കാറില്‍ ചാണകം മെഴുകിയ സംഭവം, കാരണം വിശദീകരിച്ച് ഉടമ — വീഡിയോ
ചൂട് കുറയ്ക്കാന്‍ കാറിന് മേല്‍ ചാണകം മെഴുകിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയതോടെ വിശദീകരണവുമായി ഉടമ രംഗത്ത്. കാറിനകത്തെ ചൂടു കുറയ്ക്കാന്‍ ചാണകം ഫലപ്രദമായ മാര്‍ഗ്ഗമാണെന്നു അഹമ്മദാബാദ് സ്വദേശിനിയും കാറിന്റെ ഉടമയുമായ സേജല്‍ ഷാ പറയുന്നു.

അന്തരീക്ഷതാപം 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തിലാണ് ടൊയോട്ട കൊറോളയില്‍ ചാണകം മെഴുകാനുള്ള തീരുമാനം ഇവര്‍ കൈകൊണ്ടത്. പുറംമോടിയില്‍ ചാണകം മെഴുകിയതോടെ കാറിനകത്തെ ചൂട് 36-37 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നു സേജല്‍ അവകാശപ്പെടുന്നു. ക്യാബിനില്‍ എസി പ്രവര്‍ത്തിപ്പിക്കാതെയാണിത്.

ചൂടുകാലത്ത് എസിയുടെ ഉപഭോഗം രാജ്യത്ത് കൂടുതലാണ്. എസിയില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍ ഗുരുതരമായ പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് വഴിതെളിക്കും. പരിസ്ഥിതി സൗഹര്‍ദ്ദമായ മാര്‍ഗ്ഗമാണ് താന്‍ അവലംബിച്ചിരിക്കുന്നതെന്ന് സേജല്‍ വ്യക്തമാക്കി. കളിമണ്ണും ചാണകവും കൂട്ടിക്കുഴച്ചാണ് ടൊയോട്ട കൊറോളയ്ക്ക് ഇവര്‍ ആവരണം തീര്‍ത്തിരിക്കുന്നത്.

ഇതേസമയം, ഈ ആവരണം കാറില്‍ എത്രനാള്‍ നിലനില്‍ക്കുമെന്ന കാര്യം വ്യക്തമല്ല. എന്തായാലും ബോണറ്റ്, മേല്‍ക്കൂര, ഡോറുകള്‍, ബൂട്ട് തുടങ്ങി കാറിന്റെ ബോഡി പൂര്‍ണ്ണമായും വളരെ കൃത്യതയോടെയാണ് ചാണകത്തില്‍ പൊതിഞ്ഞിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ANI -യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കാറിനെ വിശദമായി കാട്ടിത്തരുന്നുണ്ട് സേജല്‍ ഷാ.

സംഭവം വൈറലായതുകൊണ്ടാവണം കാറില്‍ ചെറിയ പരിഷ്‌കാരങ്ങളൊക്കെ ഇവര്‍ വരുത്തി. മുന്‍ പിന്‍ ബമ്പറുകളിലും പാര്‍ശ്വങ്ങളിലും പരമ്പരാഗത ചിത്രപ്പണി ഇപ്പോള്‍ കാണാം. നേരത്തെ രൂപേഷ് ഗൗരംഗ ദാസ് എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ചാണകം കൊണ്ടുള്ള ഏറ്റവും ഫലപ്രദമായ ഉപയോഗമെന്നും ചിത്രങ്ങള്‍ക്ക് ഇദ്ദേഹം അടിക്കുറിപ്പ് നല്‍കിയിരുന്നു. നിമിഷനേരംകൊണ്ടാണ് കാറിന്റെ ചിത്രങ്ങള്‍ രാജ്യമെങ്ങും വൈറലായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ വീടിന്റെ ഭിത്തികളിലും തറകളിലും ചാണകം മെഴുകാറ് പതിവാണ്.

എന്നാല്‍ കാറിന് ചാണകം മെഴുകുന്ന സംഭവം രാജ്യത്ത് ഇതാദ്യമായാണ് കേട്ടറിയുന്നത്. വെള്ള നിറത്തിലുള്ള ടൊയോട്ട കൊറോള ആള്‍ട്ടിസിലാണ് സേജല്‍ ഷാ ചാണകം മെഴുകിയിരിക്കുന്നത്. കാറിന് മേല്‍ ചാണകം മെഴുകിയ വ്യക്തി പുലര്‍ത്തിയ സൂക്ഷ്മത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്‍ ബമ്പറിലെ റിഫ്‌ളക്ടറുകള്‍ വരെ മറയ്ക്കാതെ വളരെ കൃത്യമായാണ് ചാണക കോട്ടിങ്. ടൊയോട്ട ബാഡ്ജിലും ലോഗോയിലും നമ്പര്‍ പ്ലേറ്റിലും ഗ്രില്ലിലുമെല്ലാം ഇതേ സൂക്ഷമത കാണാം.
Source: ANI News


Click it and Unblock the Notifications








