നിതീഷ് 'കുമ്പിടി'യായോ? ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കാര്‍ വാങ്ങുന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം
എല്ലാ കാലത്തും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓരോ താരോദയങ്ങള്‍ ഉണ്ടാകാറുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലൂടെ ഭാവി താരമായി വാഴ്ത്തപ്പെടുകയാണ് ഒരു ആന്ധ്രാപ്രദേശുകാരന്‍. പറഞ്ഞു വരുന്നത് നിതീഷ് കുമാര്‍ റെഡ്ഡിയെ കുറിച്ചാണ്. മെല്‍ബണില്‍ നടന്നബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ടീം ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ കന്നി സെഞ്ച്വറിയിയുമായി ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയ 21-കാരന്‍ ഒരുപിടി റെക്കോഡുകളും സ്വന്തം പേരിലാക്കി. കളി ഇന്ത്യ തോറ്റെങ്കിലും പ്രയാസകരമായ സമയത്ത് ടീമിന്റെ രക്ഷക്കെത്തി വാലറ്റക്കാരെ കൂട്ടിപിടിച്ച് അത്ഭുതം കാണിച്ച താരത്തെ ക്രിക്കറ്റ് ഇതിഹാസങ്ങടക്കം പ്രശംസിച്ചു.
ഇപ്പോള്‍ താരത്തിന്‍േറതായ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നിതീഷ് കുമാര്‍ ഒരു പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതാണ് ചിത്രം. ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ഉള്ള നിതീഷ് എങ്ങിനെയാണ് കാര്‍ വാങ്ങുന്നതെന്നായി സംശയം. നിതീഷ് കുമാര്‍ റെഡ്ഡി മാതാപിതാക്കള്‍ക്കൊപ്പം ടൊയോട്ട ഷോറൂം മാനേജര്‍മാരില്‍ നിന്ന് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം അനൂപ് ചൗരസ്യ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 29-നായിരുന്നു ഈ പോസ്റ്റ്.

ഓസ്‌ട്രേലിയയിലുള്ള നിതീഷ് എങ്ങിനെ ഇപ്പോള്‍ കാര്‍ വാങ്ങിയെന്ന തരത്തില്‍ നെറ്റിസണ്‍സ് ചോദ്യം ഉന്നയിച്ചു. എഐ ചിത്രമാണോ എന്നായിരുന്നു ചിലരുടെ സംശയം. എന്നാല്‍ എഐ ടൂള്‍ തന്നെ ഉപയോഗിച്ച് ഇത് പരിശോധിച്ചപ്പോള്‍ ഇത് യഥാര്‍ത്ഥ ചിത്രമാണെന്ന് കണ്ടെത്തി. എന്നാല്‍ ഈ ഫോട്ടോക്ക് 15 മാസം മുമ്പ് എടുത്തതാണെന്ന് മാത്രം. 2023 സെപ്റ്റംബര്‍ 17-ന് നിതീഷ് വീട്ടിലേക്ക് പുത്തന്‍ അതിഥിയെ വരവേല്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. റീപോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലായത്.
നിലവില്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറാണ് എന്‍കെആറിന്റെ പക്കലുള്ളത്. ഇത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണ്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിക്ക് 11.14 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. E, S, G, V എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ വേരിയന്റുകളില്‍ ഇത് വാങ്ങാം.

കഫേ വൈറ്റ്, ഗെയിമിംഗ് ഗ്രേ, സ്‌പോര്‍ട്ടിന്‍ റെഡ് എന്നിവയുള്‍പ്പെടെ നിരവധി കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പതിപ്പുകള്‍ ജാപ്പനീസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. വേരിയന്റുകളെ ആശ്രയിച്ച് 5-സ്പീഡ് മാനുവല്‍/6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം.
ഇത് ലിറ്ററിന് 19.39 മുതല്‍ 27.97 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ആംബിയന്റ് ലൈറ്റിംഗ്, പാഡില്‍ ഷിഫ്റ്ററുകള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയടക്കം ആകര്‍ഷകമായ ഫീച്ചറുകള്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അര്‍ബന്‍ ക്രൂയിസര്‍ ഹൈബ്രിഡ് എസ്‌യുവി സുരക്ഷയുടെ കാര്യത്തിലും മികവ് പുലര്‍ത്തുന്നു. യാത്രക്കാരുടെ സംരക്ഷണത്തിനായി 6-എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), വിഎസ്സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ഓള്‍ വീല്‍ ഡിസ്‌ക് ബൈക്കുകള്‍ എന്നിവ കാറില്‍ നല്‍കിയിരിക്കുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച നിതീഷിന്റെ ജീവിതം മാറ്റിമറിച്ചത് ഐപിഎല്ലാണെന്ന് പറയാം. 2023 ലേലത്തില്‍ വെറും 20 ലക്ഷത്തിന് വാങ്ങിയ നിതീഷിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇക്കുറി 6 കോടി രൂപ നല്‍കിയാണ് നിലനിര്‍ത്തിയത്. ഹൈറൈഡര്‍ കൂടാതെ നിതീഷിന്റെ പക്കല്‍ ഒന്നിലേറെ ബൈക്കുകളുണ്ട്. ബിഡബ്ല്യുവിന്റെ 3.86 ലക്ഷം രൂപ വിലയുള്ള G 310 GS കൂടാതെ ജാവ 42 ബൈക്കും നിതീഷിന്റെ ഉടമസ്ഥതയിലുണ്ട്. ജാവ 42 മോഡലിന് 2.32 ലക്ഷം രൂപയാണ് വില.


Click it and Unblock the Notifications








