പിഷുവിന് ധര്‍മജന്‍ പോലെ കപിലിന്റെ സ്വന്തം കിക്കു! 1.06 കോടി പൊടിച്ച് പുതിയ ഔഡി വാങ്ങി കൊമേഡിയന്‍
മലയാളത്തില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച നിരവധി ഹാസ്യസാമ്രാട്ടുകള്‍ ഉണ്ട്. അവര്‍ വെറും കൊമേഡിയന്‍മാര്‍ മാത്രമല്ല അസാധ്യ നടന്‍മാര്‍ കൂടിയാണെന്ന് തെളിയിച്ചവരാണ്. എന്നാല്‍ ഹിന്ദിയിലും മറ്റും ഇപ്പോള്‍ കെമേഡിയന്‍മാര്‍ എന്നാല്‍ സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നവര്‍ മാത്രമല്ല സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിക്കുന്നവര്‍ കോമഡി ഷോകള്‍ ചെയ്യുവരുമെല്ലാമാല്ലാം ഈ ടൈറ്റിലിന് അര്‍ഹരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരും കാഴ്ചക്കാരുമുള്ള കോമഡി ഷോ ആണ് 'കപില്‍ ശര്‍മ ഷോ'. തുടക്കത്തില്‍ സോണിയില്‍ സംപ്രേഷണം ചെയ്തിരുന്ന പരിപാടി പിന്നീട് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു. കോടികളാണ് കപില്‍ ശര്‍മ പരിപാടിയുടെ ഒരു എപ്പിസോഡിനായി വാങ്ങുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് കപില്‍ ശര്‍മ ഒരു പുത്തന്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വാങ്ങിയത്. കപിലിന്റെ ഈ വളര്‍ച്ച സഹപ്രവര്‍ത്തകര്‍ക്കും വലിയ കരുത്തായിട്ടുണ്ട്. കപിലുമായി ഒരു പതിറ്റണ്ട് കാലം പ്രവര്‍ത്തിച്ച് ജനപ്രിയനായി മാറിയ മറ്റൊരു കെമേഡിയനാണ് കിക്കു ശാരദ. രാഗവേന്ദ്ര അമര്‍നാഥ് ശാരദ എന്നാണ് കിക്കുവിന്റെ യഥാര്‍ത്ഥ നാമം. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ഈ മേഖലയില്‍ ശക്തമായ സന്നിധ്യമായി മാറിയിട്ടുണ്ട്.

മലയാളത്തില്‍ രമേഷ് പിഷാരടി അവതരിപ്പിച്ച ബഡായി ബംഗ്ലാവില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ റോള്‍ എന്തായിരുന്നോ അതിന് സമാനമായ രീതിയിലാണ് കിക്കുവിന്റെ റോള്‍. സ്ത്രീ വേഷം കെട്ടി കാഴ്ചക്കാരെ കുടുകുടെ ചിരിപ്പിക്കാന്‍ കിക്കുവിന് പ്രത്യേക വൈദഗ്ധ്യം ഉണ്ട്. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലടക്കം കിക്കു സ്വന്തമായി ഷോ ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കെമേഡിയന്‍മാരില്‍ ഒരാളാണ് കിക്കു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കിക്കു ശാരദയുടെ ആസ്തി ഏകദേശം 33-40 കോടി രൂപയാണ്. കിക്കു ശാരദയ്ക്ക് ഒരു ബിഎംഡബ്ല്യുവും ഔഡി A8 ലക്ഷ്വറി കാറുകള്‍ സ്വന്തമായി ഉണ്ടെന്നാണ് വിവരം. ഇപ്പോള്‍ താരം ഒരു ഔഡി Q7 വാങ്ങി തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ലൈഫ്‌സ്‌റ്റൈലും വാഹനങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന കാര്‍സ് ഫോര്‍ യു എന്ന യൂട്യൂബ് ചാനലിലാണ് കിക്കു പുതിയ കാര്‍ വാങ്ങിയതായി പറയുന്നത്.

കിക്കു തന്റെ സുഹൃത്ത് രാജീവ് ഠാക്കൂറിനൊപ്പം ഒരു വേദിയിലേക്ക് എത്തുന്നതാണ് യൂട്യൂബ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അവര്‍ കിക്കുവിന്റെ പുതിയ ഔഡി Q7 കാറില്‍ നിന്ന് പുറത്തിറങ്ങി പാപ്പരാസികളുമായി സംവദിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും കുറച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷം തൊട്ടടുത്ത ബില്‍ഡിംഗിലേക്ക് കയറിപ്പോയി. പശ്ചാത്തലത്തില്‍ കറുത്ത നിറത്തിലുള്ള ആഡംബര എസ്‌യുവി കാണാം.
ജര്‍മന്‍ കാര്‍ ബ്രാന്‍ഡായ ഔഡി ഇന്ത്യില്‍ എത്തിക്കുന്ന ഒരു മുന്‍നിര പ്രീമിയം എസ്‌യുവിയാണ് Q7. വമ്പന്‍ എസ്‌യുവിയുടെ ഹുഡിനടിയില്‍ 340 PS പവറും 500 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന ശക്തമായ 3.0 ലിറ്റര്‍ V6 ടര്‍ബോ പെട്രോള്‍ എഞ്ചിനാണുള്ളത്. 8-സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇത് ഔഡിയുടെ ട്രേഡ്മാര്‍ക്ക് ക്വാട്രോ ഓള്‍-വീല്‍-ഡ്രൈവ് സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.

ഭീമാകാരമായ എസ്‌യുവിയാണെങ്കിലും ഇത് വെറും 5.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നു. അഞ്ച് മീറ്റര്‍ നീളമുള്ള എസ്‌യുവിയുടെ വീല്‍ബേസ് മൂന്ന് മീറ്റര്‍ ആയതിനാല്‍ തന്നെ അകത്തളം അതിവിശാലമാണ്. 3-വരി സീറ്റിംഗ് ലേഔട്ട് ഇതിന് ലഭിക്കുന്നു. ഇതില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ധാരാളം മോഡേണ്‍ ടെക് ഫീച്ചറുകളും ആഡംബര സുഖ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
12.3 ഇഞ്ച് ഫുള്‍ എച്ച്ഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, ഹാപ്റ്റിക് ഫീഡ്ബാക്കോടുകൂടിയ ഡ്യുവല്‍ 10.1 ഇഞ്ച് എംഎംഐ നാവിഗേഷന്‍ സ്‌ക്രീനുകള്‍, 19-സ്പീക്കര്‍ ബാങ് & ഒലുഫ്സെന്‍ പ്രീമിയം 3D സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, 4-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ അയോണൈസറും അരോമാറ്റൈസേഷനും, വയര്‍ലെസ് ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറയുള്ള പാര്‍ക്കിംഗ് അസിസ്റ്റ് പ്ലസ് തുടങ്ങി നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഉപഭോക്താക്കളുടെ പരമാവധി സുഖസൗകര്യങ്ങള്‍ക്കായി ടെക്‌നോളജിയും ഫീച്ചറുകളും ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കളും ഈ കാറില്‍ ഔഡി ഉപയോഗിച്ചിരിക്കുന്നു. ഔഡി Q7 എസ്‌യുവിയുടെ ഇന്ത്യയിലെ പ്രാരംഭ വില 88.70 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 97.85 ലക്ഷം രൂപ വരെ പോകുന്നു. ടോപ് സ്‌പെക് വേരിയന്റിന്റെ ഓണ്‍-റോഡ് വില 1.09 കോടി രൂപയോളം വരും. കിക്കു കാറിന്റെ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.


Click it and Unblock the Notifications








