ഹൃദയാഘാതത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പറ്റുന്ന 'അത്ഭുത' ഇലക്ട്രിക് കാറുമായി ചൈനീസ് കമ്പനി
ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരം കടുക്കുന്നതോടെ തങ്ങളുടെ വാഹനങ്ങള്‍ എങ്ങിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കാം എന്നാണ് ഓരോ വാഹന നിര്‍മാതാവും ചിന്തിക്കുന്നത്. ഒരു ചൈനീസ് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ഇവിയില്‍ ഹൃദ്രോഗം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവന്നാണ് ശ്രദ്ധനേടുന്നത്.

ചൈനീസ് സ്റ്റാര്‍ട്ടപ്പിന്റെ കാര്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഡ്രൈവര്‍മാരുടെ ആരോഗ്യം നിരീക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ് അവകാശപ്പെടുന്നത്. റെനോ ചൈന തലവന്‍ സോഹ് വെയ്മിംഗ് നേതൃത്വം നല്‍കുന്ന ബിയോണ്‍ക അവരുടെ ആദ്യ പ്രൊഡക്ഷന്‍ കാര്‍ ജിടി ഓപസ് 1 അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2024 മുതലാകും ഡെലിവറി ആരംഭിക്കുക.

ഡ്രൈവറുടെ ആരോഗ്യനില സൂചിപ്പിക്കുന്ന ചലനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന സെന്‍സറുകളും ക്യാമറകളും കാറില്‍ ഘടിപ്പിക്കും. അസാധാരണമായ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് ഡ്രൈവറോട് സംസാരിക്കുന്നു. പ്രതികരണമില്ലെങ്കില്‍ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം വാഹനത്തെ സുരക്ഷിതമായി പരിപാലിക്കുന്നു. പിന്നാലെ സ്മാര്‍ട്ട് കോക്പിറ്റിലെ സ്‌ക്രീന്‍ വഴി വെര്‍ച്വല്‍ ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കാം.

തങ്ങള്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് മതിയെന്ന് ബ്ലൂംബെര്‍ഗ് ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ സോഹ് പറഞ്ഞു. തങ്ങള്‍ ആംബുലന്‍സ് നിര്‍മ്മിക്കുന്നില്ലെന്നും ജനങ്ങളെ സഹായിക്കാന്‍ നിര്‍മിത ബുദ്ധിയടങ്ങിയ ഒരു പ്രീമിയം കാര്‍ ആണ് നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയിലെ സൂപ്പര്‍-പ്രീമിയം സെഗ്മെന്റിനായി സ്പോര്‍ട്ടിയും സെക്സിയുമായ കാറുകള്‍ നിര്‍മ്മിക്കാനാണ് ബിയോണ്‍ക ആഗ്രഹിക്കുന്നതെന്ന് സോഹ് പറഞ്ഞു. പ്രതിവര്‍ഷം 100,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്ന് മുതല്‍ അഞ്ച് മോഡലുകളുടെ നിരയാണ് കമ്പനി ലക്ഷ്യമിടുന്നത്.

'ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം കാര്‍ വിപണിയാണ് ചൈന. ഞങ്ങള്‍ നൂറുകളെ കുറിച്ചല്ല ദശലക്ഷങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. സൂപ്പര്‍ പ്രീമിയം ഇലക്ട്രിക് വാഹന രംഗം വളരുകയാണ്. 2025 ഓടെ അത് ഉന്നതിയിലെത്തും' സോഹ് പറഞ്ഞു.

ബിഎംഡബ്ല്യു 7 സീരീസ്, പോര്‍ഷെ ടെയ്കാന്‍ സീരീസ് എന്നിവയുമായിട്ടായിരിക്കും ജിടി ഓപസ് 1 മോഡല്‍ മത്സരിക്കുക. ചൈനയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സൂപ്പര്‍ പ്രീമിയം ഇവി ആയ ടെയ്കാന്‍ സീരീസിന്റെ വില 898,000 യുവാനില്‍ നിന്ന് തുടങ്ങി (123,000 ഡോളര്‍) 1.8 ദശലക്ഷം യുവാന്‍ വരെ ഉയരുന്നു. വാഹനത്തിന്റെ ഉയര്‍ന്ന വില വില്‍പ്പനയെ ബാധിക്കുമോ എന്ന് സംശയമുണ്ട്. ബിവൈഡി പോലുള്ള മുന്‍നിര കമ്പനികള്‍ ബജറ്റ് വിലയില്‍ കാറുകള്‍ വിപണിയിലെത്തിക്കുന്നതിനാല്‍ ചെറുപ്പക്കാര്‍ ആകര്‍ഷിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇതൊരു നല്ല ആശയമാണ്. എന്നാല്‍ ഇത് കാറിന്റെ ഒരു പ്രധാന സെല്ലിംഗ് പോയിന്റ് ആയി മാറുമോ എന്നാണ് ഷാങ്ഹായ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി ഓട്ടോമോട്ടീവ് ഫോര്‍സൈറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ യേല്‍ ഷാങ് ചോദിക്കുന്നത്. ചൈനയിലെ ഇവി ഉടമകളില്‍ കൂടുതലും 35 വയസ്സിന് താഴെയുള്ളവരാണെന്നും അതില്‍ മിക്കവരും തങ്ങളുടെ ശരീരം മഹത്തരമാണെന്നും ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണമെന്നില്ലെന്നും കരുതുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഫോക്‌സ്‌വാഗണ്‍ ചൈനയുടെ കൂടെ 15 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് സോഹ് കഴിഞ്ഞ വര്‍ഷം റെനോക്കൊപ്പം ചേര്‍ന്നത്. യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്റെ പുതിയ സംരംഭത്തിന്റെ വികാസത്തിനായും അദ്ദേഹം സമയം കണ്ടെത്തുന്നു. ഡോണ്‍ഫെംഗ് മോട്ടോര്‍ കമ്പനിക്കൊപ്പം റെനോയും സ്റ്റാര്‍ട്ടപ്പിലെ ഒരു സുപ്രധാന നിക്ഷേപകരാണ്.

ചാങ്ജിയാങ് ക്യാപിറ്റലിന് സ്റ്റാര്‍ട്ടപ്പില്‍ 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്റ്റാര്‍ട്ടപ്പ് ശേഖരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ഈ വര്‍ഷത്തെ രാജ്യത്തെ ഏറ്റവും വലിയ വെഞ്ച്വര്‍-ക്യാപിറ്റല്‍ ഡീലുകളില്‍ ഒന്നായി മാറും. ഇടപാടിന്റെ വിശദാംശങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സോഹ് പറഞ്ഞു.


Click it and Unblock the Notifications








