ക്യാമറാമാന്‍മാര്‍ക്കിടയിലെ 'സുന്ദരന്‍', അച്ഛനായതിന് പിന്നാലെ ലക്ഷങ്ങൾ പൊടിച്ച് വാങ്ങിയത് പുതിയ മിനി കൂപ്പര്‍ S
ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച ടെക്‌നീഷ്യന്‍മാരെ സംഭാവന ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരുടെ പട്ടികയെടുത്താല്‍ അതില്‍ നിരവധി മലയാളികളെ കാണാം. സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുതിയ സൗന്ദര്യം നല്‍കിയ ഛായാഗ്രാഹകനാണ് ജോമോന്‍ ടി. ജോണ്‍ (Jomon T. John). പ്രകൃതിദൃശ്യങ്ങളെയും മനുഷ്യഭാവങ്ങളെയും ഒരുപോലെ മനോഹരമായി ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവാണ് ജോമോന്‍ ടി. ജോണിനെ വേറിട്ടുനിര്‍ത്തുന്നത്. കൃത്രിമ വെളിച്ചത്തേക്കാള്‍ പ്രകൃതിദത്തമായ ലൈറ്റിംഗിനെ ഇഷ്ടപ്പെടുന്ന ഛായാഗ്രാഹകനായതിനാല്‍ തന്നെ ജോമോന്‍ ടി. ജോണിന്റെ സിനിമകളില്‍ ജീവന്‍ തുളുമ്പുന്ന ഫ്രെയിമുകള്‍ കാണാം.
ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ടേക്ക്ഓഫ്, ഉയരെ, എആര്‍എം എന്നിവയടക്കം നിരവധി ഹിറ്റ് സിനിമകളിലൂടെ മോളിവുഡില്‍ സ്ഥാനമുറപ്പിച്ച ജോമോന്‍ പിന്നീട് ഇതര ഭാഷകളിലും കഴിവുതെളിയിച്ചു. സാങ്കേതിക മികവിനൊപ്പം കലാപരമായ സൗന്ദര്യവും ഒരുമിച്ച് ചേര്‍ക്കുന്ന ജോമോന്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഡിഒപിമാരില്‍ (ഡയരക്ടര്‍ ഓഫ് ഫോട്ടോഗ്രഫി) ഒരാളാണ്.

ഗോല്‍മാല്‍ എഗെയ്ന്‍, സിമ്പ, സൂര്യവന്‍ശി അടക്കമുള്ള ബോളിവുഡ് പടങ്ങള്‍ക്കും നിരവധി പരസ്യചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ച് 'പാന്‍ ഇന്ത്യന്‍' ഛായാഗ്രാഹകനായി മാറിയ ജോമോന്‍ അടുത്തിടെയാണ് അച്ഛനായി മാറിയത്. 2025 ഡിസംബര്‍ 12-നാണ് ജോമോന്റെ പ്രിയതമ അന്‍സു എല്‍സ വര്‍ഗീസ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞു മാലാഖ വന്നതിന് പിന്നാലെ ഇപ്പോള്‍ വീട്ടിലേക്ക് പുതിയ ഒരു അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ് സ്റ്റാര്‍ ക്യാമറമാന്‍.
ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനിയുടെ ഐക്കണിക് മോഡലായ മിനി കൂപ്പര്‍ S JCW പായ്ക്കാണ് ജോണ്‍ ഗരാജില്‍ ചേര്‍ത്തിരിക്കുന്നത്. കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം ഈ സ്‌പോര്‍ട്ടി വാഹനം ഏറ്റുവാങ്ങിയത്. ഇതിന്റെ വീഡിയോ മിനി ഡീലര്‍ഷിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് സ്‌റ്റൈലിംഗും മോഡേണ്‍ പെര്‍ഫോമന്‍സും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന മിനിയുടെ ഏറ്റവും പുതിയ സ്പോര്‍ട്ടി ഹാച്ച്ബാക്കാണ് മിനി കൂപ്പര്‍ S JCW പായ്ക്ക്.

ക്ലാസിക് കൂപ്പര്‍ S-ന് കൂടുതല്‍ സ്‌പോര്‍ട്ടിയും അഗ്രസീവുമായ ലുക്ക് നല്‍കുന്നതിനാവശ്യമായ ഡിസൈന്‍ ഘടകങ്ങള്‍ JCW പായ്ക്ക് നല്‍കുന്നു :റേസിംഗ് പാരമ്പര്യമുള്ള ഈ മിനി പതിപ്പിന് വണ്ടിപ്രാന്തന്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ സ്‌പോര്‍ട്‌സ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്.
പരമാവധി 204 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡുകള്‍ കൊണ്ട് 100kmph വേഗത കൈവരിക്കാന്‍ മിനി മോഡലിന് സാധിക്കും. മണിക്കൂറില്‍ 242 കിലോമീറ്ററാണ് പരമാവധി വേഗത. ഗോ-കാര്‍ട്ട് ഫീല്‍ നല്‍കുന്ന ഡ്രൈവിംഗ് എക്‌സ്പീരിയന്‍സാണ് മിനി കൂപ്പറിനെ മറ്റ് ആഡംബര കാറുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

മിനി കൂപ്പര്‍ S-ന്റെ ഉള്‍വശം അത്യാധുനികമായ സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള വ്യത്യസ്ത ട്രിമ്മുകളുള്ള സിഗ്‌നേച്ചര്‍ JCW സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇതിന് ലഭിക്കുന്നത്. സര്‍ക്കുലര്‍ ഡിസൈനിലുള്ള ഒഎല്‍ഇഡി (OLED) ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വോയ്സ് അസിസ്റ്റന്റ്, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ഹര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളും ഈ മോഡലില്‍ ലഭ്യമാണ്.
സേഫ്റ്റിയുടെ കാര്യത്തിലും മിനി കൂപ്പര്‍ S മികച്ച നിലവാരം പുലര്‍ത്തുന്നു. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുണ്ട്. സിറ്റി ഡ്രൈവിംഗിനും ഹൈവേ യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റ നിര്‍മ്മാണം. മികച്ച ഹാന്‍ഡ്‌ലിംഗാണ് ഈ മോഡലിന്റെ മറ്റൊരു ഗുണം.
സിനിമ മേഖലയിലെ പല പ്രമുഖരും മിനി കൂപ്പറിന്റെ ആരാധകരാണ്. ലളിതമായ ഡിസൈനും പ്രീമിയം പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് മിനി കൂപ്പര്‍ S എന്നും ഒരു മികച്ച ചോയ്‌സാണ്. ഇന്ത്യയില്‍ മിനി കൂപ്പര്‍ S JCW പായ്ക്കിന് ഏകദേശം 54.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ഏകദേശം 62.77 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ ഓണ്‍റോഡ് വില.


Click it and Unblock the Notifications








