2ഐടിയില്‍ 5 വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്യുന്ന 50 ജീവനക്കാര്‍ക്കാണ് കാര്‍ സമ്മാനമായി കൊടുത്തത്. 2009ല്‍ ആരംഭിച്ച കമ്പനി ഇപ്പോള്‍ 100 മില്യണ്‍ മൂല്യമുള്ള കമ്പനിയായി വളര്‍ന്നതായും അതിന്റെ ആനുകൂല്യങ്ങള്‍ ജീവനക്കാരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നതായും കമ്പനി സ്ഥാപകന്‍ മുരളി വിവേകാനന്ദന്‍ പറഞ്ഞു.

'ആദ്യം ഞങ്ങള്‍ ഇത്രയും കാറുകള്‍ നല്‍കിയപ്പോള്‍, ഇത് നിലനിര്‍ത്താനാകുമോ എന്ന് ആളുകള്‍ സംശയിച്ചു. എന്നിരുന്നാലും, ഇപ്പോള്‍ ഞങ്ങള്‍ കാറുകള്‍ക്കപ്പുറത്തേക്ക് പോയി കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ 33 ശതമാനം ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തു' ഐഡിയാസ്2ഐടി സിഇഒ ഗായത്രി വിവേകാനന്ദന്‍ പറയുന്നു. ഇന്ത്യ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി മൊത്തം 750 ജീവനക്കാരാണ് ഐഡിയാസ്2ഐടി കമ്പനിക്കുള്ളത്.
ഔഡി ആഡംബര കാറുകള്‍ മുതല്‍ മാരുതി സുസുക്കി ഇഗ്‌നിസ് വരെയാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ പെര്‍ഫോമന്‍സും കമ്പനിക്ക് നല്‍കിയ അവരുടെ സംഭാവനയും പരിഗണിച്ചാണ് കാര്‍ നല്‍കിയിരിക്കുന്നത്. ഇഗ്‌നിസ്, സ്വിഫ്റ്റ്, ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, എര്‍ട്ടിഗ, ഔഡി തുടങ്ങിയ കാര്‍ മോഡലുകളാണ് ജീവനക്കാര്‍ക്ക് കമ്പനി സമ്മാനമായി നല്‍കുന്നത്. ഔഡിയാണ് സമ്മാനിച്ചവയില്‍ ഏറ്റവും വില കൂടിയ കാര്‍.

എന്നാല്‍ ഈ കാറുകളുടെ മോഡല്‍, വേരിയന്റ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. കാണാച്ചരടുകള്‍ ഒന്നുമില്ലെന്നും കാറുകള്‍ ജീവനക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനാല്‍ അവര്‍ക്ക് യാതൊരു ചെലവുമില്ലെന്നുമാണ് കമ്പനി പറയുന്നത്. കാറുകളും ഓഹരികളും സമ്മാനിക്കുന്ന ഈ സ്ഥാപനത്തില്‍ ജോലി ലഭിക്കാനായിരിക്കും പല ടെക്കികളും ആഗ്രഹിക്കുന്നുണ്ടാകുക. എന്നാല്‍ അതത്ര എളുപ്പമല്ല.
തന്റെ സ്ഥാപനം ഐഐടിയുകാരെയോ മുന്‍നിര എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ ബിരുദധാരികളുടെയോ പിന്നാലെ പോകാറില്ലെന്നും പകരം എളിമയുള്ള പശ്ചാത്തലത്തില്‍ നിന്നും അധികം അറിയപ്പെടാത്ത കോളേജുകളില്‍ നിന്നുമുള്ളവരെയാണ് ജോലിക്കെടുക്കുന്നതെന്നുമാണ് ഉടമ പറയുന്നത്. കമ്പനിയുടെ റിക്രൂട്ട്മെന്റ് പ്രക്രിയ വളരെ കര്‍ശനമാണ്. 10,000-ത്തിലധികം വിദ്യാര്‍ത്ഥികളില്‍ നിന്ന് 50 പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. ഐഡിയാസ്2ഐടി എന്ന കമ്പനിയുടെ ഈ പ്രവര്‍ത്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








