സുന്ദര്‍ പിച്ചൈ പ്ലീസ് നോട്ട്... ഗൂഗിള്‍ മാപ്പിനെ കൊണ്ട് 'പൊറുതിമുട്ടിയ' നാട്ടുകാര്‍ ചെയ്തത് കണ്ടോ!
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ യാത്ര പോകുമ്പോള്‍ വഴി അറിയില്ലെങ്കില്‍ 'അയാള്‍ കഥയഴുതുകയാണ്' സിനിമയിലെ ഡയലോഗ് പോലെ 'ചോദിച്ച് ചോദിച്ച്' പോകാറായിരുന്നു പതിവ്. വഴിനീളെ അടയാളത്തിനായി സൈന്‍ ബോര്‍ഡുകളും ധാരാളമുണ്ടായിരുന്നു. എന്നാല്‍ ടെക്‌നോളജി വികാസം പ്രാപിച്ചതോടെ ഗൂഗിള്‍ മാപസ്, ആപ്പിള്‍ മാപസ് എന്നിവ യാത്രികരുടെ സഹായത്തിനെത്തി.
ഇന്ന് ഓള്‍ ഇന്ത്യ, വേള്‍ഡ് ട്രിപ്പടിക്കുന്നവര്‍ വരെ മാപ്പുകളെയാണ് ആശ്രയിക്കുന്നത്.
യാത്രയുടെ ദൂരം അറിയാനും എവിടെയെല്ലാം ബ്ലോക്ക് ഉണ്ടെന്നറിയാനും ബദല്‍ റൂട്ടുകളുമെല്ലാം മാപ്പ് നമുക്ക് കാണിച്ച് തരുന്നു. എന്നാല്‍ ഈ മാപ്പുകള്‍ 'വഴിതെറ്റിച്ച' നിരവധി സംഭവങ്ങളും നാം സമീപകാലത്ത് കണ്ടു. ഇതിനിടെ 'ഗൂഗിള്‍ മാപ്‌സ് തെറ്റാണെന്ന്' പറഞ്ഞുകൊണ്ട് ഒരു സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ചില കൂര്‍ഗ് നിവാസികള്‍.

നമുക്കറിയാം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ഒരു ജില്ലയാണ് കൂര്‍ഗ്. കേരളത്തില്‍ നിന്ന് ഒത്തിരി പേര്‍ അവിടേക്ക് കുടിയേറിയിട്ടുണ്ട്. മാത്രമല്ല ധാരാളം ആളുകള്‍ അവിടുത്തെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതും നമുക്കറിയാം. ഇപ്പോള്‍ കൂര്‍ഗില്‍ നിന്നുള്ള ഏതോ വിരുതന്‍മാരാണ് ഗൂഗിള്‍ മാപ്‌സിനെ പരിഹസിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഗൂഗിള്‍ തെറ്റാണ്, ഈ റോഡ് ക്ലബ് മഹീന്ദ്രയിലേക്ക് പോകില്ല' എന്നാണ് ഇംഗ്ലീഷില്‍ വായിക്കാന്‍ പറ്റുന്ന ഈ ബോര്‍ഡിലെ ഉള്ളടക്കം.
കൊടകു കണക്റ്റ് എന്ന എക്‌സ് (മുമ്പ ട്വിറ്റര്‍) അക്കൗണ്ടിലാണ് ഈ രസകരമായ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമീപവാസികളായ ആളുകളാണ് ഈ ബോര്‍ഡ് സ്ഥാപിച്ചതെന്ന് നമുക്ക് അനുമാനിക്കാം. ഗൂഗിള്‍ മാപ്പില്‍ ക്ലബ് മഹീന്ദ്ര തപ്പി ഒത്തിരി പേര്‍ വഴി തെറ്റി ഈ സ്ഥലത്ത് എത്തിപ്പെട്ട സാഹചര്യത്തിലായിരിക്കാം നാട്ടുകാര്‍ ഇത്തരമൊരു പണിയൊപ്പിച്ചത്. ഗൂഗിള്‍ ഇന്ത്യയെ ടാഗ് ചെയ്തിട്ടാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് ആയിരത്തിലേറെ പേര്‍ ലൈക്കടിച്ചിട്ടുണ്ട്. ഏതായാലും ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവിടെ സംഗതി വളരെ രസകരമായി അവതരിപ്പിച്ചെങ്കിലും കുറച്ച് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ് ഇത്. കാരണം ഗൂഗിള്‍ മാപ്പില്‍ നോക്കി റോഡ് ഉണ്ടെന്ന് കരുതി പോകുന്ന യാത്രക്കാര്‍ ഡെഡ് എന്‍ഡില്‍ എത്തിപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് ഒടുക്കം ലക്ഷ്യം തെറ്റിപ്പോയി അപക്ടത്തില്‍ പെട്ട ചില സംഭവങ്ങള്‍ ഇനി പറയാം.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ളതാണ് അതില്‍ ഒന്ന്. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വയലട മുള്ളന്‍പാറ സന്ദര്‍ശിക്കാനായി മഹീന്ദ്ര MM 540 ജീപ്പില്‍ പോയതായിരുന്നു അഞ്ചംഗ സംഘം. ഗൂഗിള്‍ മാപ്പ് പറഞ്ഞത് അനുസരിച്ച് പൂവത്തുംചോലയില്‍ നിന്ന് താന്നിയാംകുന്ന് കുന്നിലൂടെ വയലടയിലേക്കുള്ള കുറുക്കുവഴിയാണ് ഇവര്‍ തെരഞ്ഞെടുത്തത്. കൂട്ടത്തില്‍ ആര്‍ക്കും വഴി നല്ല വശമില്ലാത്തതിനാല്‍ പൂര്‍ണമായും മാപ്പിനെയായിരുന്നു സംഘം ആശ്രയിച്ചത്.

എന്നാല്‍ വളരെ മോശം റൂട്ടില്‍ എത്തിപ്പെട്ടുവെന്ന് മാത്രമല്ല വഴിമധ്യേ ജീപ്പ് മറിയുകയും ചെയ്തു. ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജീപ്പ് പൊക്കിയെടുക്കുകയായിരുന്നു. കര്‍ണാടക സ്വദേശികളായ വിനോദസഞ്ചാരികള്‍ കേരളത്തില്‍ അപകടത്തില്‍ പെട്ടതാണ് രണ്ടാമത്തെ സംഭവം. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴി കുറുപ്പന്തറ കടവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയിലായിരുന്നു സംഘം കേരളം സന്ദര്‍ശിക്കാനെത്തിയത്.
ഗൂഗിള്‍ മാപ്സില്‍ നിന്നുള്ള തെറ്റായ ദിശാസൂചനകള്‍ കാരണം സംഘം വഴിതെറ്റി വണ്ടി വെള്ളക്കെട്ടിലിറക്കുകയായിരുന്നു. പട്ടാപ്പകലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഇവിടെയും ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അത്യന്തം അപകടരമായ മറ്റൊരു സംഭവം കോട്ടയത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗൂഗിള്‍ മാപ്പ് നോക്കി വന്ന മാരുതി ബ്രെസ കാറില്‍ വന്ന കുടുംബം കനാലില്‍ പതിക്കുകയായിരുന്നു. വണ്ടിയോടിച്ച സ്ത്രീയെ കൂടാതെ അവരുടെ മൂന്ന് മാസം പ്രായമായ കുഞ്ഞും അമ്മയും ബന്ധുവുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കുമ്പനാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍. ഗൂഗിള്‍ മാപ്പ് നോക്കി വന്ന ഇവരുടെ വണ്ടി വഴിതെറ്റി നാട്ടകം സിമന്റ് ജംഗ്ഷന്‍ ബൈപാസിനും തിരുവാതുക്കലിനും ഇടയിലുള്ള പാറച്ചാലില്‍ വെള്ളക്കെട്ടിലേക്ക് എത്തിപ്പെടുകയായിരുന്നു.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തത്തില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. കാര്‍ മുങ്ങിത്താഴുന്നതിന് മുമ്പ് കയറും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതുപോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ ഒത്തിരി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇത്തരം അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ഉണ്ടെങ്കില്‍ അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








