കളത്തിന് പുറത്തും ഷമി ഹീറോയാടാ... വണ്ടിയുള്ളവരെല്ലാം കണ്ടുപഠിക്കണം താരത്തെ!
അടുത്തിടെ സമാപിച്ച പുരുഷന്‍മാരുടെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും ചില മാസ്മരിക വ്യക്തിഗത പ്രകടനങ്ങള്‍ക്ക് നാം സാക്ഷിയായി. പേസര്‍ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായതാണ് അതിലൊന്ന്. കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും ഷമി ഹീറോ ആണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലോകകപ്പ് കളിച്ച ടീമിലെ സുപ്രധാന താരങ്ങള്‍ക്കെല്ലാം ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം നൈനിറ്റാളിലേക്കുള്ള യാത്രക്കിടയിലായിലായിരുന്നു ഷമി കണ്‍മുന്നില്‍ ഒരു അപകടം നടന്നത്. ഹില്‍സ്‌റ്റേഷനിലേക്കുള്ള യാത്രക്കിടെ താഴ്ചയിലേക്ക് പതിച്ച ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വാഹനത്തില്‍ ഉണ്ടായിരുന്നവരെയാണ് ഷമിയും സംഘവും രക്ഷിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ഷമി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്റ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

മലമ്പ്രദേശത്തുകൂടിയുള്ള റോഡിലൂടെ സഞ്ചരിക്കവെ ഇക്കോസ്‌പോര്‍ട് ഡ്രൈവര്‍ക്ക് നിന്ത്രണം നഷ്ടപ്പെട്ട് ചെരിവിലേക്ക് വാഹനം മറിയുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. കാര്‍ ഒരു മരത്തില്‍ തട്ടി നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. നൈനിറ്റാളിലേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷമി തന്റെ വാഹനത്തിന് തൊട്ടുമുന്നിലായി പോയ കാര്‍ അപകടത്തില്‍ പെടുന്നത് കാണുകയും കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വരികയുമായിരുന്നു. ഇക്കോസ്‌പോര്‍ട്ട് മരത്തില്‍ തട്ടി നിന്നതിനാല്‍ മുന്നിലും വശങ്ങളിലുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വണ്ടി കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിന്റെ രൂക്ഷത വളരെ കൂടുമായിരുന്നു. ഒരു അപകടം കണ്ടാല്‍ വണ്ടി നിര്‍ത്താതെ പോകുന്ന ആളുകളുള്ള ഇക്കാലത്ത് തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഷമി പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കാര്‍ഡ്രൈവര്‍ക്ക് ബാന്‍ഡഎയ്ഡ് ഇട്ടുകൊടുക്കുന്നതും ഷമിയാണ്. കണ്‍മുന്നില്‍ അപടകം കണ്ടാല്‍ നിര്‍ത്താതെ പോകുകയല്ല മറിച്ച് മനുഷ്യത്വം കാണിക്കുകയാണ് വേണ്ടതെന്ന് നമുക്ക് കാണിച്ച് തരികയാണ് ഷമി.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ ഇന്ത്യന്‍ സ്‌പെക്ക് മോഡല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. എങ്കിലും ഗ്ലോബല്‍ സ്‌പെക്ക് ഇടിക്കൂട്ടില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. 2013-ല്‍ ലാറ്റിന്‍ NCAP-ല്‍ ഇക്കോസ്പോര്‍ട്ട് 5-സ്റ്റാര്‍ റേറ്റിംഗ് നേടി. യുഎസ്എയിലെ NHTSA-യില്‍ പരീക്ഷിച്ചപ്പോള്‍ എക്കോസ്പോര്‍ട്ടിന്റെ മുന്‍ ആവര്‍ത്തനം 4 സ്റ്റാര്‍ നേടിയിരുന്നു.
അമേരിക്കയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. അതുകൊണ്ട് തന്നെ അവിടെ വില്‍ക്കുന്നതും ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയ മോഡലും വ്യത്യസ്തമായിരുന്നു. നമ്മുടെ വാഹനം എത്ര സുരക്ഷിതമാണെങ്കിലും ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ പാലിച്ചില്ലെങ്കിലും കാറിന് എത്ര ഉയര്‍ന്ന സേഫ്റ്റി റേറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമുണ്ടാകില്ല. മലമ്പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നത് അവിസ്മരണീയവുമായ ഒരു അനുഭവമായിരിക്കും. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തും.

ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും അടിസ്ഥാന നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഹൈറേഞ്ചിലൂടെ സുരക്ഷിതമായി വളയംപിടിക്കാന്‍ നമുക്കാകും. ഇത്തരം പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ പരമാവധി ലെയിനില്‍ തന്നെ തുടരുക. കാരണം അനുഭവസമ്പത്തില്ലാത്ത പല ഡ്രൈവര്‍മാരും എതിര്‍ ലെയ്‌നിലേക്ക് തിരിയുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷിക്കുക.
വ്യക്തമായ കാഴ്ച ഇല്ലാത്ത വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് അപകടകരമായ ഈ പ്രവര്‍ത്തി ഒഴിവാക്കുക. ഇത്തരം ചെറിയ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മലമ്പ്രദേശങ്ങളിലൂടെയും ചുരം റോഡുകളിലൂടെയുമുള്ള യാത്ര അപകടരഹിതമാക്കാം. മുകളില്‍ പറഞ്ഞ പോലെ അപകടത്തില്‍ പെട്ടവരെ രക്ഷിച്ചാല്‍ കേസും കൂട്ടവുമായി ഓടേണ്ടി വരുമെന്ന കാരണത്താലാണ് പലരും ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ വിമുഖത കാണിക്കുന്നത്.
എന്നാല്‍ ഇന്ന് റോഡപകടത്തില്‍പ്പെട്ട ഇരകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നവര്‍ നിയമപരമായ സങ്കീര്‍ണതകള്‍ക്ക് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവഴി റോഡപകടത്തില്‍ പെട്ട് കിടക്കവേ ആരും തിരിഞ്ഞുനോക്കാനില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അപകടത്തില്‍പ്പെട്ടവരെ അവരുടെ കഴിവിന്റെ പരമാവധി സഹായിക്കുക എന്നത് ഓരോ റോഡ് ഉപയോക്താക്കളുടെയും ഉത്തരവാദിത്തമാണ്. അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് പല സംസ്ഥാന സര്‍ക്കാറുകളും ക്യാഷ് റിവാര്‍ഡുകള്‍ അടക്കമുള്ള പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








