സിക്‌സടിച്ച് 'തകര്‍ത്ത' കാറിനെ കുറിച്ച് തകര്‍പ്പന്‍ അഭിപ്രായവുമായി ക്രിക്കറ്റര്‍ റുതുരാജ് ഗെയ്ക്‌വാദ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL 2023) നടപ്പു സീസണ്‍ അതിന്റെ അവസാന ലാപ്പിലേക്ക് കടന്ന് കൊണ്ടിരിക്കുകയാണ്. ടീമുകളെല്ലാം പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ലീഗിലെ മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ (Chennai Super Kings) ഓപ്പണിംഗ് ബാറ്റ്സ്മാന്‍ റുതുരാജ് ഗെയ്ക്വാദിന്റെ സിക്‌സര്‍ പതിച്ച് സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടാറ്റ ടിയാഗോ ഇവിക്ക് ചളുക്ക് വീണത് വാര്‍ത്തയായിരുന്നു.
ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ച ടാറ്റ ടിയാഗോ ഇവിക്കാണ് റുതുരാജിന്റെ സിക്‌സറില്‍ 'പരിക്കേറ്റത്'. എന്നാല്‍ കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന പഴംചൊല്ല് പോലെ ഒരിക്കല്‍ താന്‍ 'വേദനിപ്പിച്ച' ഇവിയെ ഇപ്പോള്‍ പുകഴ്ത്തുകയാണ് ക്രിക്കറ്റര്‍. ഐപിഎല്ലിന്റെ ഭാഗമായി കളിക്കാരെ കൂടുതല്‍ അടുത്തറിയാനുള്ള ഒരു ഷോയുടെ ഭാഗമായി ക്രിക്കറ്റര്‍ ഇലക്ട്രിക് കാറില്‍ ചെന്നൈ നഗരം ചുറ്റി.

ഇവിയില്‍ ഇരുന്ന് കൊണ്ട് റുതുരാജ് ഗെയ്ക്‌വാദ് ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിച്ചു. അതിനൊപ്പം തന്നെ ടിയാഗോ ഇവിയെ കുറിച്ചും ക്രിക്കറ്റര്‍ തന്റെ അഭിപ്രായം പറഞ്ഞു. അത് എന്താണെന്ന് നമുക്ക് പറയാം. ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കാറില്‍ കയറുന്നതിന് മുമ്പ് തന്നെ സിഎസ്‌കെ താരത്തോട് പറഞ്ഞിരുന്നു.
ടാറ്റ അവകാശപ്പെടുന്ന ഈ റേഞ്ച് കണക്ക് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ റുതുരാജ് ആശ്ചര്യപ്പെട്ടു. ഇവി ഇത്രയും റേഞ്ച് നല്‍കുന്നുണ്ടെങ്കില്‍ പൂനെയിലെ തന്റെ വീട്ടില്‍ നിന്ന് ലോണാവാലയില്‍ പോയി ഈസിയായി തിരികെ വരാമല്ലോ എന്നാണ് താരം പറയുന്നത്. എന്നിരുന്നാലും, യാഥാര്‍ത്ഥ്യമായ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഒരു ഇവിക്കും ക്ലെയിം ചെയ്ത റേഞ്ച് നല്‍കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും നന്നായി അറിയാം.

യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ടാറ്റ ടിയാഗോ ഇവി ഒറ്റ ചാര്‍ജില്‍ 200 മുതല്‍ 220 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതെല്ലാം പറഞ്ഞ് കഴിഞ്ഞ് കാറില്‍ കയറി ഇരുന്നപ്പോഴും അത് സ്റ്റാര്‍ട്ട് ചെയ്തതായി റുതുരാജിന് മനസ്സിലായില്ല. മാത്രമല്ല 'സൈലന്റ്' ആണെന്ന് വിശ്വസിക്കാനും കഴിഞ്ഞില്ല. എഞ്ചിന് പകരം ബാറ്ററിയുടെയും ഇലക്ട്രിക് മോട്ടോറിന്റെയും കരുത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏകദേശം എല്ലാ ഇവികളും നിശബ്ദമായിരിക്കും.
സ്‌റ്റേഡിയത്തിലുള്ള ടിയാഗോ ഇവിയുടെ മേല്‍ സിക്‌സര്‍ പതിപ്പിച്ച ആദ്യത്തെ കളിക്കാരനല്ല റുതുരാജ്. താരത്തിന് പിന്നാലെ മറ്റ് ചില കളിക്കാരും അങ്ങനെ ചെയ്തു. കാരണം ഐപിഎല്ലിന്റെ പാര്‍ട്‌നര്‍മാരില്‍ ഒരാളായ ടാറ്റ മോട്ടോര്‍സ് ഓരോ തവണ ബാള്‍ ഇവിയില്‍ വന്ന് പതിക്കുമ്പോഴും 5 ലക്ഷം രൂപ ഒരു നല്ല കാര്യത്തിനായി സംഭാവന ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.
സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന 12 സ്റ്റേഡിയങ്ങളിലും ടാറ്റ ടിയാഗോ ഇവികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ 2023-ലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ ടാറ്റ തങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഓഫറിംഗായ ടിയാഗോയുടെ 10000 യൂണിറ്റുകളുടെ ഡെലിവറി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ഇവി 20000 ബുക്കിംഗുകള്‍ നേടിയിരുന്നു. ഫെബ്രുവരിയില്‍ ഡെലിവറി ആരംഭിച്ച കമ്പനി വെറും നാലുമാസത്തിനുള്ളില്‍ നാഴികക്കല്ല് താണ്ടി.
19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടിയാഗോ ഇവി വരുന്നത്. ചെറിയ ബാറ്ററിക്കുള്ള ഇലക്ട്രിക് മോട്ടോര്‍ 61 bhp പവറും 110 Nm ടോര്‍ക്കും പുറത്തെടുക്കുന്നു. വലിയ ബാറ്ററി പായ്ക്ക് പരമാവധി 75 bhp പവറും 114 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.
ചെറിയ ബാറ്ററി പായ്ക്ക് 250 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് 315 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. XE, XT, XZ+, XZ+ ലക്സ് എന്നിങ്ങനെ നാല് വേരിയന്റുകളിലായി ഇത് വാങ്ങാം. 8.69 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. സിട്രോണ്‍ eC3, എംജി കോമറ്റ് ഇവി എന്നിവയെയാണ് വിപണിയില്‍ എതിരിടുന്നത്.


Click it and Unblock the Notifications








