തെലുങ്കാനയിൽ കൊവിഡ്-19 അവബോധത്തിനായി ഇനി കൊറോണ കാർ
ലോകമെമ്പാടും കൊവിഡ്-19 വ്യാപനം തുടരുകയാണ്. ഈ മഹാമാരിയെ തടയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും നിരവധി വാഹന നിർമ്മാതാക്കൾ ഉൾപ്പടെ പല പ്രമുഖ കമ്പനികളും രംഗത്തു വന്നിട്ടുണ്ട്.

പകർച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബഹാദൂർപുരയിലെ സുധ കാർസ് മ്യൂസിയത്തിലെ കന്യാബൊയിന സുധാകർ എന്ന വ്യക്തി ഒരു വേറിട്ട മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്. ബോധവത്കരണത്തിനായി ഒരു ‘കൊറോണ കാർ' തന്നെ ഇദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

കൊവിഡ് -19 ന്റെ വ്യാപനം ഏതു വിധേനയും തടയണം. വൈറസിന്റെ ആകൃതിയിലാണ് താൻ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അത് ജനങ്ങൾക്ക് സാമൂഹ്യ അകലം സംബന്ധിച്ച് അവബോധം പകരുന്നതിനായി ജനകീയമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് സുധാകർ മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് സെക്രട്ടറി സോമേഷ് കുമാർ കാർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ, പൊതുജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിന് കാർ ഉപയോഗിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് സുധാകർ പറഞ്ഞു.

100 സിസി എഞ്ചിൻ ഉപയോഗിച്ചാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറ് വീലുകളുള്ള, സിംഗിൾ സീറ്റ് വാഹനത്തിന് ഫൈബർ ബോഡിയാണ്. 40 കിലോമീറ്റർ പരമാവധി വേഗതയിൽ വാഹനത്തിൽ സഞ്ചരിക്കാനാകും.

10 ദിവസം കൊണ്ടാണ് താൻ ഈ വാഹനം നിർമ്മിച്ചതെന്ന് സുധാകർ പറഞ്ഞു. സുധാകർ ഇതുവരെ നിർമ്മിച്ച സമാനമായ നിരവധി മോഡലുകൾ സുധ കാർസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഈ കാർ ശേഖരത്തിൽ ഹാൻഡ്‌ബാഗ് കാർ, ഷൂ കാർ, ഹെൽമെറ്റ് കാർ, ക്യാമറ കാർ, ടോയ്‌ലറ്റ് കാർ, കോണ്ടം കാർ, ബർഗർ കാർ തുടങ്ങി നിരവധി മോഡലുകൾ ഉൾപ്പെടുന്നു. നിരവധി സൈക്കിളുകൾക്ക് പുറമേ ലോകത്തിലെ ഏറ്റവും ചെറിയ ഡബിൾ ഡെക്കറും അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








