റോഡില്‍ 'കാലനെ' അകറ്റി നിര്‍ത്തിയ 6 ദിനങ്ങള്‍! പൊലീസും ജനങ്ങളും സഹകരിച്ചാല്‍ പലതും നേടാം
ശാസ്ത്രവും മനുഷ്യനും ഇത്ര കണ്ട് പുരോഗമിച്ചിട്ടും ഓരോ മിനിറ്റിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരത്തുകളില്‍ ജീവന്‍ പൊലിയുന്നത് അത്യന്തം സങ്കടകരമാണ്. അധികാരികള്‍ റോഡ് സുരക്ഷക്കായി നിരവധി നിയമങ്ങള്‍ കൊണ്ടു വരാറുണ്ടെങ്കിലും അത് കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാറില്ല. സുരക്ഷിതമായ റോഡുകള്‍ സൃഷ്ടിക്കുന്നതിന് വളയം പിടിക്കുന്നവര്‍ക്ക് മാത്രമല്ല ഓരോ പൗരന്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. അധികാരികളോട് ജനങ്ങള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചാല്‍ റോഡ് സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അത് തെളിയിക്കുന്ന ഒരു സംഭവം നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഗ്രേറ്റര്‍ ചെന്നൈ പൊലീസ് തിങ്കളാഴ്ച (2024 ഓഗസ്റ്റ് 26) 'സീറോ ആക്സിഡന്റ് ഡേ' ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസം തുടക്കത്തില്‍ 20 ദിവസം നിണ്ട് നില്‍ക്കുന്ന ഒരു ക്യാമ്പയിനിന് ഗ്രേറ്റര്‍ ചെന്നൈ പൊലീസ് തുടക്കം കുറിച്ചു. ഓഗസ്റ്റ് 26-ന് റോഡപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ട്രാഫിക് പോലീസ് 20 ദിവസത്തെ മെഗാ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഓഗസ്റ്റ് ആറിന് ആരംഭിച്ചത്.

'സീറോ ആക്സിഡന്റ് ഡേ ക്യാമ്പയിന്‍' ആരംഭിച്ച് ഒരു ആഴ്ച കൊണ്ട് തന്നെ അപകട മരണങ്ങളില്ലാത്ത ഒരു ദിവസം രേഖപ്പെടുത്താന്‍ സാധിച്ചു.ഇപ്പോള്‍ ചെന്നൈ നഗരത്തില്‍ മാരകമായ അപകടങ്ങളൊന്നുമില്ലാതെ ആറ് ദിവസങ്ങള്‍ കടന്ന് പോയതായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. 2024 ഓഗസ്റ്റില്‍ നഗരത്തില്‍ ഗുരുതരമായ പരിക്കുകളുള്ള 56 അപകടങ്ങള്‍ രേഖപ്പെടുത്തി. 2023 ഓഗസ്റ്റ് മാസം 146 മാരക അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി തട്ടിച്ച് നോക്കുമ്പോള്‍ നിരക്ക് 61.6% കുറവാണ്.
ക്യാമ്പയിനിന്റെ ഫലമായി ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ നന്നായി പാലിക്കുന്നതിനാല്‍ അപകടങ്ങളില്‍ ഗുരുതരമായ പരിക്ക് പറ്റുന്നത് കുറഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊരു നല്ല മാറ്റമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാരകവും ഗുരുതരവുമായ പരിക്കുകളുള്ള അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ ഈ ക്യാമ്പയിന്‍ കാരണമായി. ഈ മാസം ആദ്യം മുതല്‍ ഇന്നുവരെ മൊത്തം 28 റോഡപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ ഇത് 41 ആയിരുന്നു.

ക്യാമ്പയിനിന്റെ ഭാഗമായി മരണനിരക്ക് ഒഴിവാക്കിയ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (MTC) ഡ്രൈവര്‍മാര്‍ക്ക് പാരിതോഷികം നല്‍കുകയും ക്യാബ് ഡ്രൈവര്‍മാര്‍, ഡെലിവറി ഏജന്റുമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. സിനിമ താരങ്ങളെയും ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളുമടക്കമുള്ള സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങള്‍ വഴി ട്രാഫിക് പൊലീസ് വിപുലമായ പ്രചാരണം നടത്തിയിരുന്നു.
സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി ട്രാഫിക് ബോധവല്‍ക്കണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനൊപ്പം ട്രാഫിക് പൊലീസ് നെറ്റിസണ്‍സിനായി ഇന്‍സ്റ്റാഗ്രാം റീല്‍സ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതും ക്യാമ്പയിന്‍ വിജയമാകാന്‍ കാരണമായി. മൂന്ന് ലക്ഷം രൂപയായിരുന്നു സമ്മാനം. സുരക്ഷിതമായ ചെന്നൈയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ തയാറാക്കി അയക്കാനായിരുന്നു നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ടത്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെന്നൈ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുകയും വേണമായിരുന്നു. സീറോ ആക്സിഡന്റ് ഡേയുമായി (ZAD) ബന്ധപ്പെട്ട ഏത് വിഷയത്തിലും 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള റീല്‍ സൃഷ്ടിക്കാന്‍ അവസരമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ആര്‍ സുധാകര്‍ വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഓഗസ്റ്റില്‍ മാരകവും ഗുരുതരമായ പരിക്കുകളുള്ളതുമായ അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. ഒന്നിലധികം പങ്കാളികളെ ഉള്‍പ്പെടുത്തുകയും സമൂഹത്തെ പരമാവധി സ്വാധീനിക്കാനായി വിവിധ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും ചെയ്ത നീക്കവും ഫലവത്തായി. ട്രാഫിക് പൊലീസിന്റെ ശ്രമങ്ങള്‍ അപകട നിരക്ക് കുറയ്ക്കുക മാത്രമല്ല, റോഡ് സുരക്ഷാ സംരംഭങ്ങളില്‍ കൂടുതല്‍ സാമൂഹിക പങ്കാളിത്തം വളര്‍ത്തുകയും ചെയ്തു.
ഈ പോസിറ്റീവ് ട്രെന്‍ഡുകള്‍ നിലനിര്‍ത്താനും ചെന്നൈയിലുടനീളം റോഡ് സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കണം. ഇതിനായി തുടക്കത്തില്‍ സൂചിപ്പിച്ച പോലെ അധികാരികളും പൊതുജനങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തി നിലനിര്‍ത്തണം. ഇതേ രീതിയിലാണെങ്കില്‍ കേരളത്തിലെ വലിയ നഗരങ്ങളിലും ഇതുപോലുള്ള ക്യാമ്പയിനുകള്‍ വിജയകരമായി നടപ്പാക്കാന്‍ പറ്റും.


Click it and Unblock the Notifications








