പണമില്ലാത്തതിനാല്‍ ട്രോഫികള്‍ 400 രൂപക്ക് വില്‍ക്കേണ്ടി വന്ന കൊമേഡിയന്‍ മകന് സമ്മാനിച്ചത് ലക്ഷങ്ങളുടെ SUV
പ്രിയപ്പെട്ടവരുടെ പിറന്നാള്‍ അവര്‍ എന്നെന്നും ഓര്‍മിക്കുന്ന ഒന്നാക്കി മാറ്റാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ജന്മദിന സമ്മാനമായി ആദ്യം പരിഗണിക്കുന്നത് വാഹനങ്ങള്‍ ആയിരിക്കും. ഇപ്പോള്‍ മകനോട് ഏറെ കരുതലുള്ള ഒരു പിതാവ് മകന്റെ ജന്മദിനത്തിന് മുമ്പായി സര്‍പ്രൈസ് സമ്മാനം നല്‍കിയ സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. പ്രശസ്ത കോമഡി താരമായ സുധേഷ് ലേഹ്രിയാണ് തന്റെ മകന് പിറന്നാള്‍ സമ്മാനമായി പുത്തന്‍ മഹീന്ദ്ര ഥാര്‍ റോക്സ് സമ്മാനിച്ച് ആരാധകരെ അമ്പരപ്പിച്ചത്. താരവും കുടുംബവും പുത്തന്‍ കാറിന് മുന്നില്‍ ആഘോഷിക്കുന്ന നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സുധേഷ് ലേഹ്രി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം മകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ എത്തുന്നതും സ്റ്റാഫ് അവരെ സ്വീകരിക്കുന്നതും കാണാം. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുടുംബം കാര്‍ ഏറ്റുവാങ്ങാനായി ഡെലിവറി ബേയിലേക്കു നീങ്ങി. കാര്‍ ഡെലിവറി സ്‌പെഷ്യലാക്കി മാറ്റാനായി ഡീലര്‍ഷിപ്പ് കേക്കും അലങ്കാരങ്ങളും ഒരുക്കിയിരുന്നു. ശേഷം കവര്‍ നീക്കി കറുത്ത നിറത്തിലുള്ള പുത്തന്‍ എസ്‌യുവി കുടുംബം വരവേറ്റു.

കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം കാറിന്റെ താക്കോല്‍ താരം മകന് കൈമാറിയ താരം വാഹനവുമായി ഡീലര്‍ഷിപ്പില്‍ നിന്ന് മടങ്ങി. സുധേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ഥാര്‍ റോക്‌സ് മകനുള്ള തന്റെ ജന്മദിന സമ്മാനമാണെന്ന് പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍, മകന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അത് സ്ഥിരീകരിച്ചു. 'അഡ്വാന്‍സ് ബര്‍ത്ത്ഡേ ഗിഫ്റ്റിന് നന്ദി അച്ഛാ' എന്നായിരുന്നു മകന്‍ പിതാവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സുധേഷ് ലേഹ്രി ഹിന്ദി ടെലിവിഷനിലെ പ്രശസ്ത കോമഡി താരങ്ങളില്‍ ഒരാളാണ്. അദ്ദേഹം 'ദ കപില്‍ ശര്‍മ്മ ഷോ', 'കോമഡി സര്‍ക്കസ്' തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. അതുപോലെ തന്നെ, 'റെഡി', 'ടോട്ടല്‍ ധമാല്‍', 'ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി' തുടങ്ങിയ ബോളിവുഡ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സ്വാഭാവിക നര്‍മം കൊണ്ടും തന്റെ സൗമ്യമായ വ്യക്തിത്വം കൊണ്ടും അദ്ദേഹം ഏറെ ആരാധകരെ നേടിയിട്ടുണ്ട്.

കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കുമെങ്കിലും അത്ര സുഖകരമായിരുന്നില്ല സുദേശിന്റെ ജീവിത വഴികള്‍. ചായക്കടയിലും ഷൂ വില്‍ക്കുന്ന കടയിലും ജോലി ചെയ്ത അദ്ദേഹം പണം കണ്ടെത്തുന്നതിനായി തന്റെ ട്രോഫികള്‍ 300 മുതല്‍ 400 രൂപയ്ക്ക് വിറ്റ ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും വന്ന വഴി മറക്കാത്ത സുദേഷ് താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അറിയിക്കാതെയാണ് മക്കളെ വളര്‍ത്തുന്നത്. നല്ല ബാങ്ക് ബാലന്‍സും മുംബൈയില്‍ ആഡംബര വസതിയുമടക്കം സ്വന്തമാക്കിയെങ്കിലും എളിമ കൈവെടിയാതെയുള്ള പെരുമാറ്റമാണ് സുധേഷിനെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്നത്.
മഹീന്ദ്ര ഥാര്‍ റോക്‌സ് ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ കൂടുതല്‍ പ്രായോഗികമായ 5-ഡോര്‍ പതിപ്പാണ്. സാധാരണ 3-ഡോര്‍ ഥാറിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും ആഡംബര സവിശേഷതകളും ഇതിലുണ്ട്. ഫാമിലികള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ഥാര്‍ റോക്‌സ് തല്‍ക്ഷണം ഹിറ്റായി. സെലിബ്രിറ്റികള്‍ അടക്കം ഈ കാര്‍ മത്സിച്ച് വാങ്ങുന്നുണ്ട്.

പ്രീമിയം ലെതറേറ്റ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-സോണ്‍ ക്ലൈമേറ്റ് കണ്ട്രോള്‍, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) തുടങ്ങി നിരവധി ആധുനിക സവിശേഷതകള്‍ ഈ എസ്‌യുവിയില്‍ മഹീന്ദ്ര ഓഫര്‍ ചെയ്യുന്നു. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക് ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്.
മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ചില ഡീസല്‍ വേരിയന്റുകളില്‍ 4x4 ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്. സുധേഷ് ലേഹ്രി മകന് ഥാര്‍ റോക്‌സിന്റെ ടോപ്പ്-എന്‍ഡ് വേരിയന്റാണ് സമ്മാനിച്ചതെന്നതാണ് തോന്നുന്നത്. എന്നാല്‍ അത് 4x4 ആണോ 2WD ആണോ വ്യക്തമല്ല. നിലവില്‍ 12.25 ലക്ഷം മുതല്‍ 22.06 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications








