ചൈൽഡ് സീറ്റുകളും ബേബി ഓൺ ബോഡ് സ്റ്റിക്കറുകളും മസ്റ്റ് - കുട്ടികളുടെ സുരക്ഷയ്ക്കായി കച്ചകെട്ടി ബാലാവകാശ കമ്മീഷൻ
കാറുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിറക്കി. ഫോർ വീലറുകളിൽ യാത്ര ചെയ്യുന്ന എല്ലാ കുട്ടികളെയും സുരക്ഷിതമായി ബേബി സീറ്റിൽ ഇരുത്തി സീറ്റ് ബെൽറ്റ് ധരിപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി ഈ നിയമം ഉടനടി നടപ്പാക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, കുട്ടികളുമായി യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഏതൊരു ഫോർ വീലറും വിൻഡ്ഷീൽഡിൽ 'ചൈൽഡ് ഓൺ ബോർഡ്' അല്ലെങ്കിൽ 'ബേബി ഓൺ ബോർഡ്' എന്ന അടയാളം കർശനമായും പ്രദർശിപ്പിക്കണം. 13 വയസ്സിന് താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ ഇരുത്തണം, അതോടൊപ്പം രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഉപയോഗിക്കണം.

ഈ സുരക്ഷാ നടപടികൾ ജനങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ, മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ ഉടൻ ഉൾപ്പെടുത്തും. എല്ലാ ഡ്രൈവർമാരും തങ്ങളുടെ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകാതിരിക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബാലാവകാശ കമ്മീഷൻ അഭ്യർത്ഥിക്കുന്നു.
ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുമ്പ് വയലിനിസ്റ്റ് ബാലഭാസ്‌കറും മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചതിനെ തുടർന്നുണ്ടായ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ആദ്യമായി ഈ നിർദേശം നൽകിയത്. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസുമെടുത്തിരുന്നു. ശിശുക്കളും പിഞ്ചുകുട്ടികളും പിൻസീറ്റിൽ ഇരിക്കണമെന്ന അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (AAP) ശിപാർശകൾ നടപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടുകയും മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്താൻ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകുകയും ചെയ്തിട്ടുള്ളതാണ്.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനങ്ങളിൽ ബേബി സീറ്റ് നിർബന്ധമാക്കണം, കൂടാതെ 13 വയസ്സിന് താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന മുതിർന്നവർക്ക് എയർബാഗുകൾ സുരക്ഷിതമാണ്, എന്നാൽ കുട്ടികൾക്ക് അവ സുരക്ഷിതമല്ല.
പ്രമുഖ വാഹന നിർമ്മാതാക്കൾ പോലും വാഹനത്തിൽ ബേബി സീറ്റുകൾ നിർദ്ദേശിക്കുന്നവയാണ്. വാഹനങ്ങളിൽ കുട്ടികൾക്ക് ഇത്തരം പ്രത്യേക സീറ്റുകൾ ഇല്ലാത്തത് അപകടത്തിൽ പെടുമ്പോൾ കുട്ടികൾക്ക് ഗുരുതരവും മാരകവുമായ പരിക്കുകൾ ഉണ്ടാക്കും എന്ന് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

1989 -ലെ സെൻട്രൽ മോട്ടോർ വാഹന ചട്ടം 125(1) A പ്രകാരം ഏഴ് സീറ്റിൽ കൂടാത്ത വാഹനത്തിൽ ഡ്രൈവർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടികൾക്കുള്ള സുരക്ഷിതമായ സീറ്റിംഗ് ക്രമീകരണം നിയമങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടില്ല. വാഹനങ്ങളിൽ ബേബി സീറ്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗതാഗത കമ്മീഷണറും വനിതാ ശിശു വികസന വകുപ്പും അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
അതോടൊപ്പം കുഞ്ഞുങ്ങൾക്കായി ഒരു കാർ സീറ്റ് വാങ്ങുമ്പോൾ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സുഖപ്രദമായ സിറ്റിംഗ് ഏരിയയുള്ള ഒരു സീറ്റ്, ബെൽറ്റ്, സപ്പോർട്ട് ഹാൻഡിൽ എന്നിവ പോലുള്ള സുരക്ഷാ ഘടകങ്ങളോടെ വരുന്ന ഒന്നാവണം അന്വേഷിക്കേണ്ടത്. ഈട് ഉറപ്പാക്കാൻ, ഭാരം താങ്ങാനുള്ള ശേഷിയും ബിൾഡ് ക്വാളിറ്റിയും പ്രത്യേകം പരിഗണിക്കണം. കൂടാതെ, ആവശ്യാനുസരണം പല ഉയോഗങ്ങൾക്കായി ഫ്ലെക്സിബിൾ ഡിസൈനുള്ള ഒരു സീറ്റാണ് നോക്കേണ്ടത്. ബജറ്റ്, യൂട്ടിലിറ്റി ചെലവുകൾ എന്നിവയും കണക്കിലെടുക്കേണ്ട ഒന്നാണ്.


Click it and Unblock the Notifications








