ഈ കാറിന്റെ പ്രത്യേകതയറിഞ്ഞാല്‍ ആരായാലും മുട്ടുകുത്തിപ്പോകും! 'യൂണിവേഴ്‌സ് ബോസ്' ഇരിക്കുന്ന ഇരിപ്പ് കണ്ടോ
കൈയ്യില്‍ പൂത്ത കാശുള്ള ചില ശതകോടീശ്വരന്‍മാര്‍ കാറിനേക്കാള്‍ കൂടുതല്‍ പണംമുടക്കി രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലംപിടിച്ച വാര്‍ത്ത നാം കേള്‍ക്കാറുണ്ട്. ഒറ്റ അക്കം മാത്രമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഇന്ത്യയില്‍ ഏതാനും ലക്ഷങ്ങള്‍ കൊടുത്താല്‍ വാങ്ങാം. എന്നാല്‍ ദുബായ്‌യില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഡിമാന്‍ഡ് കൂടുതലായതിനാല്‍ യുഎഇ എമിറേറ്റില്‍ ഇത്തരം നമ്പറുകള്‍ക്കായി കോടികള്‍ പൊടിക്കണം. ഇപ്പോള്‍ കാറിനേക്കാള്‍ വിലയുള്ള 'F 9' എന്ന രജിസ്ട്രേഷന്‍ നമ്പര്‍ പേറുന്ന ഒരു റോള്‍സ് റോയ്‌സ് കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാറിനെ കൂടാതെ കാറിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത വ്യക്തി കൂടിയാണ് ചിത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണം.
എല്ലാ കാലത്തും ക്രിക്കറ്റിന് ചില മഹാരഥന്‍മാരെ സമ്മാനിച്ചിട്ടുണ്ട് വെസ്റ്റിന്‍ഡീസ്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഇപ്പോള്‍ പഴയ പ്രതാപമില്ലെങ്കിലും ട്വന്റി20 ക്രിക്കറ്റില്‍ കരീബിയന്‍സിനെ ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരെ ഹൃദയതാളം കാരിരുമ്പിന്റെ കരുത്തുള്ള കരീബിയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. 1999 മുതല്‍ 2021 വരെ വെസ്റ്റ് ഇന്‍ഡീസ് കുപ്പായമണിഞ്ഞ ക്രിസ് ഗെയ്ലിനെ (Chris Gayle) കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.

'യൂനിവേഴ്‌സ് ബോസ്' എന്ന് വിളിപ്പേരുള്ള ഗെയ്ല്‍ എന്നും എതിര്‍ ടീമുകള്‍ക്ക് പേടിസ്വപ്നമായിരുന്നു. ട്വന്റി20 ക്രിക്കറ്റില്‍ നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ച് പാഡ് അഴിച്ചുവെച്ച ഗെയ്ല്‍ ഇപ്പോള്‍ കമന്ററിയും പരസ്യചിത്രങ്ങളിലെ അഭിനയവുമായി സജീവമാണ്. അഗ്രസീവ് ബാറ്റിംഗിന് പേരുകേട്ട ഗെയ്ല്‍ ഇപ്പോള്‍ ഒരു കാറിന് മുന്നില്‍ 'മുട്ടുകുത്തിയ' ചിത്രമാണ് വൈറലാകുന്നത്. തുടക്കത്തില്‍ പറഞ്ഞ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറാണ് ചിത്രത്തില്‍ ഗെയ്‌ലിനൊപ്പമുള്ളത്.
ചിത്രം ക്രിക്കറ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ദുബായിലെ ഏറ്റവും വിലകൂടിയ 'ടോപ്പ് 10' നമ്പര്‍ പ്ലേറ്റുകളിലൊന്നുള്ള കാറിന്റെ മുന്നിലാണ് താനെന്ന് പോസ്റ്റില്‍ ക്രിസ് ഗെയ്ല്‍ പറയുന്നു. ഫോട്ടോ എടുക്കുക മാത്രമല്ല കാറിന്റെ പിന്‍സീറ്റിലിരുന്ന് നഗരത്തിലൂടെ ചുറ്റിക്കറങ്ങുകയും ചെയ്തു. കാറിന്റെ ഇന്റീരിയര്‍ വിശദമായി തന്നെ ഗെയ്ല്‍ വീഡിയോയില്‍ കാണിക്കുന്നു. നല്ല ത്രില്ലടിച്ച മുഖഭാവത്തിലാണ് ക്രിക്കറ്റര്‍ കാണപ്പെടുന്നത്.

എന്നാല്‍ ഇൗ കാര്‍ താരം വാങ്ങിയതാണോ അതോ സുഹൃത്തുക്കള്‍ ആരുടെയെങ്കിലുമാണോ എന്ന കാര്യവും വ്യക്തമല്ല. റോള്‍സ് റോയ്‌സ് ഉപയോഗിക്കുന്ന 'F9' ലൈസന്‍സ് പ്ലേറ്റിന്റെ കൃത്യമായ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ നമ്പര്‍ ലഭിക്കാന്‍ ഉടമ ഏകദേശം 50 കോടിയിലധികം മുടക്കിയിട്ടുണ്ടെന്നാണ് വിവരം.
മുമ്പ് '9' നമ്പര്‍ ലഭിക്കുന്നതിനായി ദുബായ്‌യില്‍ ഒരാള്‍ 70 ലക്ഷം ഡോളര്‍ (ഏകദേശം 51 കോടി രൂപ) ചെലവാക്കിയ സംഭവം വന്‍ വാര്‍ത്തയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാറായ ബുഗാട്ടി ഷിറോണിന് വേണ്ടിയായിരുന്നു നമ്പര്‍. 25 കോടി രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. അതുകൊണ്ട് തന്നെ റോള്‍സ് റോയ്‌സിന്റെ നമ്പര്‍ പ്ലേറ്റിന് കാറിനേക്കാള്‍ പലമടങ്ങ് വിലയുണ്ടാകാം.

റോള്‍സ് റോയ്‌സ് ഗോസ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ലോകത്തെ സമ്പന്നരായ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് ഇത്. 6.95 കോടി രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കസ്റ്റമൈസേഷനുകള്‍ വരുത്തിയാല്‍ വില പിന്നെയും കൂടും. 6.75 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.
563 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. വെറും 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 205 കിലോമീറ്ററാണ്.
ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാറിന് ഇന്ത്യയിലും ഡിമാന്‍ഡാണ്. മുകേഷ് അംബാനിയടക്കമുള്ള കോടീശ്വരന്‍മാരും ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമ താരങ്ങളും ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ ഉടമകളായുണ്ട്. ഈ കാറുകള്‍ക്കും ഫാന്‍സി നമ്പര്‍പ്ലേറ്റുകളാണുള്ളത്. കാറിനേക്കാള്‍ മൂല്യമുള്ള നമ്പര്‍പ്ലേറ്റുള്ള റോള്‍സ് റോയ്‌സ് ഇന്ത്യയില്‍ ഉള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ല. മുമ്പ് ദുബായിയിലെ പ്രവാസി വ്യവസായിയായ ബല്‍വീന്ദര്‍ സിങ്ങ് റോള്‍സ് റോയിസിന് ഇഷ്ടനമ്പര്‍ നേടുന്നതിനായി 60 കോടി രൂപ പൊടിച്ച സംഭവം ഓര്‍മയിലുണ്ട്.


Click it and Unblock the Notifications








