വാഹനം ഇനി ധൈര്യത്തില്‍ 'കടംകൊടുക്കാം'; നിര്‍ണായക ഉത്തരവുമായി പൊലീസ്
ഇന്നത്തെ കാലത്ത് കാര്‍ വാങ്ങുന്നത് എളുപ്പമാണെന്നാണ് പലരും കരുതുന്നത്. ശരിയാണ് ഇന്ന് കാര്‍ വാങ്ങാന്‍ പല ധനകാര്യ സ്ഥാപനങ്ങളും വായ്പ അനുവദിക്കുന്നുണ്ട്. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് കാര്‍ എന്നത് ഒരു സ്വപ്‌നമായി അവശേഷിക്കും. സ്വന്തമായി കാര്‍ ഇല്ലെങ്കിലും വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍ വണ്ടി സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കടം വാങ്ങാറാണ് പതിവ്.
എന്നാല്‍ വാഹന ഉടമകള്‍ ഈ സാഹചര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധിയുണ്ട്. കാരണം ഒരു സുഹൃത്തോ വേണ്ടപ്പെട്ടവരോ വാഹനം ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ മനസ്സ് വരില്ല. വണ്ടി കൊടുത്താല്‍ അതി്‌ന് വല്ല തട്ടുംമുട്ടും വരുമോ അതോ വല്ല ട്രാഫിക് നിയമലംഘനങ്ങളും നടത്തിയാല്‍ അതിന്റെ ഫൈനും നമ്മള്‍ ഒടുക്കേണ്ടി വരുമോ എന്ന ചിന്തയെല്ലാം അലട്ടും. ഈ കാരണങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് വാഹനം വിട്ടുകൊടുക്കാന്‍ മടിയുള്ളവര്‍ ഉണ്ട്.

ബൈക്കോ കാറോ കടംവാങ്ങി പോകുന്ന ചിലര്‍ സിഗ്‌നല്‍ തെറ്റിക്കുക, ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും ഇടാതെ വാഹനം ഓടിക്കുക, ബൈക്ക് ആണെങ്കില്‍ 3 പേരെ വെച്ച് ഓടിക്കുക എന്ന് തുടങ്ങി നിയമലംഘനങ്ങള്‍ നടത്തുന്നു. വണ്ടി സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയാല്‍ സ്വന്തം വാഹനത്തിനേക്കാള്‍ കരുതലില്‍ കൊണ്ടു നടക്കുന്ന ചിലരുണ്ട്. അവരെ കുറിച്ചല്ല ഈ പറഞ്ഞത്.
എന്നാല്‍ വാഹനം വാങ്ങി കൊണ്ടുപോയ സുഹൃത്തുക്കള്‍ വല്ല നിയമലംഘനവും നടത്തിയാല്‍ ചലാന്‍ വാഹന ഉടമയുടെ പേരിലാണ് വരുന്നത്. എന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുകയാണ്. സുഹൃത്തുക്കളുടെ വണ്ടി കടംവാങ്ങി പോയി നിയമലംഘനം നടത്തുന്നവര്‍ തന്നെ ഇനി പിഴയടക്കേണ്ടി വരും. ഇത്തരത്തിലുള്ള അവസ്ഥയില്‍ നിന്ന് വാഹന ഉടമകളെ രക്ഷിക്കാന്‍ ചെന്നൈ ട്രാഫിക് പൊലീസാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വാഹന ഉടമയില്‍ നിന്നല്ല മറിച്ച് നിയമലംഘകനില്‍ നിന്ന് പിഴ ഈടാക്കാനാണ് പോകുന്നത്. അതായത് സുഹൃത്തുക്കളോ ബന്ധുക്കളോ ചെയ്ത തെറ്റുകള്‍ക്ക് ഇനി വാഹന ഉടമ പിഴ അടക്കേണ്ടി വരില്ല. ഗതാഗത നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഭൂരിഭാഗം ആളുകളും സ്വന്തം വാഹനം ഓടിക്കുമ്പോള്‍ എല്ലാ നിയമങ്ങളും പാലിച്ച് പെറ്റിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പലരും വാഹനം കടം വാങ്ങുമ്പോള്‍ ഈ ഒരു സമീപനം സ്വീകരിക്കുന്നില്ല. എങ്ങാനും ചലാന്‍ വന്നാല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലെന്റെ രാമനാരായണ എന്ന മട്ടില്‍ കൈയ്യൊഴിയുകയും ചെയ്യും. ഇന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ട്രാഫിക് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ വിവിധ പ്രധാന പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ അത്യാധുനിക ക്യാമറകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ഫീച്ചറുണ്ട്.

നിയമലംഘനം ശ്രദ്ധയില്‍പെട്ടാലും വാഹനമുടമയുടെ പേരിലേക്കാണ് ചലാന്‍ വരുന്നത്. അതിനാല്‍ തന്നെ പലപ്പോഴും വാഹനമുടമകളായിരിക്കില്ല ആ തെറ്റുകള്‍ ചെയ്തിരിക്കുന്നത്. ഫോട്ടോ അടക്കമുള്ള തെളിവുകള്‍ സഹിതമാണ് ഈ ചലാന്‍ വരിക. ഇത്തരത്തില്‍ വരുന്ന ചലാന്‍ ഓണ്‍ലൈനായി അടക്കാം. ഒരുപക്ഷേ നിങ്ങള്‍ നിയമ ലംഘനം നടത്തിയിട്ടില്ലെങ്കിലാണ് ചെന്നൈ പൊലീസിന്റെ പുതിയ പരിഷ്‌കാരം ഗുണം ചെയ്യുക.
വാഹനം വാങ്ങിയവരോ അല്ലെങ്കില്‍ മോഷ്ടിച്ചവരോ കുറ്റം ചെയ്തുവെന്ന കാര്യം നിങ്ങള്‍ക്ക് തെളിയിക്കാനായാല്‍ പിഴ അടക്കാതെ രക്ഷപ്പെടാം. എന്നാല്‍ കുറ്റം ചെയ്തിരിക്കുന്നത് വാഹനമുടമയായ താനല്ല മറ്റൊരാളാണെന്ന് തെളിയിക്കണമെന്ന് മാത്രം. ഇതിനായി 1989ലെ സ്റ്റേറ്റ് ഹോം മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ നിയമത്തിന്റെ സഹായത്തോടെ ചെയ്യാത്ത തെറ്റിന് പിഴ അടക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം.
നിങ്ങള്‍ നല്‍കുന്ന വിവരം സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ അവര്‍ നല്‍കിയ ചലാന്‍ റദ്ദാക്കുകയും യഥാര്‍ത്ഥ നിയമലംഘകന് പിഴ വിധിക്കുകയും ചെയ്യും. ട്രാഫിക് നിയമലംഘനങ്ങള്‍ മൂലം രാജ്യത്ത് ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം പലമടങ്ങ് വര്‍ധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്. അയല്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന നിയമം കേരളത്തിലെ വാഹന ഉടമകള്‍ക്കും ഉപകാരപ്രദമായിരിക്കും.
സ്വന്തം വാഹനമല്ലെന്ന് കരുതി അന്യന്റെ വാഹനങ്ങളില്‍ നിയമലംഘനം നടത്തുന്നവരുണ്ട്. അവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. റെന്റല്‍ കാര്‍ സര്‍വീസുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. കാര്‍ വാടകക്കെടുത്ത് നിയമലംഘനം നടത്തിയാല്‍ കമ്പനിയുടെ പേരിലായിരിക്കും ഇതിന്റെ ചലാന്‍ വരുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ വാഹനം വാടകക്ക് കൊടുക്കുന്ന കമ്പനികള്‍ക്ക് തെറ്റ് ചെയ്ത ഉപഭോക്താവിനെ കൊണ്ട് തന്നെ പിഴ അടപ്പിക്കാം. ഇത് ഭാവിയില്‍ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








