ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്രിസ്മസ് സമ്മാനമായി പങ്കാളി നല്‍കിയത് 7 കോടിയുടെ Rolls Royce
പോര്‍ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ വര്‍ഷം അത്ര മികച്ചതായിരുന്നില്ല. എങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ ക്രിസ്മസിന് നിരവധി സര്‍പ്രൈസുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് സമ്മാനിച്ച പുത്തന്‍ റോള്‍സ് റോയ്‌സ് കാര്‍.
ഏഴ് കോടി രൂപയിലധികം വില വരുന്ന റോള്‍സ് റോയ്‌സ് ഡോണ്‍ ആണ് ജോര്‍ജിന തന്റെ പ്രിയതമന് സമ്മാനിച്ചത്. അള്‍ട്രാ ലക്ഷ്വറി കണ്‍വെര്‍ട്ടിബിള്‍ അതിന്റെ ആഢംബരത്തിന്റെ കാര്യത്തില്‍ കീര്‍ത്തികേട്ട ഒരു കാറാണ്. ഈ കാറിന്റെ ഉയര്‍ന്ന വിലയും നാം മറക്കരുത്. ഓപ്ഷനുകളും നികുതികളും ഇല്ലാതെ ഇന്ത്യന്‍ വിപണിയിലെ ഈ റോള്‍സ് റോയ്‌സ് കാറിന് 7 കോടിയിലധികം രൂപയാണ് വില. 2016-ലാണ് ഡോണ്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ലോകമെമ്പാടുമുള്ള കമ്പനിയുടെ ലൈനപ്പിലെ ഏക കണ്‍വേര്‍ട്ടബിളാണിത്. റൊണാള്‍ഡോ തന്റെ പുതിയ വൈറ്റ് നിറത്തിലുള്ള റോള്‍സ് റോയ്സ് ഡോണിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു. സ്പാനിഷ് മോഡലായ ജോര്‍ജിന തന്റെ 43 ദശലക്ഷം വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനായി ക്രിസ്മസ് ആഘോഷത്തിന്റെ ഒരു വീഡിയോ പങ്കിട്ടു. അതില്‍ ഇരുവരുടെയും വീടിന്റെ അകത്തളങ്ങളുടെയും ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ അലങ്കാരങ്ങളുടെയും ചെറിയ ഒരു കാഴ്ച സമ്മാനിച്ചു. റോള്‍സ് റോയ്‌സിനെ കൂടാതെ ക്രിസ്മസിന് സമ്മാനിക്കാനുള്ള നിരവധി വിലകൂടിയ സമ്മാനങ്ങളും വീട്ടില്‍ കാണാം.
ലൂയിസ് വിട്ടന്‍ ബാഗുകള്‍ കുട്ടികള്‍ക്കുള്ള ബൈസിക്കിളുകള്‍ എന്നിവയും വീഡിയോയില്‍ കാണാം. സര്‍പ്രൈസ് സമ്മാനം കൊടുക്കുന്നതിനായി ജോര്‍ജിന റൊണാള്‍ഡോയെ വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുകയാണ്. മകളെ കൈയ്യിലെടുത്താണ് റൊണാള്‍ഡോ 28കാരിയായ സ്പാനിഷ് മോഡലിന്റെ പിന്നാലെ നടക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഭീമന്‍ റിബ്ബണില്‍ അലങ്കരിച്ച സമ്മാനം കണ്ട് ഫുട്‌ബോള്‍ സൂപ്പര്‍ താരം സര്‍പ്രൈസ് ആകുന്നത് നമുക്ക് വീഡിയോയില്‍ കാണാം. പിന്നാലെ പങ്കാളിക്ക് നന്ദി പറഞ്ഞ് കാറിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ റൊണാള്‍ഡോ പങ്കുവെച്ചിട്ടുണ്ട്.

റൊണാള്‍ഡോയുടെ ആദ്യത്തെ റോള്‍സ് റോയ്‌സ് അല്ല ഇത്. റൊണാള്‍ഡോ ഒരു വലിയ കാര്‍ ആരാധകനാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ ഗരാജില്‍ നിരവധി കാറുകള്‍ ഉണ്ട്. ഫെരാരി f12 TDF-മായി ഗാരേജ് പങ്കിടുന്ന ഒരു വെള്ള റോള്‍സ് റോയ്സ് കള്ളിനന്‍ റൊണാള്‍ഡോയുടെ പക്കലുണ്ട്. 1.5 ടണ്‍ ഭാരം മാത്രമേ അതിനുള്ളൂ. വെറും 2.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
മാത്രമല്ല, തന്റെ 27-ാം ജന്മദിനത്തില്‍ റൊണാള്‍ഡോ ഒരു മാറ്റ് ബ്ലാക്ക് ലംബോര്‍ഗിനി അവന്റഡോര്‍ വാങ്ങിയിരുന്നു. പോര്‍ഷെ 911 ടര്‍ബോ S, മെര്‍സിഡീസ് ബെന്‍സ് S65, മക്ലാരന്‍ സെന്ന, ബെന്റ്ലി കോണ്ടിനെന്റല്‍, ബുഗാട്ടി വെയ്റോണ്‍ ഗ്രാന്‍ഡ് സ്പോര്‍ട് വിറ്റെസ്സെ, ഷെവര്‍ലെ കാമറോ ZL1, ഫെരാരി മോന്‍സ SP1, ഫെരാരി 599 GTO, റോള്‍സ് ഫാന്റം ഡ്രോപ്‌ഹെഡ്, മെര്‍സിഡീസ് ബെന്‍സ് GLE63 s AMG, ഔഡി RS7, ബുഗാട്ടി ഷിറോണ്‍, മെര്‍സിഡീസ് ബെന്‍സ് ബ്രാബസ് G65, ഫെറാറി F430, ബുഗാട്ടി സെന്‍േറാഡിസി, മസെരാട്ടി ഗ്രാന്‍കാബ്രിയോ എന്നിങ്ങനെ റൊണാള്‍ഡോയുടെ ഗരാജിലുള്ള കാറുകളുടെ എണ്ണം നീളുന്നു.
റോള്‍സ് റോയ്സ് ഡോണിനെ കുറിച്ച് പറയുമ്പോള്‍, 6.6 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V12 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 564 bhp പീക്ക് പവര്‍ ഔട്ട്പുട്ട് നല്‍കുന്നു. 4.3 സെക്കന്‍ഡിനുള്ളില്‍ ഈ കാര്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. നിരവധി ലക്ഷ്വറി ഫീച്ചറുകളുമായാണ് ഈ കണ്‍വര്‍ട്ടബിള്‍ വരുന്നത്. എല്ലാത്തിനുമുപരി, ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ ടോപ്ലെസ് കാറുകളില്‍ ഒന്നാണിത്.37-കാരനായ റൊണാള്‍ഡോ ഇക്കുറി ഖത്തറില്‍ നിന്ന് തന്റെ സ്വപ്‌നമായ ലോകകപ്പ് കിരീടവുമായി വിടവാങ്ങാമെന്നായിരുന്നു കരുതിയത്.
എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കറുത്ത കുതിരകളായി മാറിയ മൊറോക്കോ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരെ അട്ടിമറിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഒരു തവണ മാത്രം സ്‌കോര്‍ ചെയ്യാനായ റൊണാള്‍ഡോയെ നോക്കൗട്ട് മത്സരങ്ങളില്‍ ടീം മനേജ്‌മെന്റ് പകരക്കാരന്റെ ബെഞ്ചില്‍ ഇരുത്തി. ഇതിഹാസ താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കാതെ പകരക്കാരനാക്കിയതിനെതിരെ ഫുട്‌ബോള്‍ ലോകത്ത് വലിയ പ്രതിഷേധങ്ങള്‍ അലയടിച്ചിരുന്നു. നവംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം റൊണാള്‍ഡോ ഇപ്പോള്‍ ഒരു ഫ്രീ ഏജന്റാണ്. താരം സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബിലേക്ക് റെക്കോഡ് തുകക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.


Click it and Unblock the Notifications








