വണ്ടിപ്രാന്തില്‍ യുവ ക്രിക്കറ്റര്‍മാര്‍ ബാക്കില്‍ നില്‍ക്കും! 4.18 കോടിയുടെ കാറിൽ കറങ്ങുന്നയാളെ മനസിലായോ?
ലോക പ്രശസ്ത ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിക്ക് ഇപ്പോള്‍ നല്ല കാലമാണ്. 2026 വരെയുള്ള ലംബോര്‍ഗിനി കാറുകള്‍ ഇതിനോടകം വിറ്റുപോയതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ലംബോര്‍ഗിനിയുടെ ഏറ്റവും ചെലവേറിയ കാര്‍ മോഡലുകളിലൊന്നാണ് ഉറുസ് S. ഇക്കഴിഞ്ഞ ദിവസം മുംബൈ നഗരത്തില്‍ കാണപ്പെട്ട ലംബോര്‍ഗിനി ഉറൂസ് S കാറിന്റെ ഉടമയെ കണ്ട് നെറ്റിസണ്‍സ് ത്രില്ലടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട കാറുകളില്‍ ഒന്നാണ് ലംബോര്‍ഗിനി ഉറൂസ്. സിനിമ താരങ്ങളെ പോലെ തന്നെ ഇന്ത്യക്കാര്‍ നെഞ്ചിലേറ്റുന്നവരാണ് ക്രിക്കറ്റ് താരങ്ങളും. ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ക്രിക്കറ്റ് താരങ്ങളും ഒട്ടും പിന്നിലല്ല. ഐപിഎല്‍ കൂടി വന്നതോടെ യുവ താരങ്ങളടക്കം വില കൂടിയ കാറുകള്‍ വാങ്ങുന്ന കാഴ്ച നാം കണ്ടു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയിലെ ഏറ്റവും വലിയ കാര്‍ പ്രേമികളില്‍ ഒരാളാണ് ഇതിഹാസ താരമായിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ലക്ഷ്വറി കാറുകളോട് പണ്ടുമുതലേ പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന സച്ചിന്റെ ഗരാജില്‍ വിവിധ ബ്രാന്‍ഡുകളുടെ ലോകോത്തര മോഡലുകള്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ ലംബോര്‍ഗിനി ഉറൂസ് S എസ്‌യുവിയില്‍ സച്ചിന്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. സൂപ്പര്‍കാര്‍സ് ക്ലബ് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍ എസ്‌യുവിയുടെ ഡ്രൈവര്‍ സീറ്റില്‍ സച്ചിന്‍ ഇരിക്കുന്നതായിരുന്നു ഒരു ചിത്രം.
അതേസമയം രണ്ടാമത്തെ ചിത്രത്തില്‍ സ്റ്റേഡിയത്തിന് പുറത്ത് ഉറൂസ് പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് കാണാന്‍ സാധിക്കുക. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കാര്‍ ഗാരേജിലെ ഏറ്റവും വിലകൂടിയ കാര്‍ മോഡലുകളില്‍ ഒന്നായ ലംബോര്‍ഗിനി ഉറൂസ് s-ന് 4.18 കോടി രൂപയോളമാണ് വില. സച്ചിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ലംബോര്‍ഗിനി കാറാണിത്. സച്ചിന്റെ ഗരാജ് നോക്കിയാല്‍ നിറയെ ലക്ഷ്വറി വാഹനങ്ങള്‍ കാണാമെങ്കിലും അതില്‍ ഭൂരിഭാഗവും ബിഎംഡബ്ല്യുവിന്‍േറതാണ്. കാരണം ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍മാരല്‍ ഒരാളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ബ്ലൂ എലിയോസ് നിറത്തിലുളള ലംബോര്‍ഗിനി ഉറൂസാണ് സച്ചിനുള്ളത്. ഈ ബ്രൈറ്റ് മെറ്റാലിക് നിറത്തിന് കൂടുതല്‍ ചാരുതയേകാനായി സില്‍വര്‍ അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. 22 ഇഞ്ച് ഡയമണ്ട് കട്ട് മെഷീന്‍ഡ് അലോയ് വീലുകളാണ് ഇതില്‍ വരുന്നത്. സച്ചിന്‍ ഡെലിവറിയെടുത്ത സമയത്തുള്ള ലുക്കിലല്ല ഉറൂസ് ഇപ്പോള്‍ കാണപ്പെടുന്നതെന്നതാണ് ശ്രദ്ധേയം. കാര്‍ വാങ്ങിയ സമയത്ത് പെര്‍ഫോമന്റെ സ്റ്റൈലിലുള്ള കാര്‍ബണ്‍ ഫൈബര്‍ വിംഗ് ഉണ്ടായിരുന്നില്ല.
മാത്രമല്ല തന്റെ കാര്‍ കൂടുതല്‍ ആകര്‍ഷകമാക്കാനായി കാര്‍ബണ്‍ ഫൈബര്‍ ഫ്രണ്ട് സ്പ്ലിറ്റര്‍, സൈഡ് സ്‌കര്‍ട്ടുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ ഈ കാറില്‍ സച്ചിന്‍ കാറില്‍ ചേര്‍ത്തതായാണ് മനസ്സിലാക്കുന്നത്. കാറിന്റെ ഇന്റീരിയറിലും അദ്ദേഹം ചില മോഡിഫിക്കേഷനുകള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലംബോര്‍ഗിനി ഔദ്യോഗികമായി കാര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന് മുമ്പ് 2022 നവംബറില്‍ ഉറുസ് പെര്‍ഫോമന്റെ പുറത്തിറക്കിയിരുന്നു.

സസ്പെന്‍ഷന്‍ മാറ്റവും ചില കോസ്മെറ്റിക് പരിഷ്‌കാരങ്ങളുമാണ് ഈ രണ്ട് മോഡലുകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്. കൂടുതല്‍ ആഡംബരപൂര്‍ണമായ യാത്രാനുഭവം നല്‍കുന്നതിനായി ഉറൂസ് S എസ്‌യുവിയില്‍ ലംബോര്‍ഗിനി എയര്‍ സസ്പെന്‍ഷന്‍ സംവിധാനം നല്‍കിയിട്ടുണ്ട്. യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനായി ഉയരം ക്രമീകരിക്കാനുള്ള സൗകര്യവും ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 666 bhp പവറും 850 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത.

വെറും 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. അതുപോലെ വെറും 12.5 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളില്‍ ഒന്നാണ് ഉറൂസ്. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ ലംബോര്‍ഗിനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡലും കൂടിയാണ് ഉറുസ്.
ഈ കാര്‍ കൂടാതെ സച്ചിന്റെ ഗരാജിലുള്ള മറ്റൊരു ശ്രദ്ധേയമായ മോഡല്‍ പോര്‍ഷ 992 911 ടര്‍ബോ S ആണ്. ടെക്കാര്‍ട്ട് ബോഡി കിറ്റുള്ള പോര്‍ഷ കാറാണ് സച്ചിന്റെ പക്കലുള്ളത്. ഇത് കൂടാതെ ടെക്കാര്‍ട്ട് ബോഡി കിറ്റുള്ള പോര്‍ഷ കയെനും സച്ചിനുണ്ട്. ബിഎംഡബ്ല്യു 7-സീരീസ് Li, ബിഎംഡബ്ല്യു X5M, ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു 5-സീരീസ് എന്നിവയാണ് സച്ചിന്റെ മറ്റ് പ്രധാന കാറുകള്‍.


Click it and Unblock the Notifications








