സമ്പാദിക്കുന്നത് കോടികളെങ്കിലും യാത്ര ഇക്കോണമി ക്ലാസില്‍; സൂപ്പര്‍ താരം ആരാണെന്ന് മനസ്സിലായോ?
പുരുഷന്‍മാരുടെ ക്രിക്കറ്റ് ലോകകപ്പ് ഇപ്പോള്‍ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കളിച്ച എട്ടുകളികളും ജയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെമിഫൈനലില്‍ ഇടംനേടിയിരുന്നു. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികളെന്ന റെക്കോഡിനൊപ്പമെത്തിയിരുന്നു.
121 പന്തില്‍ പുറത്താകാതെ 101 റണ്‍സ് നേടിയാണ് കോഹ്ലി തന്റെ 49-ാം ഏകദിന സെഞ്ചുറിയുമായി ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. തന്റെ 35-ാം പിറന്നാള്‍ ദിനത്തിലായിരുന്ന കോഹ്‌ലിയുടെ ഐതിഹാസിക നേട്ടം. കളിക്കളത്തിലെ വീരശൂരപരാക്രമിയായ കോഹ്ലി പലപ്പോഴും കളിക്കളത്തിന് പുറത്തെ തന്റെ പെരുമാറ്റം കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന് ശേഷം ബംഗളൂരുവിലേക്ക് ഇക്കോണമി ക്ലാസില്‍ വിമാനയാത്ര ചെയ്താണ് ഇപ്പോള്‍ കോഹ്‌ലി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഞായറാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ലീഗ് മത്സരത്തിനായാണ് കോഹ്‌ലി ബെംഗളൂരുവിലേക്ക് പറന്നത്. ഇന്‍ഡിഗോ വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ ഇരിക്കുന്ന കോഹ്‌ലിയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. വര്‍ഷം കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന കോഹ്‌ലിയുടെ എളിമയെ ചിലര്‍ വാനോളം പുകഴ്ത്തുകയാണ്.
ചില നെറ്റിസണ്‍സ് കോഹ്‌ലിയുടെ അടുത്തായി വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന സ്ത്രീയോടുള്ള അസൂയ കമന്റ് ബോക്‌സില്‍ പരസ്യമാക്കി. സഹയാത്രികയോട് കോഹ്‌ലി കുശലാന്വേഷണം നടത്തുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. സ്വന്തം ഐഡന്റിറ്റി മറച്ചുപിടിക്കാനായി ഫേസ്മാസ്‌കും ഗ്ലാസും ബേസ്ബാള്‍ ക്യാപ്പും ധരിച്ചായിരുന്നു കോഹ്‌ലി വിമാനത്തില്‍ കയറിയത്. തന്റെ പ്രീമിയം ഇക്കോണമി സീറ്റില്‍ വേഗം സ്ഥാനം പിടിച്ചെങ്കിലും ആരാധകര്‍ താരത്തെ തിരിച്ചറിഞ്ഞ് ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവെച്ച വീഡിയോക്ക് ഇതിനകം 2.5 ലക്ഷത്തിലേറെ കാഴ്ചക്കാരെ ലഭിച്ചു. ആയിരക്കണക്കിന് ആരാധകരാണ് കമന്റ് ബോക്‌സില്‍ കോഹ്‌ലിയെ പുകഴ്ത്തുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന മത്സരത്തില്‍ കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ (77) അര്‍ധസെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു.
അതേസമയം ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് പിഴുത സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 243 റണ്‍സിന്റെ വമ്പന്‍ വിജയവുമായാണ് ഇന്ത്യ അപരാജിത കുതിപ്പ് തുടര്‍ന്നത്. ബെംഗളൂരുവില്‍ നടക്കുന്ന അവസാന മത്സരവും വിജയിച്ച് ലീഗ് ഘട്ടത്തില്‍ സമ്പൂര്‍ണ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കളിച്ച എട്ട് മത്സരങ്ങളില്‍ എട്ടും ജയിച്ച് ഇന്ത്യ 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 16 വര്‍ഷം പാഡുകെട്ടിയിറങ്ങിയ കോഹ്‌ലിക്ക് ഏറെ പ്രിയപ്പെട്ട ഗ്രൗണ്ടാണ് ചിന്നസാമി സ്‌റ്റേഡിയം. ഇക്കുറി ലോകകപ്പില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന കോഹ്‌ലി ഇതുവരെ 543 റണ്‍സ് വാരിക്കൂട്ടി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്.
550 റണ്‍സ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് ഒന്നാമത്. പരസ്യ ചിത്രങ്ങളിലടക്കം അഭിനയിച്ച് വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന വിരാട് കോഹ്‌ലി വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്തതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








